‘ബലാത്സംഗം അനിവാര്യമാകുമ്പോൾ കിടന്നുറങ്ങി ആസ്വദിക്കണം’ ; പരാമർശത്തിൽ മാപ്പ് അറിയിച്ച് കോൺഗ്രസ് എംഎൽഎ
ബെലഗാവി: കർണാടക നിയമസഭയിൽ സ്പീക്കറുടെ നിലപാടിനെ ബലാത്സംഗവുമായി താരതമ്യം ചെയ്ത പരാമർശത്തിൽ കോൺഗ്രസ് എം എൽ എ കെ.ആർ.രമേശ് കുമാർ മാപ്പ് പറഞ്ഞു. ട്വിറ്ററിലൂടെ ആണ് ഇദ്ദേഹം മാപ്പ് അറിയിച്ചത്.
" ബലാത്സംഗം അനിവാര്യമാകുമ്പോൾ കിടന്ന് ഉറങ്ങി ആസ്വദിക്കണം' എന്നാണ് കെ ആർ രമേഷ് കുമാർ കർണാടക നിയമസഭയിൽ പരാമർശിച്ചത്.
കെ.ആർ.രമേശ് കുമാർ ട്വിറ്ററിൽ എഴുതിയത് ഇങ്ങനെ: -
" ബലാത്സംഗത്തെ കുറിച്ച് നിയമസഭയിൽ ഞാൻ നടത്തിയ പരാമർശം തികച്ചും ഉദാസീനവും അശ്രദ്ധവും ആണ്. ഈ അഭിപ്രായത്തിൽ എല്ലാവരോടും ആത്മാർത്ഥമായി ക്ഷമാപണം നടത്താൻ ഞാൻ ആഗ്രഹിക്കുന്നു. എന്റെ ഉദ്ദേശം ക്രൂരമായ കുറ്റ കൃത്യത്തെ നിസ്സാരമാക്കുക അല്ല, മറിച്ച് ഒരു ഓഫ് ദി കഫ് പരാമർശമാണ്! ഇനി മുതൽ ഞാൻ എന്റെ വാക്കുകൾ ശ്രദ്ധാപൂർവ്വം തിരഞ്ഞെടുക്കും!" - രമേശ് കുമാർ വ്യക്തമാക്കി.
'ബലാത്സംഗം അനിവാര്യമാകുമ്പോൾ കിടന്ന് ഉറങ്ങി ആസ്വദിക്കണം' എന്ന് കർണാടക നിയമസഭയിൽ കെ ആർ രമേഷ് കുമാർ എം എൽ എ നടത്തിയ പരാമർശം വളരെ വിവാദമായിരുന്നു. മുതിർന്ന കോൺഗ്രസ് നേതാവും മുൻ നിയമസഭാ സ്പീക്കറുമായ കെ ആർ രമേഷ് കുമാറാണ് പരാമർശം നടത്തിയത്.
അദ്ദേഹത്തിന്റെ പരാമർശം കഴിഞ്ഞ ദിവസം തന്നെ സ്വന്തം പാർട്ടിയിലെ സഹപ്രവർത്തകരിൽ നിന്ന് രോഷാകുലമായ പ്രതികരണങ്ങൾക്ക് വഴിയൊരുക്കി.
സംസ്ഥാനത്ത് തുടർച്ചയായി പെയ്യുന്ന മഴയും വെള്ളപ്പൊക്കവും മൂലം ഉണ്ടാകുന്ന നാശ നഷ്ടങ്ങളെക്കുറിച്ച് സംസാരിക്കാൻ നിയമസഭയിൽ എം എൽ എമാർ കൂടുതൽ സമയം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, നിയമസഭാ സ്പീക്കർ വിശ്വേശ്വര ഹെഗ്‌ഡെ കഗേരി അതിനെ എതിർത്തിരുന്നു.
ഓരോ അംഗത്തിനും സമയം നൽകിയാൽ എങ്ങനെ സഭ പ്രവർത്തിപ്പിക്കാനാകുമെന്ന് കാഗേരി ചോദിച്ചു. അപ്പോഴേക്കും തന്നെ നിയമസഭയിൽ 25 - ലധികം അംഗങ്ങൾ ഈ വിഷയത്തിൽ സംസാരിച്ചിരുന്നു. തുടർന്ന് പ്രകോപിതനായ നിയമസഭാ സ്പീക്കർ അംഗങ്ങളോട് സ്വന്തം നിലയിൽ തീരുമാനം എടുക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് രമേഷ് കുമാറിനെ നോക്കി നിയമസഭാ സ്പീക്കർ വിശ്വേശ്വര ഹെഗ്‌ഡെ കഗേരി നേരിയ ഭാവത്തിൽ പറഞ്ഞു, " സാഹചര്യം ആസ്വദിച്ച് 'അതെ, അതെ' എന്ന് പറയണം. സാഹചര്യം നിയന്ത്രിക്കാനും നടപടി ക്രമങ്ങൾ ചിട്ടയായ രീതിയിൽ നടത്താനുമുള്ള ശ്രമം ഞാൻ ഉപേക്ഷിക്കണം." കഗേരി പറഞ്ഞു.
വ്യാജ അക്കൗണ്ടുകള്‍ക്ക് പൂട്ട് വീഴും: ഡാറ്റാ സംരക്ഷണ ബില്ലിലെ ജെപിസി റിപ്പോർട്ട് പാർലമെന്റില്‍
എന്നാൽ, രമേഷ് കുമാർ ഇടപെട്ട് പറഞ്ഞു, "നോക്കൂ, ഒരു പഴഞ്ചൊല്ല് ഉണ്ട് - ബലാത്സംഗം അനിവാര്യം ആകുമ്പോൾ, കിടന്ന് ആസ്വദിക്കൂ. അതാണ് നിങ്ങൾ ഇരിക്കുന്ന സ്ഥാനം." - രമേഷ് വ്യക്തമാക്കി. അപകീർത്തികരമായ ഈ പരാമർശത്തെ എതിർക്കുന്നതിന് പകരം സ്പീക്കറും മറ്റ് അംഗങ്ങളും നിയമസഭയിൽ പൊട്ടിച്ചിരിക്കുന്നതാണ് കേട്ടത്.
കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ തന്നെ, ഖാനാപൂർ കോൺഗ്രസ് എം എൽ എ അഞ്ജലി നിംബാൽക്കർ രംഗത്ത് എത്തി. അവർ വിഷയത്തിൽ ട്വീറ്റ് ചെയ്തത് ഇങ്ങനെ :- " ഇത്തരം മ്ലേച്ഛവും നാണം കെട്ടതുമായ പെരുമാറ്റത്തിന് രാജ്യത്തെ മുഴുവൻ സ്ത്രീകളോടും, ഓരോ അമ്മയോടും സഹോദരിയോടും മകളോടും സഭ മാപ്പ് ചോദിക്കുന്നു."
അതേസമയം, കോൺഗ്രസ് ജനറൽ സെക്രട്ടറിയും മുതിർന്ന രാഷ്ട്രീയ നേതാവുമായ രൺദീപ് സുർജേവാല, കർണാടക നിയമസഭാ സ്പീക്കറും മുതിർന്ന കോൺഗ്രസ് എം എൽ എയും തമ്മിൽ സഭയിൽ വളരെ ആക്ഷേപകരവും വിവേക ശൂന്യവുമായ കളിയാക്കലിനെ പാർട്ടി അംഗീകരിക്കുന്നില്ലെന്ന് പറഞ്ഞു.