ഫലം വന്നപ്പോള്‍ ബിജെപി ഞെട്ടി: വോട്ട് വിഹിതത്തില്‍ കോണ്‍ഗ്രസിനേക്കാള്‍ ഏറെ പിന്നില്‍
ബെംഗളൂരു: നിയമസഭ കൗണ്‍സിലിലെ 25 സീറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം കഴിഞ്ഞ ദിവസം പുറത്ത് വന്നപ്പോള്‍ ബി ജെ പിക്ക് ഒപ്പം പിടിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിരുന്നു. അധികാരത്തിലിരിക്കുന്ന സംസ്ഥാനം എന്ന നിലയില്‍ 25 ല്‍ 15 ലേറെ സീറ്റുകളില്‍ വിജയം പ്രതീക്ഷിച്ച ബി ജെ പിയെ വലിയ തോതില്‍ നിരാശപ്പെടുത്തുന്നതായിരുന്നു തിരഞ്ഞെടുപ്പ് ഫലം. എന്നാല്‍ മറുവശത്ത് കോണ്‍ഗ്രസിനെ സംബന്ധിച്ചാകട്ടെ ഫലം വലിയ ആശ്വാസവും നല്‍കുന്നു.
ആറ് സീറ്റുകളില്‍ മത്സരിച്ച ജെ ഡി എസിനാവട്ടെ വിജയിക്കാന്‍ കഴിഞ്ഞത് കേവലം രണ്ട് സീറ്റിലും. അതേസമയം വോട്ട് വിഹിതം കണക്കിലെടുക്കുമ്പോള്‍ ബി ജെ പിയെ പിന്തള്ളി മുന്നിലെത്താന്‍ കഴിഞ്ഞു എന്നതാണ് കോണ്‍ഗ്രസിന്റെ പ്രകടനത്തില്‍ ശ്രദ്ധേയം.
നടി മീര മിഥുന് വീണ്ടും വിവാദത്തില്‍: 6 അസിസ്റ്റന്റുമാർക്കൊപ്പം മുങ്ങി, കോടികളുടെ നഷ്ടം

ആകെ പോൾ ചെയ്ത 98,774 വോട്ടുകളിൽ (99.7 ശതമാനം പോളിംഗ് രേഖപ്പെടുത്തി) കോൺഗ്രസിന് ലഭിച്ചത് 44,225 വോട്ടുകളാണ്. അതായത് പോള്‍ ചെയ്ത വോട്ടുകളുടെ 44.7 ശതമാനം വോട്ടും കോണ്‍ഗ്രസിന്റെ പെട്ടിയില്‍ വീണു. ബി ജെ പി സ്ഥാനാർത്ഥികള്‍ക്ക് ആകെ ലഭിച്ചത് 38,394 വോട്ടുകൾ, അതായത് ഏകദേശം 38.8 ശതമാനം.

ഒരു തിരഞ്ഞെടുപ്പില്‍ അധികാരത്തിലിരിക്കുന്ന ബി ജെ പിയെക്കാള്‍ 5.9 ശതമാനം വോട്ടുകൾ നേടിയാണ് കോൺഗ്രസിന് മുന്നിൽ നിൽക്കുന്നത്. 2023 ല്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കു ഒരു സംസ്ഥാന എന്ന നിലയില്‍ കോണ്‍ഗ്രസിന്റെ ഈ മൂന്നേറ്റത്തിന് വലിയ പ്രാധാന്യമുണ്ടെന്നാണ് രാഷ്ട്രീയ വിശകലന വിദഗ്ധർ വ്യക്തമാക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളാണ് നിയമസഭാ കൌണ്‍സില്‍ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നത്.

ഇരു പാർട്ടികളും മത്സരിച്ച 20 സീറ്റുകളിൽ ഒരു മണ്ഡലത്തിലെ ശരാശരി വോട്ടുകൾ കോൺഗ്രസിന് 2,212 ആണെങ്കിൽ ബി ജെ പിക്ക് അത് 1,919 വോട്ടുകളാണ്. തിരഞ്ഞെടുപ്പ് നടന്ന പല സീറ്റുകളിലും കോൺഗ്രസ് വൻ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ബെലഗാവി, ഹുബ്ബള്ളി, വിജയപുര എന്നിവിടങ്ങളിൽ പാർട്ടി സ്ഥാനാർഥികളായ ചന്നരാജ് ഹട്ടിഹോളി (3,718 വോട്ടുകൾ), സലീം അഹമ്മദ് (3,334), സുനിൽഗൗഡ പാട്ടീൽ (3,245) എന്നിവർ യഥാക്രമം വന്‍ ഭൂരിപക്ഷം നേടിയായിരുന്നു വിജയിച്ചത്.

തുമകുരുവിൽ പാർട്ടി സ്ഥാനാർഥി 1,085 വോട്ടുകൾക്കും മൈസൂരു-ചാമരാജനഗർ സീറ്റിൽ 946 വോട്ടുകൾക്കും വിജയിച്ചു. അതേസമയം, ചിക്കമംഗളൂരു ഉൾപ്പെടെ ബി ജെ പി വിജയിച്ച സീറ്റുകളിലാവട്ടെ ആറ് വോട്ടിന്റെ ഭൂരിപക്ഷം മാത്രമായിരുന്നു ലഭിച്ചത്. ദക്ഷിണ കന്നഡ-ഉഡുപ്പി ഇരട്ട അംഗ സീറ്റിൽ മത്സരിച്ച സാമൂഹ്യക്ഷേമ മന്ത്രി കോട്ട ശ്രീനിവാസ് പൂജാരിയാണ് (3,672) ബി ജെ പിക്ക് സ്ഥാനാർത്ഥികളില്‍ ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചത്.

മാണ്ഡ്യ പോലുള്ള പഴയ മൈസൂരു മേഖലയിലെ സ്ഥാനാർത്ഥികൾ മോശം പ്രകടനം കാഴ്ച വെച്ചതാണ് ബി ജെ പിയുടെ വോട്ട് വിഹിതം കുത്തനെ ഇടിയാന്‍ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇവിടെ മത്സരിച്ച ബി ജെ പി സ്ഥാനാർത്ഥികളായ ബുക്കനഹള്ളി മഞ്ജുവിന് കേവലം 50 വോട്ടും ഹാസനിൽ എച്ച്എം വിശ്വനാഥിന് 421 വോട്ടുമാണ് ലഭിച്ചത്. "നല്ല ഭൂരിപക്ഷത്തിൽ വിജയിക്കുകയും പല സീറ്റുകളിൽ നേരിയ വ്യത്യാസത്തിൽ തോൽക്കുകയും ചെയ്തതിനാൽ ഞങ്ങളുടെ വോട്ട് വിഹിതം ബി ജെ പിയേക്കാൾ വളരെ കൂടുതലാണ്," കെ പി സി സി വൈസ് പ്രസിഡന്റ് പ്രൊഫ. കെ.ഇ.രാധാകൃഷ്ണ അഭിപ്രായപ്പെട്ടു.

അതേസമയം കെ പി സി സി മാധ്യമ വിഭാഗം, സ്വന്തം കണക്കുകൂട്ടലുകളുടെ അടിസ്ഥാനത്തിൽ കോണ്‍ഗ്രസ് 48 ശതമാനം വോട്ട് നേടിയപ്പോൾ ബി ജെ പിക്ക് 41 ശതമാനം വോട്ടും ലഭിച്ചുവെന്നാണ് അവകാശപ്പെടുന്നത്. അതേസമയം ജെ ഡി എസ് മത്സരിച്ച സീറ്റുകളില്‍ നിന്നായി അവർക്ക് 43 ശതമാനം വോട്ട് കിട്ടി എന്നതും ശ്രദ്ധേയമാണ്. ഈ സീറ്റുകളില്‍ അവർ ഇപ്പോഴും ബി ജെ പിക്ക് പ്രധാന ബദലായി നില്‍ക്കുന്നുവെന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്.

അതേസമയം ബംഗളൂരു റൂറൽ ഉൾപ്പെടെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു, അവിടെ സ്ഥാനാർത്ഥി ബി സി നാരായണസ്വാമി കേവലം 54 വോട്ടുകൾ നേടി. ഓരോ മണ്ഡലത്തിലും ശരാശരി 1,791 വോട്ടുകൾ എന്ന നിലയിൽ 10,751 വോട്ടുകൾ നേടാനാണ് ജെ ഡി എസിന് സാധിച്ചത്. ബെലഗാവിയിൽ നിന്ന് 2,552 വോട്ടുകൾക്ക് വിജയിച്ച ലഖൻ ജാർഖിഹോളിയും ധാർവാഡിലെ മല്ലികാർജുന ഹവേരിയും (1,217 വോട്ടുകൾ) ഒഴികെയുള്ള മറ്റ് സ്വതന്ത്രരില്‍ ആർക്കും സ്വാധീനം ചെലുത്താന്‍ സാധിച്ചിരുന്നില്ല.

തദ്ദേശഭരണ ക്വോട്ടയിൽ ബി ജെ പി-6, കോൺഗ്രസ്-14, ദൾ-4, സ്വതന്ത്രൻ-1 എന്നിങ്ങനെ എംഎൽസിമാർ വിരമിച്ച ഒഴിവിലായിരുന്നു തിരഞ്ഞെടുപ്പ്. 75 അംഗ കൗൺസിലിൽ കേവലഭൂരിപക്ഷം ഉറപ്പിക്കാൻ ബി ജെ പിക്ക് ഒരു സീറ്റ് കുറവുണ്ട്. ബി ജെ പിയുടെ ആകെ അംഗബലം 32ൽ നിന്ന് 37 ആയി ഉയർന്നിട്ടുണ്ട്. അതേസമയം കോൺഗ്രസ് 29ൽ നിന്ന് 26ആയും ദൾ 12ൽ നിന്ന് 10 ആയും കുറഞ്ഞിട്ടുണ്ട്.

കോണ്‍ഗ്രസിനെ സംബന്ധിച്ച് 3 സീറ്റ് കുറഞ്ഞെങ്കിലും തിരഞ്ഞെടുപ്പിലെ പ്രകടനം മികച്ചതാണെന്ന് തന്നെ പാർട്ടി വിലയിരുത്തുന്നു. മികച്ച പ്രകടനത്തിൽ പാർട്ടി നേതൃത്വവും ആവേശത്തിലാണ്. "കർണ്ണാടകയിലെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു" എന്ന് അവകാശപ്പെടുന്ന അവർ 2023 ലെ നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ഒരു ചൂണ്ടുപലകയാണ് ഇതെന്നും അഭിപ്രായപ്പെടുന്നു.