'രണ്ട് പേരും കര്‍ണാടകയുടെ സ്വത്ത്, ഡികെയെയും സിദ്ധരാമയ്യയെയും പരിഗണിക്കും': കെസി വേണുഗോപാല്‍
ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് ഉജ്വല വിജയം നേടിയതിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്ത് ആരെ പരിഗണിക്കുമെന്ന കാര്യത്തില്‍ വ്യക്തത വരുത്തി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ രംഗത്ത്. മുഖ്യമന്ത്രിയെ തീരുമാനിക്കുമ്പോള്‍ ഡി കെ ശിവകുമാറിനെയും സിദ്ധരാമയ്യയെയും പരിഗണിക്കുമെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. രണ്ട് പേരും കര്‍ണാടകയുടെ സ്വത്താണെന്നും മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിന് കോണ്‍ഗ്രസിന് ഒരു ശൈലിയുണ്ട്. ആ രീതിയില്‍ തീരുമാനം വരുമെന്നും കെ സി വേണുഗോപാല്‍ വ്യക്തമാക്കി.
കര്‍ണാടകയില്‍ കോണ്‍ഗ്രസിനെ സംബന്ധിച്ച് അനുവാര്യമായ വിജയമായിരുന്നു അത്. കോണ്‍ഗ്രസിന് മാത്രമല്ല, രാജ്യത്തിന് തന്നെ അനിവാര്യമായിരുന്നു. വര്‍ത്തമാനകാല ഭാരതം പോയിക്കൊണ്ടിരിക്കുന്നത് വളരെയധികം സങ്കടകരമായ അവസ്ഥയിലൂടെയാണ് താന്‍ കഴിഞ്ഞ ഒരു മാസമായി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കര്‍ണാടകയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നിക്ഷ്പക്ഷമായും നീതിപൂര്‍വമായും തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധിക്കുന്നുണ്ടോ. എല്ലാ കേന്ദ്ര ഏജന്‍സികളെയും ദുരുപയോഗപ്പെടുത്തുന്ന കേന്ദ്ര സര്‍ക്കാരാണ് നമുക്കുള്ളത്. തിരഞ്ഞെടുപ്പ് കമ്മിഷനെ പോലും കേന്ദ്ര സര്‍ക്കാര്‍ വെറുതെവിട്ടിട്ടില്ല. കോണ്‍ഗ്രസിനെതിരെ തീവ്രവാദ ബന്ധം ആരോപിച്ചാണ് പ്രധാനമന്ത്രി പ്രസംഗിച്ചത്. ഇനിയെല്ലാം അതിജീവിക്കേണ്ട സാഹചര്യമാണുള്ളത്.
കഴിഞ്ഞ ഒരു വര്‍ഷക്കാലമായി ഏകോപനത്തിലൂടെയും കൃത്യമായ പ്രചാരണത്തിലൂടെയും വ്യക്തമായ നറേറ്റീവ് നിശ്ചയിച്ച് അതില്‍ അടിയുറച്ച് നിന്ന് പതറാത പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് കര്‍ണാടകയില്‍ സംഭവിച്ചത്. സര്‍ക്കാരിന്റെ അഴിമതി ജനങ്ങളിലേക്ക് എത്തിച്ചു. ജനങ്ങളുടെ ആശയങ്ങളും പ്രശ്‌നങ്ങളും മനസിലാക്കി. ഇതിനായി അഞ്ച് സര്‍വ്വേകള്‍ നടത്തി. ഈ സര്‍വ്വേകള്‍ അനുസരിച്ച് പ്രകടന പത്രികയില്‍ മാറ്റം വരുത്തി ഇവയൊക്കെ കൃത്യമായി ചെയ്താണ് വിജയ വഴി തെളിയിച്ചതെന്നും കെ സി വേണുഗോപാല്‍ വ്യക്തമാക്കി.
സി പി എമ്മിനെതിരെയും രൂക്ഷവിമര്‍ശനവുമായി കെ സി വേണുഗോപാല്‍ രംഗത്തെത്തി. കോണ്‍ഗ്രസിനെ തല്ലുന്ന രീതി സി പി എം ഉപേക്ഷിക്കണം. കോണ്‍ഗ്രസിനെ തല്ലുമ്പോള്‍ പ്രയോജനം ബി ജെ പിക്കാണെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെയും അദ്ദേഹം പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.
പണാധിപത്യവും അധികാര ഗര്‍വ്വും ഉപയോഗിച്ചു ജനാധിപത്യത്തെ അട്ടിമറിച്ച് അധികാരം പിടിച്ചെടുക്കാന്‍ കഴിയുമെന്നു അഹങ്കരിച്ച സംഘപരിവാര്‍ ഏകാധിപതികളുടെ മുഖത്ത് ഏറ്റ കനത്ത പ്രഹരമാണ് കര്‍ണാടക തിരഞ്ഞെടുപ്പ് ഫലമെന്നാണ് അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞത്. ബി ജെ പിയുടെ മോദിബ്രാന്‍ഡെന്നത് വെറും ഊതിപ്പെരുപ്പിച്ച നീര്‍ക്കുമിളയാണെന്ന് ജനം വിധിയെഴുതി.മോദി തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങിയ സ്ഥലങ്ങളിലെല്ലാം ബിജെപി ദയനീയമായി പരാജയപ്പെട്ടു.
ജനാധിപത്യ മതേതരവിശ്വാസികളുടെ ആശയും പ്രതീക്ഷയുമാണ് കോണ്‍ഗ്രസ്.ആസന്നമായ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ദേശീയതലത്തിലുണ്ടാകാന്‍ പോകുന്ന മാറ്റത്തിന്റെ ചവിട്ടുപടി കൂടിയാണ് കര്‍ണാടകയിലെ ജനവിധി. അഴിമതിയും കെടുകാര്യസ്ഥതയും കൊടികുത്തിവാണ ഭരണമായിരുന്നു ബിജെപിയുടെയേത്. അതിനെതിരായ ജനങ്ങളുടെ ശക്തമായ പ്രതിഷേധമാണ് തിരഞ്ഞെടുപ്പില്‍ പ്രകടമായത്.
കര്‍ണാടക തിരഞ്ഞെടുപ്പില്‍ അലയടിച്ചത് രാഹുല്‍ ഗാന്ധി തരംഗമാണ്. ബിജെപിയുടെ വെറുപ്പിന്റെ രാഷ്ട്രീയത്തെ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും നീട്ടിയ സ്‌നേഹത്തിന്റെ രാഷ്ട്രീയം കൊണ്ട് നേരിടാമെന്ന ആത്മധൈര്യമാണ് കന്നട ജനത കാട്ടിതന്നത്. 'ഭാരത് ജോഡോ യാത്ര'കടന്നുപോയ എല്ലാ മണ്ഡലങ്ങളിലും കോണ്‍ഗ്രസ് വന്‍ വിജയം നേടി. സത്യം വിളിച്ചുപറഞ്ഞതിന്റെ പേരില്‍ എം.പി സ്ഥാനത്തുനിന്നും രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ ഫാസിസ്റ്റ് നടപടിക്ക് കന്നട ജനത ബാലറ്റിലൂടെ പ്രതികാരം തീര്‍ത്തു.
ഭാരത് ജോഡോ യാത്ര പകര്‍ന്നു നല്‍കിയ ഊര്‍ജവും ആവേശവും ഐക്യവും രാജ്യത്തു കോണ്‍ഗ്രസിന്റെ ശക്തമായ തിരിച്ചുവരവിനു വഴിയൊരുക്കുമെന്നതില്‍ സംശയമില്ല. കോണ്‍ഗ്രസ് മുക്തഭാരതം സ്വപ്നം കാണുന്ന ബിജെപിയെ തെക്കേ ഇന്ത്യയില്‍ നിന്നും തുടച്ച് മാറ്റിയത് പോലെ കേന്ദ്ര അധികാരത്തില്‍ നിന്നും കോണ്‍ഗ്രസ് ചവിട്ടിപുറത്താക്കുമെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.












Click it and Unblock the Notifications