കര്‍ണാടക തിരഞ്ഞെടുപ്പ്: അഴിമതി തൊട്ട് ബജ്‌രംഗ്ദള്‍ വരെ.. പ്രചരണത്തില്‍ നേട്ടം ആര്‍ക്ക്?
ബെംഗളൂരു: പരസ്യ പ്രചരണങ്ങള്‍ക്കും ഇന്നത്തെ നിശബ്ദ പ്രചരണങ്ങള്‍ക്കും ഒടുവില്‍ നാളെ കര്‍ണാടകം വിധിയെഴുതാന്‍ പോവുകയാണ്. ബി ജെ പിയും കോണ്‍ഗ്രസും തമ്മിലാണ് പ്രധാന മത്സരമെങ്കിലും ഈ തിരഞ്ഞെടുപ്പിലും ജെ ഡി എസും നിര്‍ണായക ശക്തിയാകാന്‍ മത്സര രംഗത്ത് സജീവമാണ്. നാളെ (ബുധന്‍) നടക്കുന്ന വോട്ടെടുപ്പിന്റെ ഫലം മേയ് 13 ന് ആണ് പ്രഖ്യാപിക്കുന്നത്.
മൂന്ന് കക്ഷികളും വാശിയേറിയ പ്രചരണം നടത്തിയ ഈ തിരഞ്ഞെടുപ്പില്‍ നിരവധി വിഷയങ്ങളാണ് ചര്‍ച്ചയായത്. ബി ജെ പി പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരെ മുന്‍നിര്‍ത്തിയാണ് പ്രചരണം നയിച്ചത്. മറുവശത്ത് കോണ്‍ഗ്രസ് രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരെയാണ് അണിനിരത്തിയത്. ജെഡിഎസാകട്ടെ ദേവഗൗഡ, കുമാരസ്വാമി എന്നിവരിലൂന്നിയായിരുന്നു പ്രചരണം നയിച്ചത്.

പ്രചരണത്തില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള പ്രധാന തര്‍ക്കം അഴിമതിയെച്ചൊല്ലിയായിരുന്നു. 40 ശതമാനം കമ്മീഷന്‍ സര്‍ക്കാര്‍ എന്ന ലേബല്‍ ഒരു വര്‍ഷത്തിലേറെയായി പേറുന്ന ബസവരാജ് ബൊമ്മൈ സര്‍ക്കാരിനെ അഴിമതി ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് കടന്നാക്രമിച്ചു. പലപ്പോഴും ഇതിന് ബി ജെ പിക്ക് മറുപടിയുണ്ടായിരുന്നില്ല. എന്നാല്‍ മോദി പ്രചരണത്തിനെത്തിയതോടെ ബിജെപി അതേ നാണയത്തില്‍ തിരിച്ചടിച്ചു.
മുന്‍കാലങ്ങളില്‍ കോണ്‍ഗ്രസിന്റെ സര്‍ക്കാരുകള്‍ 85 ശതമാനം കമ്മീഷന്‍ കൈപ്പറ്റിയിരുന്നതായി മോദി ആരോപിച്ചു. 1985-ല്‍ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ കേന്ദ്രം ചെലവഴിക്കുന്ന ഓരോ രൂപയിലും 15 പൈസ മാത്രമാണ് ഗുണഭോക്താക്കളില്‍ എത്തുന്നത് എന്ന പരാമര്‍ശം ഏറ്റെടുത്ത് കൊണ്ടായിരുന്നു നരേന്ദ്ര മോദിയുടെ തിരിച്ചടി. ഇത് വൈകാതെ ബി ജെ പി സൈബര്‍ സെല്ലും ഏറ്റെടുത്തു.
പതിവ് പോലെ മോഹനവാഗ്ദാനങ്ങള്‍ക്ക് ഈ തിരഞ്ഞെടുപ്പിലും പഞ്ഞമില്ലായിരുന്നു. കോണ്‍ഗ്രസ്, സിദ്ധരാമയ്യയും ഡികെയും ഒപ്പിട്ട ഗാരന്റി കാര്‍ഡുകള്‍ വീടുകളില്‍ വിതരണം ചെയ്തു. പരസ്യ പ്രചാരണം അവസാനിക്കുന്നതിന് ഒരു ദിവസം മുമ്പ്, അധികാരത്തില്‍ വരുന്ന ആദ്യ മന്ത്രിസഭാ യോഗത്തില്‍ ഈ പദ്ധതികള്‍ എങ്ങനെ നടപ്പാക്കുമെന്ന് ഇരു നേതാക്കളും ചര്‍ച്ച ചെയ്യുന്നതിന്റെ പ്രമോഷന്‍ വീഡിയോയും കോണ്‍ഗ്രസ് പുറത്തുവിട്ടു.
സ്ത്രീകള്‍ക്ക് പ്രതിമാസ അലവന്‍സുകള്‍, തൊഴിലില്ലാത്ത ബിരുദധാരികള്‍ക്ക് സ്‌റ്റൈപ്പന്‍ഡുകള്‍, സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര, സൗജന്യ റേഷന്‍, വൈദ്യുതി എന്നിവയായിരുന്നു ഇത്. ബിജെപിയും സമാനമായ വാഗ്ദാനങ്ങള്‍ ആണ് വോട്ടര്‍മാര്‍ക്ക് മുന്നില്‍ നിരത്തിയത്. അതോടൊപ്പം കോണ്‍ഗ്രസ് സമാനമായ വാഗ്ദാനങ്ങള്‍ നല്‍കിയ മറ്റ് സംസ്ഥാനങ്ങളിലെ അവസ്ഥ കൂടി പറഞ്ഞ് ബിജെപി തിരിച്ചടിക്കുകയും ചെയ്തു.
ജെഡിഎസ് എല്ലാവര്‍ക്കും വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, യുവാക്കള്‍ക്ക് തൊഴില്‍, ഭവനരഹിതര്‍ക്ക് പാര്‍പ്പിടം എന്നീ പഞ്ചരത്‌ന പ്രമേയത്തില്‍ ആണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. കോണ്‍ഗ്രസും ബിജെപിയും 40 ശതമാനത്തിന്റേയും 85 ശതമാനത്തിന്റേയും കമ്മീഷനുകളെ കുറിച്ച് പറയുമ്പോള്‍ ജനജീവിതം മെച്ചപ്പെടുത്താനുള്ള പരിപാടികളെക്കുറിച്ച് സംസാരിക്കുന്നത് തന്റെ പാര്‍ട്ടി മാത്രമാണെന്ന് കുമാരസ്വാമി ജെഡിഎസ് റാലികളില്‍ പ്രസംഗിച്ചു.
അതേസമയം കര്‍ണാടകയിലെ കഴിഞ്ഞ നാല് തെരഞ്ഞെടുപ്പുകളില്‍ മൂന്നെണ്ണവും തൂക്കുസഭയില്‍ കലാശിച്ചതിനാല്‍ തന്നെ ബിജെപിയും കോണ്‍ഗ്രസും ഒറ്റക്ക് ഭൂരിപക്ഷം വേണം എന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള പ്രചരണവും ഇത്തവണ നടത്തി. തൂക്കുസഭ വീണ്ടും വന്നാല്‍ ജെഡിഎസ് കറുത്ത കുതിരകളാകും എന്നുറപ്പാണ്. എന്നാല്‍ മുന്‍കാല അനുഭവം വെച്ച് ഇനി സഖ്യസര്‍ക്കാര്‍ വേണ്ട എന്ന നിലപാടിലാണ് ബിജെപിയും കോണ്‍ഗ്രസും.
Vastu Tips: സമ്പത്തെല്ലാം ചോര്‍ന്ന് പോകുന്നോ..? ചെമ്പരത്തിയിലുണ്ട് പരിഹാരം
പ്രചാരണത്തിന്റെ അവസാന ലാപ്പിലാണ് ബജ്രംഗ്ദള്‍ തിരഞ്ഞെടുപ്പ് വിഷയമായി ഉയര്‍ന്ന് വരുന്നത്. സമുദായങ്ങള്‍ക്കിടയില്‍ വിദ്വേഷം പരത്തുന്ന ബജ്രംഗ്ദള്‍, പോപ്പുലര്‍ ഫ്രണ്ട് പോലുള്ള സംഘടനകളെ നിരോധിക്കുമെന്ന കോണ്‍ഗ്രസിന്റെ പ്രകടന പത്രികയാണ് ഇതിന് ആധാരമായത്. ഇതിനെതിരെ രംഗത്ത് വന്ന ബി ജെ പി പോപ്പുലര്‍ ഫ്രണ്ടിനേയും ബജ്രംഗ്ദളിനേയും ഒരേ കണ്ണിലൂടെ നോക്കുന്നതിന് കാരണം കോണ്‍ഗ്രസ് ഹിന്ദു വിരുദ്ധ പാര്‍ട്ടിയാണ് എന്നതിനാലാണെന്ന് ആരോപിച്ചു.
പ്രധാനമന്ത്രി 'ബജ്റംഗ് ബാലി കി ജയ്' എന്ന് പ്രസംഗം ആരംഭിച്ച് വിഷയം കൂടുതല്‍ സജീവമാക്കി. അപകടം മണത്ത കോണ്‍ഗ്രസ് സ്വന്തം ഭാഗം വിശദീകരിച്ച് രംഗത്തെത്തി. തന്റെ മണ്ഡലത്തില്‍ 85 ഹനുമാന്‍ ക്ഷേത്രങ്ങള്‍ താന്‍ നിര്‍മിച്ച് നല്‍കിയിട്ടുണ്ട് എന്ന് പറഞ്ഞ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ബിജെപി ആക്രമണത്തിന് പ്രതിരോധ കവചം തീര്‍ക്കാന്‍ ശ്രമിച്ചു.












Click it and Unblock the Notifications