വരുണയെങ്കില്‍ മകന്റെ സീറ്റ് തെറിക്കും, പോയില്ലെങ്കില്‍ സ്വന്തം കാര്യം കട്ടപ്പൊക; സിദ്ധരാമയ്യ ധര്‍മസങ്കടത്തില്‍

ബെംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് പുറത്ത് വിടാനൊരുങ്ങുകയാണ്. 125 സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് കോണ്‍ഗ്രസ് ആദ്യം പുറത്ത് വിടാന്‍ പോകുന്നത്. എന്നാല്‍ സിദ്ധരാമയ്യയുടെ മണ്ഡലം ഏതായിരിക്കും എന്നത് സംബന്ധിച്ച് അനിശ്ചിതത്വം നിലനില്‍ക്കുന്നതിനാല്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകിപ്പിച്ചേക്കുമെന്ന ആശങ്കയുണ്ട്.
കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ മുഖവുമായ സിദ്ധരാമയ്യ ഏത് മണ്ഡലത്തില്‍ മത്സരിക്കണം എന്ന കാര്യത്തില്‍ തീരുമാനിക്കാന്‍ പാടുപെടുകയാണ്. ബെംഗളൂരുവില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെയുള്ള കോലാറില്‍ നിന്ന് മത്സരിക്കാന്‍ ആയിരുന്നു സിദ്ധരാമയ്യയുടെ തീരുമാനം. എന്നാല്‍ കോലാര്‍ സുരക്ഷിതമല്ല എന്നാണ് രാഹുല്‍ ഗാന്ധി നിയോഗിച്ച തെരഞ്ഞെടുപ്പ് വിദഗ്ധര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം.

കോലാര്‍ വേണ്ടെന്ന് രാഹുല്‍
അതിനാല്‍ തന്നെ രാഹുല്‍ ഗാന്ധി സിദ്ധരാമയ്യയോട് കോലാറില്‍ നിന്ന് മാറി വരുണയില്‍ മത്സരിക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു. 'മൈന്‍ഡ്ഷെയര്‍ അനലിറ്റിക്സ്' എന്ന തെരഞ്ഞെടുപ്പ് കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിന്റെ തലവനായ സുനില്‍ കനുഗോലു ആണ് കോലാറിലെ സ്ഥിതിഗതികള്‍ രാഹുല്‍ ഗാന്ധിയെ ധരിപ്പിച്ചത്. കോലാര്‍ സിദ്ധരാമയ്യയ്ക്ക് കടുപ്പമേറിയതായിരിക്കും എന്നാണ് വിവിധ കാരണങ്ങള്‍ നിരത്തി ടീം, രാഹുലിനെ അറിയിച്ചത്.

കാരണം ഇത്
കോലാര്‍ നഗരത്തില്‍ സിദ്ധരാമയ്യ ജനപ്രിയനാണെങ്കിലും ഗ്രാമങ്ങളില്‍ ജെ ഡി എസിനും ബി ജെ പിയ്ക്കും ശക്തമായ സ്വാധീനമുണ്ട്. 2013 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജി പരമേശ്വരന്റെ തോല്‍വിയിലും 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കെ എച്ച് മുനിയപ്പയുടെ തോല്‍വിയിലും സിദ്ധരാമയ്യയ്ക്ക് പങ്കുണ്ട് എന്ന ആരോപണമുള്ളതിനാല്‍ പട്ടികജാതി-പട്ടികവര്‍ഗക്കാരില്‍ വലിയൊരു വിഭാഗം അദ്ദേഹത്തിനെതിരാണ് എന്നാണ് റിപ്പോര്‍ട്ട്.

സ്വന്തം മണ്ഡലമില്ല
1983-ല്‍ ആദ്യമായി നിയമസഭയിലെത്തിയ സിദ്ധരാമയ്യ നാല് പതിറ്റാണ്ടായി സംസ്ഥാന രാഷ്ട്രീയത്തില്‍ എം എല്‍ എ സ്ഥാനം വഹിക്കുന്നുണ്ട്. എന്നാല്‍ ഇത്രയും കാലത്തിനിടക്ക് അദ്ദേഹം വളര്‍ത്തിയെടുത്തതും തന്റേതെന്ന് വിളിക്കാവുന്നതുമായ ഒരു സ്ഥിര മണ്ഡലമില്ല. എന്നതാണ് പ്രതിസന്ധി. കേരളത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പതിറ്റാണ്ടുകളായി പുതുപ്പള്ളി മണ്ഡലത്തില്‍ നിന്നാണ് മത്സരിച്ച് ജയിക്കുന്നത്.
Mirror Cleaning Tips: കണ്ണാടി എങ്ങനെ വൃത്തിയാക്കാം...? അറിയേണ്ടതെല്ലാം

ഉമ്മന്‍ചാണ്ടിയെ പോലെയല്ല
ഈ മണ്ഡലത്തില്‍ നിന്ന് തന്നെയാണ് ജയിച്ച് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായതും. ഏത് പ്രതിസന്ധി ഘട്ടങ്ങളിലും പുതുപ്പള്ളി ഉമ്മന്‍ചാണ്ടിക്കൊപ്പം നിന്നിരുന്നു. എന്നാല്‍ സിദ്ധരാമയ്യയെ സംബന്ധിച്ചിടത്തോളം ഇത്തരമൊരു മണ്ഡലം അവകാശപ്പെടാനില്ല. മൈസൂരിലെ വരുണയില്‍ നിന്നാണ് 2013 ല്‍ അദ്ദേഹം വിജയിച്ച് മുഖ്യമന്ത്രിയായത്. എന്നാല്‍ 2018-ലെ തെരഞ്ഞെടുപ്പില്‍ ആ സീറ്റ് മകന്‍ ഡോ. യതീന്ദ്രയ്ക്ക് വിട്ടുകൊടുക്കുകയായിരുന്നു.

കഷ്ടിച്ച് രക്ഷപ്പെട്ടു
എന്നിട്ട് ചാമുണ്ഡേശ്വരി, ബദാമി എന്നീ രണ്ട് മണ്ഡലങ്ങളില്‍ സിദ്ധരാമയ്യ മത്സരിച്ചു. ഇതില്‍ ചാമുണ്ഡേശ്വരിയില്‍ ജെ ഡി എസിനോട് 36000 വോട്ടുകള്‍ക്ക് പരാജയപ്പെട്ട സിദ്ധരാമയ്യ ബദാമിയില്‍ നിന്ന് വെറും 2000 ത്തില്‍ താഴെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ ജയിച്ചതിന് ശേഷം ബദാമിയിലേക്ക് സിദ്ധരാമയ്യ തിരിഞ്ഞ് നോക്കിയിട്ടില്ല എന്നാണ് മണ്ഡലത്തിലെ ജനങ്ങള്‍ പറയുന്നത്.

മണ്ഡലത്തിലേക്ക് തിരിഞ്ഞ് നോക്കിയില്ല
കുടിവെള്ള പദ്ധതി എന്ന തങ്ങളുടെ അടിസ്ഥാന ആവശ്യം പോലും നിറവേറ്റുന്നതില്‍ സിദ്ധരാമയ്യ പരാജയപ്പെട്ടു എന്നാണ് നാട്ടുകാരും പറയുന്നത്. അതിനാലാണ് കോലാറിലേക്ക് ചേക്കേറാന്‍ സിദ്ധരാമയ്യ തീരുമാനിച്ചത്. എന്നാല്‍ ഇതിന് പകരം വരുണ തെരഞ്ഞെടുക്കാനാണ് രാഹുലിന്റെ നിര്‍ദേശം. അതേസമയം താന്‍ വരുണയിലേക്ക് എത്തിയാല്‍ മകന്‍ യതീന്ദ്രയുടെ രാഷ്ട്രീയ ജീവിതത്തെ അപകടത്തിലാക്കും എന്ന തിരിച്ചറിവും സിദ്ധരാമയ്യയ്ക്ക് ഉണ്ട്.

മകന്‍ തെറിക്കും
2018 ല്‍ 58,000 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യതീന്ദ്ര വിജയിച്ചത്. മകന്റെ രാഷ്ട്രീയ ജീവിതം അസ്ഥാനത്താക്കി സുരക്ഷിത മണ്ഡലം തേടില്ല എന്നാണ് സിദ്ധരാമയ്യ ഭാര്യ പരതിയോട് പറഞ്ഞിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. അതിനാല്‍ സിദ്ധരാമയ്യയുടെ തീരുമാനം അറിയാനുള്ള ആകാംക്ഷയിലാണ് കോണ്‍ഗ്രസ് നേതാക്കളും ജനങ്ങളും.












Click it and Unblock the Notifications