കോണ്‍ഗ്രസിന് പ്രതീക്ഷയേറി; എസ്ഡിപിഐയും ഉവൈസിയും എണ്ണം കുറച്ചു... കാരണം ഇതാണ്
ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പ്രതീക്ഷയേറി. എസ്ഡിപിഐയും അസദുദ്ദീന്‍ ഉവൈസി എംപിയുടെ മജ്‌ലിസ് പാര്‍ട്ടിയും മല്‍സരിക്കുന്ന സീറ്റുകളുടെ എണ്ണം കുറച്ചു. ഇതോടെ മുസ്ലിം വോട്ടുകള്‍ തങ്ങള്‍ക്ക് കിട്ടുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. ബിജെപി ഒടുവില്‍ നടത്തിയ നീക്കമാണ് ഇതിന് കാരണം.
100 സീറ്റില്‍ മല്‍സരിക്കുമെന്നാണ് എസ്ഡിപിഐ നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ 16 സീറ്റിലാണ് അവര്‍ മല്‍സരിക്കുന്നത്. എസ്ഡിപിഐക്ക് സ്വാധീനമുള്ള മേഖലയില്‍ മാത്രം മല്‍സരിച്ചാല്‍ മതിയെന്നാണ് പാര്‍ട്ടിയുടെ തീരുമാനം. കൂടുതല്‍ മണ്ഡലങ്ങളില്‍ മല്‍സരിക്കുന്നത് സാമ്പത്തിക ചെലവ് വര്‍ധിപ്പിക്കുമെന്നും പ്രചാരണത്തില്‍ കേന്ദ്രീകരണം ലഭിക്കില്ലെന്നും നേതാക്കള്‍ സൂചിപ്പിക്കുന്നു.

60 സീറ്റില്‍ മല്‍സരിക്കുമെന്നാണ് നേരെ മജ്‌ലിസ് പാര്‍ട്ടി പ്രഖ്യാപിച്ചിരുന്നത്. ജെഡിഎസുമായി സഖ്യ നീക്കം അവര്‍ നടത്തിയിരുന്നു. എന്നാല്‍ മജ്‌ലിസ് പാര്‍ട്ടിയുമായി സഖ്യം വേണ്ട എന്ന് ജെഡിഎസ് പിന്നീട് തീരുമാനിച്ചു. ചില മണ്ഡലങ്ങളില്‍ സിപിഎമ്മുമായി ധാരണയുണ്ടാക്കിയിട്ടുണ്ട്. നിലവില്‍ രണ്ട് സീറ്റില്‍ മാത്രമാണ് മജ്‌ലിസ് പാര്‍ട്ടി മല്‍സരിക്കുന്നത്.
കര്‍ണാടകയിലെ വോട്ടര്‍മാരില്‍ 13 ശതമാനം മുസ്ലിങ്ങളാണ്. എസ്ഡിപിഐയും മജ്‌ലിസ് പാര്‍ട്ടിയും മല്‍സരിച്ചാല്‍ ഈ വോട്ടുകള്‍ ചിതറുമെന്ന തോന്നലുണ്ടാക്കിയിരുന്നു. എന്നാല്‍ ദക്ഷിണ കന്നഡ, മൈസൂര്‍, ബെംഗളൂരു എന്നീ മേഖലകളില്‍ മാത്രമായി മല്‍സരം ഒതുക്കാന്‍ എസ്ഡിപിഐ തീരുമാനിച്ചു. മജ്‌ലിസ് പാര്‍ട്ടി തനിച്ചായതിനാല്‍ പ്രാതിനിധ്യം അറിയിക്കാന്‍ വേണ്ടി മാത്രമാണ് മല്‍സരിക്കുന്നത്.
ഹിജാബ് വിവാദം എസ്ഡിപിഐക്ക് നേട്ടമുണ്ടാക്കുമെന്നായിരുന്നു പ്രചാരണം. ഹിജാബുമായി ബന്ധപ്പെട്ട സമരങ്ങളില്‍ എസ്ഡിപിഐ സാന്നിധ്യം ശക്തമായിരുന്നു. എന്നാല്‍ മുസ്ലിം സംവരണം റദ്ദാക്കിയ ബിജെപി സര്‍ക്കാരിന്റെ നടപടിയാണ് മുസ്ലിം വോട്ടര്‍മാരെ മാറ്റി ചിന്തിപ്പിച്ചത്. ബിജെപി ജയിക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ മല്‍സരിക്കില്ലെന്ന് തീരുമാനിച്ച എസ്ഡിപിഐ, ഇവിടെയുള്ള വോട്ടുകള്‍ സാധ്യതയുള്ള രണ്ടാം കക്ഷിക്ക് നല്‍കുമെന്നാണ് വിവരം.
അധികാരത്തിലെത്തിയാല്‍ മുസ്ലിം സംവരണം വീണ്ടും നടപ്പാക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരുന്ന വേളയില്‍ നടപ്പാക്കിയ മുസ്ലിം സംവരണമാണ് ബിജെപി സര്‍ക്കാര്‍ റദ്ദാക്കിയത്. മുസ്ലിം സമുദായത്തിനിടയില്‍ വലിയ അതൃപ്തി ഇക്കാര്യത്തിലുണ്ട്. ഈ വേളയിലാണ് കോണ്‍ഗ്രസ് വീണ്ടും നടപ്പാക്കുമെന്ന പ്രഖ്യാപനം നടത്തിയത്. ഇത് മുസ്ലിങ്ങള്‍ക്കിടയില്‍ കോണ്‍ഗ്രസ് അനുകൂല തരംഗമുണ്ടാക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
2018ലെ തിരഞ്ഞെടുപ്പില്‍ 28 സീറ്റില്‍ മല്‍സരിച്ച എഎപി ഇത്തവണ 213 സീറ്റില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്. നഗരമേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാണ് എഎപിയുടെ പ്രവര്‍ത്തനം. ബിഎസ്പി നേരത്തെ 18 സീറ്റില്‍ മല്‍സരിച്ചിരുന്നു. ഇത്തവണ 137 സീറ്റില്‍ മല്‍സരിക്കുന്നുണ്ട്. സിപിഐ ഏഴിടത്തും സിപിഎം നാലിടത്തും മല്‍സരിക്കുന്നുണ്ട്.
എസ്ഡിപിഐ, മജ്‌ലിസ് പാര്‍ട്ടി, എഎപി, സിപിഎം, സിപിഐ എന്നീ കക്ഷികള്‍ മല്‍സരിക്കുന്നത് കോണ്‍ഗ്രസിനെ ആശങ്കപ്പെടുത്തിയിരുന്നു. കോണ്‍ഗ്രസിന് ലഭിക്കേണ്ട വോട്ടുകളാണ് ഈ പാര്‍ട്ടികള്‍ പിടിക്കുക. ഇതോടെയാണ് കോണ്‍ഗ്രസ് ചില പാര്‍ട്ടികളുമായി നീക്കുപോക്കുകള്‍ നടത്തിയത്. അതേസമയം, ബിജെപിക്ക് ആശങ്ക സൃഷ്ടിക്കുന്ന ഘടകങ്ങളുമുണ്ട്. ബെല്ലാരിയിലെ റെഡ്ഡിയുടെ പാര്‍ട്ടിയാണ് ബിജെപിക്ക് കുരുക്ക്. എന്നാല്‍ ലിംഗായത്ത് മുഖ്യമന്ത്രി എന്ന പ്രചാരണം കൊഴുപ്പിച്ച് പ്രതിസന്ധി മറികടക്കാനാണ് ബിജെപി ശ്രമം.












Click it and Unblock the Notifications