ലക്ഷ്യം മോദി മാതൃക: മുഖ്യമന്ത്രി കസേരയില്‍ സർപ്രൈസ് എന്‍ട്രിയാവുമോ സന്തോഷ്: വെട്ടിനിരത്തല്‍ സജീവം
ബെംഗളൂരു: കർണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ ഇത്തവണ ബി ജെ പി വലിയ തോതിലുള്ള വെല്ലുവിളികളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഭരവിരുദ്ധ വികാരത്തിനൊപ്പം തന്നെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പാർട്ടിയില്‍ വലിയ കലഹം തന്നെ പൊട്ടിപ്പുറപ്പെട്ടു. എന്നാല്‍ ഇത്തവണ സംസ്ഥാനത്ത് പാർട്ടി വലിയ തോതിലുള്ള രാഷ്ട്രീയ പരീക്ഷണങ്ങളും നടത്തി വരുന്നുണ്ട്. പാർട്ടിയുടെ സംഘടന ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷാണ് ഇത്തരം നീക്കങ്ങളുടെ ചുക്കാന്‍ പിടിക്കുന്നത്.
പാർട്ടിയിലെ മുതിർന്ന നേതാക്കളായ ജഗദീഷ് ഷെട്ടാർ, ലക്ഷ്മൺ സവാദി, കെഎസ് ഈശ്വരപ്പ എന്നിവർക്ക് ടിക്കറ്റ് നിഷേധിക്കപ്പെട്ടതിന് പിന്നാലെ യഥാർത്ഥ കാരണം സന്തോഷാണെന്നാണ് പാർട്ടി വ്യത്തങ്ങള്‍ തന്നെ നല്‍കുന്ന സൂചന. മുൻ മുഖ്യമന്ത്രി ബി എസ് യഡിയൂരപ്പയും മാറ്റിനിർത്തുന്നതിനും 2018 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വരുണ മണ്ഡലത്തിൽ നിന്ന് യഡിയൂരപ്പയുടെ മകൻ ബി വൈ വിജയേന്ദ്രയ്ക്ക് ടിക്കറ്റ് നിഷേധിച്ചതിന് പിന്നിലും സന്തോഷിന്റെ കരങ്ങള്‍ തന്നെയായിരുന്നു.

യഡിയൂരപ്പയും സന്തോഷും തമ്മിൽ നേരത്തെ വലിയ തോതില്‍ വാക്ക് തർക്കങ്ങള്‍ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇപ്പോൾ സന്തോഷിനെ ന്യായീകരിക്കുകയും അദ്ദേഹത്തിനെതിരായ തന്റെ മുന്‍ പ്രസ്താവനകളെ യഡിയൂരപ്പ അപലപിക്കുകയും ചെയ്യുന്നു എന്നതാണ് ശ്രദ്ധേയം. നേരത്തെ ദേശീയ ജനറൽ സെക്രട്ടറി (സംഘടന) സ്ഥാനം വഹിച്ചിരുന്നപ്പോഴാണ് മോദി ഗുജറാത്ത് മുഖ്യമന്ത്രിയാവുന്നത്. സമാനമായ മാതൃകയില്‍ സന്തോഷും കർണാടക മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യം വെക്കുന്നുവെന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്.
സന്തോഷം മുഖ്യമന്ത്രി പദം ലക്ഷ്യമിടുന്നതിലെ അപകടം പാർട്ടിയിലെ അദ്ദേഹത്തിന്റെ എതിരാളികള്‍ ഇതിനോടകം തന്നെ മനസ്സിലാക്കിയിട്ടുണ്ട്. പിൻവാതിലിലൂടെ മുഖ്യമന്ത്രി പദം ഏറ്റെടുക്കാൻ നീക്കമുണ്ടെന്നും പാർട്ടിയെ ശക്തിപ്പെടുത്താനെന്ന വ്യാജേന സന്തോഷിന് കളമൊരുക്കുകയാണെന്നാണ് സന്തോഷിനെതിരായി നില്‍ക്കുന്ന ബിജെപി വിഭാഗം പറയുന്നത്. എന്നാല്‍ ഭാവിയിലേക്കുള്ള പുതിയ തലമുറയിലെ നേതാക്കളെയാണ് സന്തോഷ് വളർത്തുന്നതെന്നും അധികാരത്തിൽ താൽപ്പര്യമില്ലെന്നുമാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവർ തിരിച്ചടിക്കുന്നത്.
താന്‍ ബി ജെ പിയില്‍ നിന്നും പുറത്ത് പോകേണ്ടി വന്നതിന് പിന്നില്‍ ബി എല്‍ സന്തോഷാണെന്നായിരുന്നു മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറിന്റെ ആരോപണം. നേരത്തെ സന്തോഷിനെ മറ്റ് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ചുമതല ഏൽപ്പിച്ചെങ്കിലും ബിജെപിക്ക് അവിടെ ഒരിടത്തും വിജയിക്കാനായിരുന്നില്ല. എന്നാല്‍ ഇത് കണക്കിലെടുക്കാതെയാണ് പാർട്ടി കർണാടകയുടെ ചുമതലും നൽകിയിരിക്കുന്നു. ഇത് ബി ജെ പിയുടെ നാശത്തിലേക്ക് നയിക്കുന്നതാണെന്നും ഞെട്ടാർ ആഞ്ഞടിച്ചു.

സംസ്ഥാനത്ത് ബിജെപിയെ ഇല്ലാതാക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നത്. യഡിയൂരപ്പ പോലും നിസ്സഹായനാണ്. എല്ലാ ജില്ലാ ഓഫീസുകളിലും പ്രശ്നങ്ങള്‍ ഉണ്ട്. ബി ജെ പി സംസ്ഥാന അധ്യക്ഷൻ നളിൻ കുമാർ കട്ടീൽ സന്തോഷിന്റെ അടുത്ത അനുയായിയാണ്. കട്ടീൽ സന്തോഷിന്റെ നിർദ്ദേശങ്ങൾക്കനുസരിച്ച് മാത്രമാണ് പ്രവർത്തിക്കുമെന്നും ഷെട്ടാർ കുറ്റപ്പെടുത്തി.
മുതിർന്ന ബിജെപി നേതാവ് പ്രഭാകർ കോറെയും സന്തോഷിനെതിരായി രംഗത്ത് വന്നിട്ടുണ്ട്. ഇടനിലക്കാരാണ് കാര്യങ്ങള്‍ നടപ്പിലാക്കുന്നത്. മോദിയെ ശരിയായ രീതിയില്‍ കാര്യങ്ങള്‍ അവതരിപ്പിച്ചിട്ടില്ല. പാർട്ടിയിലെ ലിംഗായത്ത് സമുദായ നേതൃത്വത്തെ അവസാനിപ്പിക്കാൻ കഴിയുമെന്ന് അവർ കരുതുന്നുവെങ്കിൽ അത് അസാധ്യമാണെന്നും അദ്ദേഹം പറഞ്ഞു. കോറെയും പാർട്ടി വിടുന്ന കാര്യം ഗൗരവമായി ആലോചിക്കുന്നുണ്ടെന്നാണാണ് പ്രാദേശിക മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.
അതേസമയം ഇത്തരം ആരോപണങ്ങളിലൊന്നും മാധ്യമങ്ങളോട് പ്രതികരിക്കാന്‍ സന്തോഷ് തയ്യാറായില്ല. പകരം സോഷ്യൽ മീഡിയ അക്കൗണ്ടിൽ ഉപനിഷത്ത് ഉദ്ധരിച്ച് "ചാരൈവേതി, ചാരൈവേതി യഹി തോ മന്ത്രം ഹൈ അപ്നാ" (ചലിക്കൂ, നീങ്ങുക, ഇതാണ് എന്റെ മന്ത്രം) എന്ന് കുറിച്ചു. സന്തോഷും കേന്ദ്ര ഖനി, കൽക്കരി, പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയും ചേർന്ന് സംസ്ഥാന രാഷ്ട്രീയത്തിൽ മേൽക്കൈ നേടാനുള്ള പദ്ധതികൾ ആവിഷ്‌കരിക്കുകയാണെന്നാണ് സൂചന. യെഡിയൂരപ്പ, ഈശ്വരപ്പ, ജഗദീഷ് ഷെട്ടാർ, ലക്ഷ്മൺ സവാദി എന്നിവരെ ഇതിനോടകം തന്നെ തളയ്ക്കാന്‍ ഇവർക്ക് സാധിച്ചു.
കർണാടക കോൺഗ്രസ് അധ്യക്ഷൻ ശിവകുമാറിനെ സ്വന്തം മണ്ഡലത്തിൽ തോൽപ്പിക്കുക എന്ന ദൗത്യമാണ് മുൻ ഉപമുഖ്യമന്ത്രി സിഎം അശോകയെ ഏൽപ്പിച്ചിരിക്കുന്നത്. വരുണ മണ്ഡലത്തിൽ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയെ തോൽപ്പിക്കാനുള്ള ദൗത്യം മറ്റൊരു മുതിർന്ന ലിംഗായത്ത് നേതാവ് വി സോമണ്ണയക്കും നല്‍കി.
പ്രധാനപ്പെട്ട നേതാക്കളായ രണ്ട് പേരും പരാജയപ്പെട്ടാല്‍ സംസ്ഥാന രാഷ്ട്രീയത്തിലെ പ്രധാന്യം കുറയും. മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുന്ന മുൻനിര നേതാക്കളെ പാർട്ടിയിൽ നിന്ന് മാറ്റിനിർത്തുകയോ പരാജയപ്പെടുത്തുകയോ ചെയ്താൽ കർണാടകയിൽ സന്തോഷിനും ജോഷിക്കുമെതിരെ ശബ്ദമുയർത്താൻ ആരുമുണ്ടാകില്ല. ഇത് അനുസരിച്ചുള്ള പദ്ധതികളാണ് ഇരുവരും ചേർന്ന് നടപ്പിലാക്കുന്നത്.












Click it and Unblock the Notifications