ആ 28 സീറ്റുകളില്‍ ഭൂരിപക്ഷം പിടിക്കുന്നവർക്ക് കർണാടകയുടെ ഭരണം: ഇഞ്ചോടിഞ്ച് പോരാട്ടം
കർണാടക നിയമസഭ തിരഞ്ഞെടുപ്പിന് ഇനി കേവലം ശേഷിക്കുന്ന 35 ദിവസങ്ങള്‍ കൂടിയാണ്. കോണ്‍ഗ്രസും ജെ ഡി എസുമൊക്കെ തങ്ങളുടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് കളത്തില്‍ സജീവമായി കഴിഞ്ഞു. ബി ജെ പി സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും പ്രചരണത്തില്‍ ഒട്ടും പിന്നിലല്ല. കേന്ദ്ര നേതാക്കള്‍ മുതല്‍ സിനിമ താരങ്ങള്‍ വരെ ബി ജെ പിയുടെ പ്രചരണ നിരയിലുണ്ട്.
ഓരോ പാർട്ടികളും മേഖലകള്‍ കേന്ദ്രീകരിച്ച് പ്രത്യേക തിരഞ്ഞെടുപ്പ് തന്ത്രങ്ങളാണ് ആവിഷ്കരിക്കുന്നത്. അത്തരത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു ഭാഗമാണ് നഗര ഹൃദയമായ ബെംഗളു മേഖല. ബെംഗളൂരു ജയിക്കുന്നയാൾ സംസ്ഥാനം വിജയിക്കുമെന്നാണ് വിശ്വാസം. തലസ്ഥാനത്തെ വോട്ടിംഗ് പാറ്റേണിലെ സവിശേഷമായ ചാഞ്ചാട്ടത്തെ കുറിച്ചും ബോധവാന്മാരുമായ ബി ജെ പിയും കോണ്‍ഗ്രസും ഇവിടുത്തെ 28 നിയമസഭാ മണ്ഡലങ്ങളിൽ നിന്ന് പരമാവധി സീറ്റുകൾ നേടാനുള്ള പരിശ്രമത്തിലാണ്.

2008ൽ ബെംഗളൂരുവിൽ ബിജെപി 17 സീറ്റും കോൺഗ്രസ് 10 സീറ്റും ജെ ഡി എസ് ഒരു സീറ്റും നേടിയപ്പോള്‍ ബി ജെ പിയായിരുന്നു അന്ന് അധികാരത്തിലെത്തിയത് 2013ൽ കോൺഗ്രസ് 13ഉം ബി ജെ പി 12ഉം ജെ ഡി എസ് 3ഉം നേടിയപ്പോള്‍ സർക്കാർ രൂപീകരിക്കാനുണ്ടായ നിയോഗമുണ്ടായത് കോണ്‍ഗ്രസിനായിരുന്നു.
2018ൽ ബെംഗളൂരു മേഖലയില്‍ ബി ജെ പി 12 സീറ്റും കോൺഗ്രസിന് 14 സീറ്റും ജെഡിഎസ് രണ്ട് സീറ്റുമായിരുന്നു ലഭിച്ചത്. അന്ന് കോണ്‍ഗ്രസും ജെ ഡി എസും ചേർന്ന് സംസ്ഥാനത്ത് ഭരണം പിടിക്കുന്നതാണ് കണ്ടത്. ഗതാഗതക്കുരുക്കുകളും അടിസ്ഥാന സൗകര്യങ്ങളും പോലെ വോട്ടർമാരെ അലട്ടുന്ന ഒട്ടനവധി പ്രശ്നങ്ങളാണ് ഈ മേഖലയിലെ വോട്ടിങിനെ നിയന്ത്രിക്കുന്നത്.
ഈ സാഹചര്യത്തില്‍ ഐടി സിറ്റിയില്‍ 15 സീറ്റുകള്‍ കടക്കുകയെന്ന ലക്ഷ്യം മുന്‍ നിർത്തിയാണ് ബി ജെ പിയും കോണ്‍ഗ്രസും പ്രചരണം നയിക്കുന്നത്. ബെംഗളൂരുവിൽ ഭൂരിപക്ഷം നിയമസഭാ മണ്ഡലങ്ങൾ കോൺഗ്രസിനും മറ്റുള്ളവ ബിജെപിക്കും വോട്ട് ചെയ്യുമെന്നാണ് കെപിസിസി വർക്കിംഗ് പ്രസിഡന്റ് രാമലിംഗ റെഡ്ഡി അഭിപ്രായപ്പെട്ടത്. എന്നാൽ 15-20 ശതമാനം വോട്ടർമാർ എപ്പോഴും ജാതിയോ മതമോ നോക്കാതെ നിഷ്പക്ഷത പാലിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ വിഭാഗത്തെ ലക്ഷ്യമിടുന്നതിലൂടെ കോണ്‍ഗ്രസിന് മേഖലയില്‍ ഭൂരിപക്ഷം ഉറപ്പിക്കാന്‍ സാധീക്കം. ഈ വോട്ടർമാർ കോൺഗ്രസിനൊപ്പം വരുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. ബി ജെ പി സർക്കാരുമായി ബന്ധപ്പെട്ട അഴിമതി, പരാജയപ്പെട്ട ഭരണം, കുംഭകോണങ്ങൾ, മറ്റ് പ്രശ്നങ്ങൾ എന്നിവയാണ് ഇതിന് കാരണം. ഞങ്ങൾ നഗരത്തിൽ 15-16 സീറ്റുകൾ ലക്ഷ്യമിടുന്നു- അദ്ദേഹത്തെ ഉദ്ധരിച്ച് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
ബി ജെ പിയും സമാനമായ കണക്കുകളാണ് അവകാശപ്പെടുന്നത്. 2019-ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിൽ നിന്നും ജെഡിഎസിൽ നിന്നും ബിജെപിയിൽ ചേർന്ന് ബിഎസ് യെദ്യൂരപ്പയെ സർക്കാർ രൂപീകരിക്കാൻ സഹായിച്ച കൂറുമാറിയ എം എല്‍ എമാരുടെ മണ്ഡലങ്ങളായ യശ്വന്ത്പൂർ, രാജരാജേശ്വരി നഗർ, മഹാലക്ഷ്മി ലേഔട്ട്, കെആർ പുരം എന്നിവിടങ്ങളിൽ ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിക്കാന്‍ സാധിച്ചത് അവർക്ക് ആത്മവിശ്വാസം നല്‍കുന്നു.

ഗോവിന്ദരാജ്‌നഗർ, ചിക്‌പേട്ട്, ബസവനഗുഡി എന്നീ മണ്ഡലങ്ങൾ ബി ജെ പിക്കൊപ്പമാണ്. അതുപോലെ, ജയനഗർ, ഹെബ്ബാൾ, പാർട്ടി എംഎൽഎമാർ പ്രതിനിധീകരിക്കുന്ന മറ്റ് ചില മറ്റ് മണ്ഡലങ്ങളിലും ബി ജെ പിക്കും മികച്ച സാധ്യതകളുണ്ട്. എന്നാൽ ശാന്തിനഗർ, സർവജ്ഞനഗർ തുടങ്ങിയ ചില മേഖലകൾ ബിജെപിക്ക് കീഴടക്കാൻ കഴിയാത്ത കോൺഗ്രസിന്റെ കോട്ടകളാണ്.
2018ൽ അന്നത്തെ ബി ജെ പി ദേശീയ അധ്യക്ഷൻ അമിത് ഷാ ഈ നിയോജക മണ്ഡലങ്ങളിലെല്ലാം വൻ റോഡ്‌ഷോ നടത്തിയെങ്കിലും ഫലത്തിൽ വ്യത്യാസം വരുത്താനായില്ല. തിരഞ്ഞെടുക്കപ്പെടാത്ത ബിബിഎംപി കൗൺസിലിന്റെ അഭാവം കോൺഗ്രസിനെയും ബിജെപിയെയും തളർത്തിയിട്ടുണ്ട്. വ്യക്തിഗത വോട്ടർമാരുമായുള്ള ശക്തമായ ബന്ധം ഉപയോഗിച്ച് കോർപ്പറേറ്റർമാർക്ക് അതത് പാർട്ടികളെ വിജയിപ്പിക്കാനുള്ള സാഹചര്യമാണ് ഇതിലൂടെ നഷ്ടമായത്.












Click it and Unblock the Notifications