'ബിജെപി ദളിത് വിരുദ്ധം, മന്ത്രിസഭയില്‍ ഉന്നതജാതീയര്‍ മാത്രം'; വിമര്‍ശിച്ച് ബിജെപി എംപി
ബെംഗളൂരു: ബി ജെ പി ദളിത് വിരുദ്ധ പാര്‍ട്ടിയാണ് എന്ന കര്‍ണാടകയിലെ മുതിര്‍ന്ന ബി ജെ പി ദളിത് നേതാവും എം പിയുമായ രമേഷ് ജിഗജിനാഗി. മൂന്നാം എന്‍ ഡി എ സര്‍ക്കാരിലെ മിക്ക കേന്ദ്രമന്ത്രിമാരും ഉയര്‍ന്ന ജാതിയില്‍ പെട്ടവരാണെന്നും ദളിതര്‍ക്ക് പ്രാധാന്യം നല്‍കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിജയപുരയില്‍ നിന്നുള്ള ബി ജെ പി പാര്‍ലമെന്റ് അംഗമാണ് രമേഷ് ജിഗജിനാഗി.
'ദളിത് വിരുദ്ധ'മായതിനാല്‍ ബിജെപിയിലേക്ക് പോകരുതെന്ന് പലരും തന്നെ ഉപദേശിച്ചിരുന്നതായും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ക്യാബിനറ്റ് മന്ത്രിസ്ഥാനം ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഒരു കേന്ദ്രമന്ത്രി സ്ഥാനം ആവശ്യപ്പെടേണ്ട ആവശ്യമില്ല എന്നായിരുന്നു ജിഗാജിനാഗിയുടെ മറുപടി. ജനങ്ങളുടെ പിന്തുണ തനിക്ക് അനിവാര്യമാണ് എന്നും അദ്ദേഹം പറഞ്ഞു.

'ഞാന്‍ തിരഞ്ഞെടുപ്പിന് ശേഷം മണ്ഡലത്തില്‍ തിരിച്ചെത്തിയപ്പോള്‍ ആളുകള്‍ എന്നെ മോശമായി ശകാരിച്ചു. ബി ജെ പി എങ്ങനെയൊക്കെയാണ് ദളിത് വിരുദ്ധമാകുന്നത് എന്ന് പല ദളിതുകളും എന്നോട് വാദിച്ചു, പാര്‍ട്ടിയില്‍ ചേരുന്നതിന് മുമ്പ് ഞാന്‍ ഇത് അറിയേണ്ടതായിരുന്നു. കേന്ദ്രത്തില്‍ മന്ത്രിയാകാന്‍ ജനങ്ങളില്‍ നിന്ന് എനിക്ക് സമ്മര്‍ദ്ദമുണ്ട്, ഇത് ന്യായമോ അന്യായമോ?' അദ്ദേഹം ചോദിച്ചു.
ദക്ഷിണേന്ത്യയില്‍ ഏഴ് തിരഞ്ഞെടുപ്പുകളില്‍ വിജയിച്ച ഏക ദളിത് വ്യക്തിയാണ് താനെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എല്ലാ ഉയര്‍ന്ന ജാതിക്കാരും കാബിനറ്റ് സ്ഥാനങ്ങള്‍ വഹിക്കുന്നു. ദളിതര്‍ ഇതുവരെ ബിജെപിയെ പിന്തുണച്ചിട്ടില്ലേ എന്നും ജിഗാജിനാഗി ചോദിച്ചു. ഇത് തന്നെ വല്ലാതെ വേദനിപ്പിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 72 കാരനായ രമേഷ് ജിഗജിനാഗി 1998 ലാണ് ആദ്യമായി ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
അതിനുശേഷം എല്ലാ തിരഞ്ഞെടുപ്പുകളിലും വിജയിച്ചു. ചിക്കോടി മണ്ഡലത്തില്‍ നിന്ന് മൂന്ന് തവണയും വിജയപുര മണ്ഡലത്തില്‍ നിന്ന് നാല് തവണയും എംപിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. തന്റെ നാല് പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ ജീവിതത്തിലുടനീളം ഒരു പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും അദ്ദേഹം പരാജയപ്പെട്ടിട്ടില്ല. 2016-ലും 2019-ലും കുടിവെള്ള-ശുചിത്വ വകുപ്പ് സഹമന്ത്രിയായിരുന്നു.
2024 ലെ പൊതുതിരഞ്ഞെടുപ്പില്‍ കര്‍ണാടകയിലെ വിജയപുര പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്ന് രമേഷ് ജിഗജിനാഗി 77229 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. 672781 വോട്ടുകളാണ് അദ്ദേഹം നേടിയത്. അതേസമയം രമേഷ് ജിഗജിനാഗിയുടെ പ്രസ്താവന രാഷ്ട്രീയ ആയുധമാക്കി കോണ്‍ഗ്രസ് രംഗത്തെത്തി. അദ്ദേഹത്തിന്റെ പ്രതികരണത്തിന്റെ വീഡിയോ കോണ്‍ഗ്രസ് എക്‌സ് അക്കൗണ്ടില്‍ പങ്ക് വെച്ചിട്ടുണ്ട്.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കര്‍ണാടകയിലെ 28 പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ 17 ലും ബി ജെ പി വിജയിച്ചപ്പോള്‍ കോണ്‍ഗ്രസും ജെ ഡി എസും യഥാക്രമം 9, 2 സീറ്റുകള്‍ നേടി. ബി ജെ പി 25 സീറ്റിലും ജെ ഡി എസ് മൂന്ന് സീറ്റിലുമാണ് മത്സരിച്ചത്. മൂന്നാം മോദി സര്‍ക്കാരില്‍ കര്‍ണാടകയില്‍ നിന്നുള്ള രണ്ട് നേതാക്കള്‍ പ്രധാന സ്ഥാനങ്ങള്‍ വഹിക്കുന്നു. ജെ ഡി എസിന്റെ എച്ച്ഡി കുമാരസ്വാമിയെ ഘനവ്യവസായ, സ്റ്റീല്‍ മന്ത്രിയായി നിയമിച്ചു. അതേ സമയം, രാജ്യസഭയില്‍ കര്‍ണാടകയെ പ്രതിനിധീകരിക്കുന്ന നിര്‍മല സീതാരാമന്‍ ധനമന്ത്രിയായി വീണ്ടും നിയമിക്കപ്പെട്ടു.












Click it and Unblock the Notifications