ബെംഗളൂരുവിൽ 10 കിമി റോഡ് ഷോയുമായി പ്രധാനമന്ത്രി; പ്രചരണം അവസാന ഘട്ടത്തിലേക്ക്
ബെംഗളൂരു: കർണാടക നിയസഭ തിരഞ്ഞെടുപ്പ് പ്രചരണം അവസാന ഘട്ടത്തിലേക്ക്. തിരഞ്ഞെടുപ്പിന് ഇനി രണ്ട് നാൾ മാത്രമാണ് ബാക്കി. നാളെയാണ് പരസ്യ പ്രചരണം അവസാനിക്കുന്നത്. ഇതോടെ അവസാന ലാപ്പിലെ പ്രചരണങ്ങൾ കൊഴുപ്പിക്കുകയാണ് പാർട്ടികൾ.
ഞായാറാഴ്ച ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ 10 കിമി നീളുന്ന റോഡ് ഷോ നടന്നു. തുടർച്ചയായ രണ്ടാം ദിവസമാണ് ബെംഗളൂരുവിൽ മോദിയുടെ നേതൃത്വത്തിൽ റോഡ് ഷോ നടക്കുന്നത്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ 26 കിമി റോഡ് ഷോ ബിജെപി നടത്തിയിരുന്നു. 13 മണ്ഡലങ്ങളായിരുന്നു റോഡ് യാത്ര ലക്ഷ്യം വെച്ചത്.

ന്യൂ തിപ്പസാന്ദ്ര റോഡിലെ കെംപഗൗഡ പ്രതിമയിൽ നിന്ന് രാവിലെ 10 മണിക്കായിരുന്നു റോഡ് ഷോ തുടങ്ങിയത്. 11.30ന് ട്രിനിറ്റി സർക്കിളിലാണ് യാത്ര സമാപിച്ചത്. നിരവധി പേരാണ് പ്രധാനമന്ത്രിയെ കാണാൻ നഗര പ്രദേശങ്ങളിൽ തടിച്ച് കൂടിയത്. റോഡ് ഷോയ്ക്കിടയിൽ ജനങ്ങൾ വളരെ അധികം ബഹുമാനവും സ്നേഹവും പ്രകടിപ്പിച്ചുവെന്നും ഇത്തരമൊരു അനുഭവം മുൻപ് ഉണ്ടായിട്ടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
'ബെംഗളൂരുവിൽ നിന്നും തനിക്ക് ലഭിച്ച സ്നേഹം വാക്കുകൾ കൊണ്ട് വിവരിക്കാൻ സാധിക്കില്ല. ഇത്രയും അധികം സ്നേഹം തനിക്ക് മേൽ ചൊരിഞ്ഞ ജനങ്ങളോട് ഞാൻ നന്ദി അറിയികുന്നു. ജീവിതകാലം മുഴുവൻ ഞാൻ ഈ ഓർമകളെ മനസിൽ സൂക്ഷിക്കും', മോദി പറഞ്ഞു.
അതേസമയം കോൺഗ്രസും തിരഞ്ഞെുപ്പിൽ പ്രചരണം കൊഴുപ്പിക്കുകയാണ്. ഇന്ന് രാഹുൽ ഗാന്ധിയുടേയും പ്രിയങ്ക ഗാന്ധിയുടേയും നേതൃത്വത്തിലുള്ള വമ്പൻ റാലികളും റോഡ് ഷോകളും നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്നുണ്ട്.
മെയ് 10 നാണ് കർണാടകത്തിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്. മോദി പ്രഭാവം ബിജെപിക്ക് ഇക്കുറിയും വലിയ നിലയിൽ ഗുണം ചെയ്യുമെന്നും സംസ്ഥാനത്ത് അധികാരത്തുടർച്ച നേടാൻ തങ്ങളെ സഹായിക്കുമെന്നുമാണ് ബിജെപി നേതൃത്വം കരുതുന്നത്. എന്നാൽ അഴിമതി ആരോപണം അടക്കമുള്ള ഭരണ വിരുദ്ധ വികാരങ്ങൾ ബിജെപി ഭരണത്തെ താഴെയിറക്കുമെന്ന് കോൺഗ്രസ് പ്രതീക്ഷ പുലർത്തുന്നുണ്ട്.
പുറത്ത് വന്ന അഭിപ്രായ സർവ്വേകളും കോൺഗ്രസ് പ്രതീക്ഷകളെ വാനോളം ഉയർത്തുന്നതാണ്. മിക്ക സർവ്വേകളിലും കോൺഗ്രസ് കേവല ഭൂരിപക്ഷം മറികടക്കുമെന്നും 120 വരെ സീറ്റുകൾ നേടുമെന്നുമാണ് പ്രവചനം. ബിജെപിക്ക് 80 സീറ്റുകൾ വരേയാണ് സർവ്വേകൾ പ്രവചിക്കുന്നത്.












Click it and Unblock the Notifications