Karnataka Election Exit Poll: കോണ്‍ഗ്രസിന് പ്രതീക്ഷയില്ല: കർണാടകയില്‍ കേവല ഭൂരിപക്ഷം നേടി വീണ്ടും ബിജെപിയെന്ന്
വാശിയേറിയ കർണാടക നിയമസഭ തിരഞ്ഞെടുപ്പിന്റെ പോളിങ് അവസാനിച്ച് നിമിഷങ്ങള്‍ പിന്നിട്ടതോടെ വിവിധ ഏജന്‍സികളും ടിവി ന്യൂസ് ചാനലുകളും ചേർന്ന് നടത്തിയ എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ പുറത്ത് വന്ന് തുടങ്ങിയിരിക്കുകയാണ്. പ്രീപോള്‍ സർവ്വേയില്‍ എന്ന പോലെ ഭൂരിപക്ഷം സർവ്വേകളും കോണ്‍ഗ്രസ് അധികാരത്തിലെത്തിയേക്കും അല്ലെങ്കില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയേക്കുമെന്നാണ് പ്രവചിക്കുന്നത്. എന്നാല്‍ ഒന്ന് രണ്ട് സർവ്വേകള്‍ ബി ജെ പിക്കും ആശ്വാസം നല്‍കുന്നുണ്ട്.
ബി ജെ പിക്ക് അശ്വാസം പകരുന്ന സർവ്വേ റിപ്പോർട്ട് പുറത്ത് വിട്ട ഒരു ഏജന്‍സി ന്യൂസ് നേഷന്‍ - സി ജി എസ് ആണ്. കർണാടകയില്‍ ഇത്തവണ ബി ജെ പി അധികാരത്തിലെത്തുമെന്നാണ് അവരുടെ അവകാശവാദം. 114 സീറ്റുകളായിരിക്കും തുടർ ഭരണത്തില്‍ ബി ജെ പിക്ക് ലഭിക്കുക. അതേസമയം സംസ്ഥാനത്ത് അധികാരത്തില്‍ തിരിച്ച് വരാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസ് 86 സീറ്റില്‍ ഒതുങ്ങുമെന്നും സർവ്വേ അവകാശപ്പെടുന്നു.

കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള ജെ ഡി എസിന് 21 സീറ്റുകളില്‍ തൃപ്തിപ്പെടേണ്ടി വരും. കഴിഞ്ഞ തവണ 37 സീറ്റുകളായിരുന്നു അവർക്ക് ലഭിച്ചത്. എന്നാല്‍ ഇത്തവണ അവരുടെ പ്രകടനം വളരെ മോശമായിരിക്കുമെന്നാണ് ന്യൂസ് നേഷന്‍ - സി ജി എസ് സർവ്വേ അവകാശപ്പെടുന്നത്. അതേസമയം സ്വതന്ത്രരും മറ്റ് കക്ഷികളും മൂന്ന് സീറ്റുകള്‍ നേടിയേക്കുമെന്നും സർവ്വേ പറയുന്നുണ്ട്.

ബി ജെ പിക്ക് മുന്‍തൂക്കം നല്‍കുന്ന മറ്റൊരു സർവ്വെ സുവർണ ന്യൂസ് - ജന്‍ കി ബാത്ത് ആണ്. 94 മുതല്‍ 117 വരെ സീറ്റാണ് ഈ സർവെ ബി ജെ പിക്ക് പ്രവചിക്കുന്നത്. 113 സീറ്റ് ലഭിക്കുകയാണെങ്കില്‍ ബി ജെ പിക്ക് വീണ്ടും സർക്കാർ രൂപീകരിക്കാന്‍ സാധിക്കും. അതേസമയം കോണ്‍ഗ്രസിന് 91 മുതല്‍ 106 വരെ സീറ്റ് ലഭിക്കുമെന്നാണ് സുവർണ ന്യൂസ് - ജന്‍ കി ബാത്ത് സർവ്വെ അവകാശപ്പെടുന്നത്.
ജെ ഡി എസിന് ഇത്തവണ കാര്യമായ മുന്നേറ്റം നടത്താന്‍ സാധിക്കില്ലെന്നും സർവ്വേ അഭിപ്രായപ്പെടുന്നു. കിങ് മേക്കറായി മാറാന്‍ ശ്രമിക്കുന്ന അവർക്ക് 21 മുതല്‍ 26 വരെ സീറ്റുകളിലായിരിക്കും വിജയിക്കാന്‍ സാധിക്കുക. അതേസമയം മറ്റുള്ളവർ പൂജ്യം മുതല്‍ 4 വരെ സീറ്റുകളില്‍ വിജയിച്ചേക്കാമെന്നും സർവ്വെ അവകാശപ്പെടുന്നു.












Click it and Unblock the Notifications