ജെഡിഎസ് എംഎല്‍എമാരെ എങ്ങോട്ട് മാറ്റും; രണ്ട് സംസ്ഥാനങ്ങള്‍ വിളിക്കുന്നു, കര്‍ണാടകയില്‍ ആശയക്കുഴപ്പം
ബെംഗളൂരു: കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ബിജെപി ശ്രമം ഊര്‍ജിതമാക്കിയ സാഹചര്യത്തില്‍ കോണ്‍ഗ്രസും ജെഡിഎസ്സും ആശയക്കുഴപ്പത്തില്‍. തങ്ങളുടെ എംഎല്‍എമാരെ ബിജെപി ചാക്കിട്ട് പിടിക്കുമോ എന്നാണ് ഇവരുടെ ആശങ്ക. ഈ സാഹചര്യത്തില്‍ എംഎല്‍എമാരെ മറ്റേതെങ്കിലും സംസ്ഥാനത്തേക്ക് മാറ്റുന്ന കാര്യം ജെഡിഎസ് നേതാക്കള്‍ ആലോചിക്കുന്നുണ്ടെന്നാണ് സിഎന്‍എന്‍-ന്യൂസ് 18 റിപ്പോര്‍ട്ട്.

രണ്ട് സംസ്ഥാനങ്ങളില്‍ നിന്ന് ജെഡിഎസ് നേതാക്കള്‍ക്ക് ക്ഷണം വന്നിട്ടുണ്ട്. ആന്ധ്രപ്രദേശിലെ ചന്ദ്രബാബു നായിഡുവും തെലങ്കാനയിലെ ചന്ദ്രശേഖര റാവുവുമാണ് ജെഡിഎസ് എംഎല്‍എമാര്‍ക്ക് സുരക്ഷിത കേന്ദ്രം ഒരുക്കാമെന്ന് വാഗ്ദാനം ചെയ്തിരിക്കുന്നത്. ചാക്കിട്ട് പിടുത്തത്തില്‍ നിന്ന് രക്ഷിക്കാന്‍ ഈ രണ്ടില്‍ ഏതെങ്കിലും സംസ്ഥാനത്തേക്ക് എംഎല്‍എമാരെ മാറ്റാനാണ് ജെഡിഎസ് ആലോചന.
ഒന്നുകില്‍ ഹൈദരാബാദിലേക്ക് മാറ്റും അല്ലെങ്കില്‍ വിശാഖപട്ടണത്തേക്ക് മാറ്റും. ഇക്കാര്യത്തില്‍ ഉടന്‍ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് വിവരം. അതേസമയം, കോണ്‍ഗ്രസ് എംഎല്‍എമാരെ കേരളത്തിലെ ഇടതുനേതാക്കള്‍ ക്ഷണിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളും വരുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഇടതുനേതാക്കള്‍ സ്ഥിരീകരണം നല്‍കിയിട്ടില്ല.
യെദ്യൂരപ്പയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണര്‍ 15 ദിവസത്തിനകം സഭയില്‍ ഭൂരിപക്ഷം തെളിയിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ഘട്ടത്തില്‍ ബിജെപി മറ്റു എംഎല്‍എമാരെ അവരുടെ പക്ഷത്ത് എത്തിക്കാന്‍ നീക്കം ഊര്‍ജിതമാക്കിയെന്നാണ് കോണ്‍ഗ്രസ് ആരോപണം.
Recommended Video

ഒരു കോണ്‍ഗ്രസ് എംഎംഎ ബിജെപി പക്ഷം ചേര്‍ന്നുവെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ അറിയിച്ചു. മറ്റൊരു കോണ്‍ഗ്രസ് എംഎല്‍എ കൂടി ബിജെപി പക്ഷം ചേരാന്‍ സാധ്യതയുണ്ടെന്ന വിവരവും പുറത്തുവരുന്നുണ്ട്. അതേസമയം, രണ്ട് സ്വതന്ത്രര്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിനൊപ്പം ചേരുമെന്നാണ് വിവരം.












Click it and Unblock the Notifications