കർണാടകയില്‍ കോണ്‍ഗ്രസ് ബഹുദൂരം മുന്നില്‍: പുതിയ നേതൃത്വത്തെ പോലും തിരഞ്ഞെടുക്കാന്‍ കഴിയാതെ ബിജെപി
ബെംഗളൂരു: തിരഞ്ഞെടുപ്പ് കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞിട്ടും പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കാന്‍ സാധിക്കാതെ കർണാടകയിലെ ബിജെപി. ഇതോടെ വരാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് പാർട്ടിയെ ആര് നയിക്കുമെന്ന കാര്യത്തിലും അനിശ്ചിതത്വം തുടരുകയാണ്. കോണ്‍ഗ്രസ് സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകള്‍ അടക്കം തുടങ്ങി ബഹുദൂരം മുന്നോട്ട് പോയിരിക്കെയാണ് ബിജെപി പുതിയ നേതൃത്വത്തെ കണ്ടെത്താന്‍ കഴിയാതെ ഉഴലുന്നത്.
നിയമസഭ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയാണ് ബിജെപിയെ സമാനതകളില്ലാത്ത പ്രതിസന്ധികളിലേക്ക് തള്ളിവിട്ടിരിക്കുന്നത്. പരാജയത്തില്‍ നിന്നും തിരിച്ച് വരാന്‍ 10 ശതമാനം പോലും ശ്രമം നേതൃത്വത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടാവുന്നില്ലെന്നാണ് പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നത്. ഈ രീതി പിന്തുടർന്നാല്‍ അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പിലും പാർട്ടി തിരിച്ചടി നേരിട്ടേക്കാമെന്ന് ഒരു വിഭാഗം നേതാക്കളും ചൂണ്ടിക്കാട്ടുന്നു.

ബി ജെ പി സംസ്ഥാന അധ്യക്ഷൻ നിഷ്‌ക്രിയനാണെന്നത് ആശ്ചര്യകരമാണെന്ന് പേരു വെളിപ്പെടുത്താതെ ഒരു മുതിർന്ന ബിജെപി നേതാവ് അഭിപ്രായപ്പെട്ടത്. പാർട്ടി പ്രവർത്തകർക്കെതിരായ കേസുകൾ, പരിവാർ പ്രവർത്തകരെ നാടുകടത്തൽ, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കർഷകർ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ, തുടങ്ങിയ കേസുകളുണ്ടായിട്ടും അദ്ദേഹത്തിന് ഇതിലൊന്നും താൽപ്പര്യമില്ലെന്ന പോലെയാണ് പെരുമാറുന്നതെന്നും നേതാക്കള്‍ കുറ്റപ്പെടുത്തുന്നു.
28 ലോക്‌സഭാ സീറ്റുകളിൽ 20-ലധികം സീറ്റുകളിൽ കോൺഗ്രസിന് പുതിയ സ്ഥാനാർഥികളെ കണ്ടെത്തേണ്ടതുണ്ടെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വലിയ വിജയം നേടാനാകുമെന്ന് കോൺഗ്രസിന് ആത്മവിശ്വാസമുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകനായ പ്രൊഫസർ ചമ്പി പുരാണികിനെ ഉദ്ധരിച്ച് റിപ്പബ്ലിക്ക് പാർട്ടി റിപ്പോർട്ട് ചെയ്യുന്നത്. ഏത് സാഹചര്യത്തിലും 20 ല്‍ കുറയാത്ത സീറ്റുകളില്‍ തങ്ങള്‍ ജയിക്കുമെന്നും കോണ്‍ഗ്രസ് അവകാശപ്പെടുന്നു.
28 മണ്ഡലങ്ങളിലെ സ്ഥിതിഗതികൾ പഠിച്ച് തിരഞ്ഞെടുപ്പിന് ഒരുങ്ങാനുള്ള ചുമതല മുഖ്യമന്ത്രി തന്നെ എംഎൽഎമാരെ ഏൽപ്പിച്ചിരിക്കുകയാണ്. ഉറപ്പുനൽകുന്ന പദ്ധതികളുടെ ജില്ലാ സമ്മേളനങ്ങളിലൂടെ പരോക്ഷ പ്രചാരണം തുടങ്ങി എല്ലാ മേഖലകളിലും കോൺഗ്രസ് ലോക്സഭ തിരഞ്ഞെടുപ്പിന്് തയ്യാറെടുക്കുകയാണ്.
മറുവശത്ത്, നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിയുടെ നിരാശയിൽ നിന്ന് ബിജെപി നേതാക്കൾ ഇതുവരെ കരകയറാത്തതിനാൽ നിസ്സഹായാവസ്ഥയിലാണ്. ദേശീയ തലത്തിലെ നേതാക്കളാവട്ടെ കർണാടകവുമായി ഒരു ബന്ധവുമില്ലെന്ന ഉദാസീന മനോഭാവമാണ് കാണിക്കുന്നത്. "പുതിയ സർക്കാരിനെ വിമർശിക്കുന്നതിന് തുടർച്ചയായി ലഭ്യമായ അവസരങ്ങൾ മുതലെടുക്കുന്നതിൽ സംസ്ഥാന ബിജെപി പരാജയപ്പെട്ടത് പാർട്ടി പ്രവർത്തകരെ ചൊടിപ്പിച്ചു.''രാഷ്ട്രീയ നിരീക്ഷകനായ വെങ്കട്ട് ശേഷാദ്രി ചൂണ്ടിക്കാട്ടുന്നു.












Click it and Unblock the Notifications