രണ്ട് ഉപമുഖ്യമന്ത്രി, രണ്ടര വര്‍ഷം വീതം വയ്ക്കല്‍... സിദ്ധരാമയ്യ മുഖ്യമന്ത്രിയാകും, സാധ്യതകള്‍
ബെംഗളൂരു: കോണ്‍ഗ്രസ് വ്യക്തമായ ഭൂരിപക്ഷം നേടിയതോടെ കര്‍ണാടകയുടെ അടുത്ത മുഖ്യമന്ത്രിയായി സിദ്ധരാമയ്യ എത്താന്‍ സാധ്യത. നിലവില്‍ പ്രതിപക്ഷ നേതാവായ സിദ്ധരാമയ്യക്കുള്ള ജനപിന്തുണ കോണ്‍ഗ്രസ് ഹൈക്കമാന്റിന് നന്നായി അറിയാം. അതുകൊണ്ടുതന്നെ അദ്ദേഹത്തെ മാറ്റി നിര്‍ത്താനുള്ള സാധ്യത വളരെ കുറവാണ്. എന്നാല്‍ കരുത്തനായ നേതാവ് ഡികെ ശിവകുമാറിനെ പിണക്കാനുമാകില്ല.
പലവിധ സാധ്യതകളാണ് പറഞ്ഞുകേള്‍ക്കുന്നത്. ഞായറാഴ്ച കോണ്‍ഗ്രസ് എംഎല്‍എമാരുടെ യോഗം വിളിച്ചേക്കും. അതിന് മുമ്പ് തന്നെ ദേശീയ നേതൃത്വം എംഎല്‍എമാരുമായി ബന്ധപ്പെട്ട് അഭിപ്രായം തേടാനും ആലോചിക്കുന്നുണ്ട്. കൂടുതല്‍ എംഎല്‍എമാര്‍ ആരെ പിന്തുണയ്ക്കുന്നോ അവരാണ് മുഖ്യമന്ത്രിയാകുക. സിദ്ധരാമയ്യയെ പിന്തുണയ്ക്കുന്നവരാണ് കോണ്‍ഗ്രസില്‍ ജയിച്ചവര്‍ ഏറെയും. എല്ലാ എംഎല്‍എമാരോടും ബെംഗളൂരുവിലെത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഒറ്റയ്ക്ക് ഭരിക്കാനുള്ള സീറ്റുകള്‍ നിലവില്‍ കോണ്‍ഗ്രസിനുണ്ട്. ഇനി മുഖ്യമന്ത്രി പദത്തിന്റെ കാര്യത്തില്‍ സമവായം ഉണ്ടാക്കുകയാണ് ഹൈക്കമാന്റിന്റെ മുന്നിലുള്ള വെല്ലുവിളി. ജനകീയനായ സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കി രണ്ട് ഉപമുഖ്യമന്ത്രിമാരെ നിയോഗിക്കുക എന്ന തന്ത്രമാകും കോണ്‍ഗ്രസ് ആലോചിക്കുക എന്ന് ചില റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
വൊക്കലിഗ സമുദായ നേതാവും കെപിസിസി അധ്യക്ഷനുമായ ഡികെ ശിവകുമാര്‍ ഉപമുഖ്യമന്ത്രിയായേക്കും. ലിംഗായത്ത് സമുദായത്തിന്റെ പ്രതിനിധിയായി മറ്റൊരു ഉപമുഖ്യമന്ത്രിയെയും നിയോഗിച്ചേക്കും. കര്‍ണാടക കോണ്‍ഗ്രസ് നേതാക്കളെ ഉദ്ധരിച്ചുള്ള അനൗദ്യോഗിക പ്രതികരണങ്ങളാണ് ഇത്തരം പ്രചാരണത്തിന് കാരണം. അതേസമയം, മുഖ്യമന്ത്രി പദം സിദ്ധരാമയ്യക്കും ഡികെ ശിവകുമാറിനുമിടയില്‍ രണ്ടര വര്‍ഷം വീതം പങ്കുവയ്ക്കാനുള്ള സാധ്യതയും പറഞ്ഞുകേള്‍ക്കുന്നു.
കര്‍ണാടകയിലെ രണ്ട് ജനകീയ നേതാക്കളാണ് ബിഎസ് യെഡിയൂരപ്പയും സിദ്ധരാമയ്യയും. യെഡിയൂരപ്പ തിരഞ്ഞെടുപ്പ് രാഷ്ട്രീയം മതിയാക്കിയതോടെ അടുത്തിടെ പുറത്തുവന്ന സര്‍വ്വെകളിലെല്ലാം സിദ്ധരാമയ്യ മുഖ്യമന്ത്രിയാകണം എന്നാണ് കൂടുതല്‍ പേരും ആവശ്യപ്പെട്ടത്. പിന്നാക്ക വിഭാഗക്കാരെയും ദളിതുകളെയും മുസ്ലിങ്ങളെയും ഒരുമിപ്പിക്കുന്ന പ്രവര്‍ത്തന രീതിയാണ് സിദ്ധരാമയ്യയുടേത്.
അതേസമയം, ഡികെ ശിവകുമാര്‍ കരുത്തനായ നേതാവാണ്. വൊക്കലിഗ സമുദായത്തിലെ പ്രധാനിയാണ്. കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനം ശക്തിപ്പെടുത്തിയ വ്യക്തിയാണ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷമാണ് കെപിസിസി അധ്യക്ഷനായത്. അതുകൊണ്ടു തന്നെ അദ്ദേഹത്തെ പിണക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകില്ല. അര്‍ഹമായ പരിഗണന നല്‍കുകയും ചെയ്യുമെന്നാണ് കരുതുന്നത്.
പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ നിയമപരമായ ചില നടപടികളുണ്ട്. കൂടുതല്‍ സീറ്റ് ലഭിച്ച പാര്‍ട്ടി നിയമസഭാ അംഗങ്ങളുടെ യോഗം വിളിക്കും. ഈ യോഗത്തില്‍ ആരെ മുഖ്യമന്ത്രിയാക്കണം എന്ന് തീരുമാനിക്കും. ആ വ്യക്തി ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിക്കും. സത്യപ്രതിജ്ഞാ തിയ്യതി തീരുമാനിക്കും. ഗവര്‍ണര്‍ സത്യവാചകം ചൊല്ലിക്കൊടുക്കും. പിന്നീട് നിയമസഭ വിളിച്ചുചേര്‍ത്ത് എംഎല്‍എമാരും വകുപ്പ് മന്ത്രിമാരും ചുമതലയേല്‍ക്കും.












Click it and Unblock the Notifications