'മൈസൂർ കടുവ';തെളിവുണ്ടെങ്കിൽ ഉൾപ്പെടുത്താം..ടിപ്പുവിനെ പുകഴ്ത്തുന്ന പാഠഭാഗങ്ങൾ നീക്കാൻ കർണാടക
ബെംഗളൂരു; പാഠപുസ്തകങ്ങളിൽ നിന്നും ടിപ്പു സുൽത്താനെ വാഴ്ത്തിക്കൊണ്ടുള്ള ഭാഗങ്ങൾ നീക്കം ചെയ്യാൻ കർണാടക സർക്കാർ. എഴുത്തുകാരനായ രോഹിത് ചക്രതീർത്ഥയുടെ നേതൃത്വത്തിലുള്ള അവലോകന സമിതി ടിപ്പു സുൽത്താനുമായി ബന്ധപ്പെട്ട പാഠ ഭാഗങ്ങളിൽ മാറ്റം വരുത്താൻ ശുപാർശ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. അതേസമയം ടിപ്പു സുൽത്താനെ സംബന്ധിച്ചള്ള കാര്യങ്ങൾ സാമൂഹിക പാഠപുസ്തകങ്ങളിൽ നിന്ന് നീക്കാൻ പദ്ധതിയില്ലെന്ന് വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ് പറഞ്ഞു.

18-ാം നൂറ്റാണ്ടിലെ മൈസൂർ ഭരണാധികാരിയെക്കുറിച്ച് ഭാവനയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ പാഠഭാഗങ്ങൾ നീക്കം ചെയ്യും. യഥാർത്ഥ ചരിത്രത്തെക്കുറിച്ച് കുട്ടികളെ പഠിപ്പിക്കാനാണ് ഞങ്ങൾ ഉദ്ദേശിക്കുന്നത്. 'മൈസൂർ കടുവ' എന്ന വിശേഷണത്തിനു എന്തെങ്കിലും തെളിവുണ്ടെങ്കിൽ അത് നിലനിർത്തും. വാഴ്ത്തുന്ന ഭാഗങ്ങൾ മാത്രമാണ് പാഠപുസ്തകത്തിൽ നിന്നും ഒഴിവാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
6 മുതൽ 10 വരെ ക്ലാസുകളിലെ സാമൂഹിക ശാസ്ത്ര പാഠപുസ്തകങ്ങൾ പരിഷ്കരിക്കാനായിരുന്നു രോഹിത് ചക്രതീർത്ഥയുടെ നേതൃത്വത്തിലുള്ള അവലോകന സമിതിയെ ചുമതലപ്പെടുത്തിയത്. ടിപ്പുവിനെ കൂടാതെ ബാബർ, മുഹമ്മദ് ബിൻ തുഗ്ലക്ക് തുടങ്ങിയ ഭരണാധികാരികളെപ്പറ്റിയുള്ള പാഠഭാഗങ്ങൾ വെട്ടിച്ചുരുക്കാൻ പാഠപുസ്തക സമിതി നിർദ്ദേശിച്ചിട്ടുണ്ട്. മുഗൾ സാമ്രാജ്യത്തെ കുറിച്ചുള്ള കാര്യങ്ങൾ ഇനി പഠിക്കാൻ ഉണ്ടാകില്ല. പകരം കാശ്മീരിലെ കർകോട്ട സാമ്രാജ്യത്തെ കുറിച്ചും അസമിലെ അഹോം സാമ്രാജ്യത്തെ കുറിച്ചുമെല്ലാം സിലബസിൽ ഉൾപ്പെടുത്താനും തിരുമാനം കൈക്കൊണ്ടിട്ടുണ്ട്. ചരിത്രത്തെ സംബന്ധിച്ച് നിഷ്പക്ഷ നിലപാട് സ്വീകരിക്കാനാണ് തങ്ങൾ ശ്രമിച്ചതെന്നാണ് നടപടികളോട് രോഹിത് ചക്രതീർത്ഥ പ്രതികരിച്ചത്. അതേസമയം സർക്കാർ നീക്കത്തിനെതിരെ പ്രതിപക്ഷം രംഗത്തെത്തി.വിദ്യാഭ്യാസത്തെ കാവിവത്കരിക്കാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നതെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.












Click it and Unblock the Notifications