രണ്ട് ആണ്‍കുട്ടികളെ തമ്മില്‍ വിവാഹം കഴിപ്പിച്ച് ഗ്രാമീണര്‍; മഴ ദൈവങ്ങളെ പ്രീതിപ്പെടുത്താനെന്ന് വിശദീകരണം
മാണ്ഡ്യ: മഴ ദൈവങ്ങളെ പ്രീതിപ്പെടുത്താന്‍ രണ്ട് ആണ്‍കുട്ടികളെ തമ്മില്‍ കല്യാണം കഴിപ്പിച്ച് ഗ്രാമീണര്‍. കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയില്‍ കൃഷ്ണരാജ്‌പേട്ട് താലൂക്കിലെ ഗംഗേനഹള്ളി ഗ്രാമത്തിലാണ് സംഭവം. വെള്ളിയാഴ്ച രാത്രിയിലാണ് വിവാഹം സംഘടിപ്പിച്ചത്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മഴ വളരെ കുറവാണ്. ഇത് കാരണം കൃഷിയെല്ലാം അവതാളത്തിലായി.
ഇതിനെ തുടര്‍ന്നാണ് രണ്ട് ആണ്‍കുട്ടികളെ ഗ്രാമീണര്‍ ആചാരപ്രകാരം വിവാഹം കഴിപ്പിച്ചത്. വിവാഹ ചടങ്ങിന്റെ ഭാഗമായി ഗ്രാമവാസികള്‍ക്ക് പ്രത്യേക സദ്യയും ഒരുക്കിയിട്ടുണ്ടായിരുന്നു. പരമ്പരാഗത വസ്ത്രം ധരിച്ചായിരുന്നു രണ്ട് ആണ്‍കുട്ടികള്‍ വധൂവരന്മാരായി വിവാഹത്തിനായി എത്തിയത്. ഇത് തങ്ങളുടെ പൂര്‍വികര്‍ മുന്‍പ് ചെയ്തിരുന്ന ആചാരമാണ് എന്നും മഴ കുറഞ്ഞതിനാലാണ് പഴയ ആചാരത്തിലേക്ക് തിരികെ പോയതെന്നും ഗ്രാമീണര്‍ വ്യക്തമാക്കി.

മഴ പെയ്യിക്കുന്നതിനുമുള്ള പ്രാര്‍ഥനാ ചടങ്ങിന്റെ ഭാഗമായാണ് വിവാഹം നടത്തിയത്. വിവാഹം പ്രതീകാത്മകമാണ് എന്നും ഗ്രാമവാസികള്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം കര്‍ണാടക തീരത്ത് തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ സാധാരണ നിലയിലാണ്. മിക്ക തീരദേശ ജില്ലകളിലും തെക്കന്‍ ഉള്‍പ്രദേശങ്ങളിലെ പല ജില്ലകളിലും വടക്കന്‍ ഉള്‍പ്രദേശങ്ങളില്‍ ചിലയിടത്തും ഈ മാസം 28 വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഉത്തര കന്നഡ, ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിലാണ് കനത്ത മഴയ്ക്ക് സാധ്യത. ബെംഗളൂരുവില്‍ മിക്കവാറും മേഘാവൃതമായ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. വൈകുന്നേരമോ രാത്രിയോ ഇടിമിന്നലിനുള്ള സാധ്യതയുണ്ട്. ചില സമയങ്ങളില്‍ ശക്തമായ കാറ്റിനും പരമാവധി താപനില 29 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില 21 ഡിഗ്രി സെല്‍ഷ്യസും ആകാനും സാധ്യതയുണ്ട്.












Click it and Unblock the Notifications