കശ്മീരിലെ സ്‌കൂളുകളില്‍ ഭജനയും സൂര്യ നമസ്‌കാരവും; നിരോധിക്കണമെന്ന് മുസ്ലിം പണ്ഡിതന്മാര്‍
ശ്രീനഗര്‍: കശ്മീരിലെ സ്‌കൂളുകളില്‍ ഭജന പാടുന്നതും സൂര്യ നമസ്‌കാരവും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം പണ്ഡിതന്മാര്‍ രംഗത്ത്. മുസ്ലിം മത പണ്ഡിതമാന്മാരുടെ കൂട്ടായ്മയായ മുത്തഹിദ മജ്‌ലിസെ ഉലമ എന്ന സംഘടനയുടെ നേതാക്കളാണ് ആവശ്യം മുന്നോട്ട് വച്ചിരിക്കുന്നത്. കശ്മീര്‍ താഴ്‌വരിയിലെ സ്‌കൂളുകളില്‍ ഹിന്ദു ഭജന ചൊല്ലുന്നത് മുസ്ലിങ്ങളുടെ എതിര്‍പ്പിന് കാരണമാകുന്നുണ്ടെന്ന് അവര്‍ പറയുന്നു. താഴ്‌വരയിലെ 30 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മുത്തഹിദ മജ്‌ലിസെ ഉലമയുടെ നിയന്ത്രണത്തിലാണ്.

കശ്മീരിലെ നൗഹാത്തയിലെ ജാമിയ മസ്ജിദില്‍ മത പണ്ഡിതന്മാരുടെ യോഗം കഴിഞ്ഞ ദിവസം നടന്നിരുന്നു. പുതിയ ആവശ്യം ഉന്നയിച്ച് ഇവര്‍ പ്രമേയം അവതരിപ്പിച്ചു. ഭജന പാടാനും സൂര്യ നമസ്‌കാരത്തിനും വിദ്യാര്‍ഥികളെ നിര്‍ബന്ധിക്കുന്നത് മുസ്ലിങ്ങളുടെ വികാരം വ്രണപ്പെടുത്തുന്ന നടപടിയാണ്. കശ്മീരിന്റെ സ്വത്വം നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നയങ്ങള്‍ സ്‌കൂളുകളില്‍ നടപ്പാക്കുന്നത്. സ്‌കൂളുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഹിന്ദുത്വ അജണ്ട നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും പ്രമേയം വ്യക്തമാക്കുന്നു.
അതേസമയം, ഭജനയും സൂര്യ നമസ്‌കാരവും നടത്തുന്ന വിദ്യാര്‍ഥികളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പിഡിപി അധ്യക്ഷ മെഹ്ബൂബ മുഫ്തി പങ്കുവച്ചിരുന്നു. ഇതോടെയാണ് വിഷയം കൂടുതല്‍ ചര്‍ച്ചയായത്. കുല്‍ഗാം ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ നിന്നുള്ള വീഡിയോ ആണ് മെഹ്ബൂബ പങ്കുവച്ചത്. ഞങ്ങള്‍ ഒരിക്കലും ദ്വിരാഷ്ട്ര സിദ്ധാന്തത്തില്‍ വിശ്വസിക്കുന്നില്ലെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് ഉപാധ്യക്ഷന്‍ ഉമര്‍ അബ്ദുല്ല വിവാദത്തോട് പ്രതികരിച്ചു. ഇന്ത്യയ്ക്ക് വര്‍ഗീയ മുഖമില്ല. ഇന്ത്യ മതനിരപേക്ഷമാണ്. ഞാന്‍ ഭജന ചൊല്ലിയാല്‍ തെറ്റാകുമോ എന്നും ഉമര്‍ അബ്ദുല്ല ചോദിച്ചു.












Click it and Unblock the Notifications