കശ്മീര്‍ പതാക പൂര്‍ണമായും നീക്കി; ഇനി ദേശീയ പതാക മാത്രം, അടിമുടി മാറ്റം
ശ്രീനഗര്‍: ജമ്മു-കശ്മീര്‍ സംസ്ഥാനത്തിനുണ്ടായിരുന്ന പതാക കശ്മീരില്‍ നിന്ന് ഏകദേശം പൂര്‍ണമായും നീക്കി. സര്‍ക്കാര്‍ ഓഫീസുകളില്‍ ഇതുവരെ കശ്മീരിന്റെ പതാകയാണ് ഉണ്ടായിരുന്നത്. ഏറ്റവും ഒടുവില്‍ സിവില്‍ സെക്രട്ടറിയേറ്റ് മന്ദിരത്തിന് മുകളില്‍ നിന്നും കശ്മീര്‍ പതാക നീക്കി. കശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി എടുത്തുകളയുകയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി മാറ്റുകയും ചെയ്ത കേന്ദ്രസര്‍ക്കാര്‍ നടപടിക്ക് പിന്നാലെയാണ് കശ്മീരിന്റെ പതാക എടുത്തുകളഞ്ഞത്. കേന്ദ്ര തീരുമാനം വന്നതിന് പിന്നാലെ തന്നെ പതാകകള്‍ നീക്കം ചെയ്യാന്‍ ആരംഭിച്ചിരുന്നു. എങ്കിലും ചില സര്‍ക്കാര്‍ ഓഫീസുകളില്‍ ഇപ്പോഴും കശ്മീര്‍ പതാകയും ദേശീയ പതാകയും കാണുന്നുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ നടത്തിയ പ്രഖ്യാപനത്തിലൂടെയാണ് കശ്മീരിനെ രണ്ടായി വിഭജിച്ചത്. ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളാണ് ഇനിയുണ്ടാകുക. ജുമ്മു കശ്മീര്‍ നിയമസഭയോട് കൂടിയ കേന്ദ്ര ഭരണപ്രദേശമാകും. ദില്ലി മാതൃകയിലാകും ഇവിടെ ഭരണം. മുഖ്യമന്ത്രിയും നിയമസഭയുമെല്ലാമുണ്ടാകും. പക്ഷേ, ഗവര്‍ണര്‍ ഉണ്ടാകില്ല. ലഫ്റ്റനന്റ് ജനറലിന്റെ മേല്‍നോട്ടമുണ്ടാകും.
അതേസമയം, ലഡാക്കില്‍ നിയമസഭയുണ്ടാകില്ല. ഇവിടെ കേന്ദ്ര സര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണമുണ്ടാകും. ദാമന്‍ ദിയു പോലെ ലഡാക്ക് പ്രവര്‍ത്തിക്കും. കശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന ഭരണഘടനയിലെ 370 വകുപ്പ് റദ്ദാക്കുന്നതായിരുന്നു അമിത് ഷായുടെ പ്രഖ്യാപനം. ഇതുമായി ബന്ധപ്പെട്ട് ബില്ല് അമിത് ഷാ അവതരിപ്പിച്ചിട്ടുണ്ട്. ബന്ധപ്പെട്ട ഉത്തരവില്‍ രാഷ്ട്രപതി ഒപ്പുവയ്ക്കുകയും ചെയ്തു.
വിഭജനത്തിന് പറയുന്ന ചില കാരണങ്ങള്‍ ഇങ്ങനെയാണ്. കശ്മീരിന്റെ ഭാഗമായിരുന്ന ലഡാക് വലിയ ഭൂപ്രദേശമാണ്. ഈ മേഖല പ്രത്യേക പ്രദേശമാക്കണമെന്ന് ഏറെ കാലമായുള്ള ആവശ്യമാണെന്നും അതാണ് സര്‍ക്കാര്‍ പരിഗണിച്ചതെന്നും അമിത് ഷാ വിശദീകരിച്ചു. ഇതോടെ 29 സംസ്ഥാനമുണ്ടായിരുന്ന രാജ്യത്ത് ഒന്ന് കുറഞ്ഞു. ഇനി 28 സംസ്ഥാനങ്ങളാണുണ്ടാകുക. അതേസമയം, ഏഴ് കേന്ദ്രഭരണപ്രദേശങ്ങള്‍ എന്നത് ഇനി ഒമ്പതാകും.












Click it and Unblock the Notifications