മോദിയുടെ മൗനം രാജ്യത്തോടുള്ള വെല്ലുവിളി! കത്വ പെൺകുട്ടിക്ക് നീതി തേടി നേതാക്കൾ

  • Written By:
Subscribe to Oneindia Malayalam

കത്വയിലെ രസന ഗ്രാമത്തിലെ എട്ട് വയസ്സുകാരിയായ പെൺകുട്ടി അതിക്രൂരമായ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടത് രാജ്യത്തെ ഒന്നാകെ നടുക്കിയിരിക്കുകയാണ്. ഈ കൊലപാതകത്തിൽ വേദന തോന്നാത്തവരും പ്രതിഷേധ ശബ്ദം ഉയർത്താത്തവരും മനുഷ്യരല്ലെന്ന് പറയേണ്ടതായി വരും. അത്തരക്കാരും ഒട്ടും എണ്ണത്തിൽ കുറയാതെ നമുക്കിടയിലുണ്ട് എന്നതാണ് ഞെട്ടിക്കുന്ന യാഥാർത്ഥ്യം. ബലാത്സംഗികൾ ഹിന്ദുക്കളാണ് എന്ന കാരണത്താൽ ദേശീയതയും രാജ്യസ്നേഹവും പറഞ്ഞ് ഈ ക്രൂരതയെ ന്യായീകരിക്കുന്നവരെ വിളിക്കാൻ വാക്കുകളില്ല.

സോഷ്യൽ മീഡിയയിലെ പ്രതിഷേധം തെരുവുകളിലേക്ക് പടർന്ന് പിടിച്ചിരിക്കുന്നു. ഈ രാജ്യത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദി പക്ഷേ ഇതൊന്നും അറിഞ്ഞ മട്ടില്ല. ഇതുവരെ കത്വ, ഉന്നാവോ സംഭവങ്ങളിൽ പ്രധാനമന്ത്രിയുടെ ഒരു പ്രതികരണം പോലും പുറത്ത് വന്നിട്ടില്ല. അതേസമയം കോൺഗ്രസും സിപിഎമ്മും അടക്കം വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ ശക്തമായി പ്രതികരിച്ച് രംഗത്ത് വന്നിരിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയനും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും കത്വ പെൺകുട്ടിക്ക് നീതി ആവശ്യപ്പെട്ട് രംഗത്ത് വന്നിട്ടുണ്ട്.

രാജ്യം ലജ്ജിച്ച് തലതാഴ്ത്തുന്നു

രാജ്യം ലജ്ജിച്ച് തലതാഴ്ത്തുന്നു

മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പേജിലെ പ്രതികരണ പോസ്റ്റ് വായിക്കാം: ''ആസിഫ ബാനു എന്ന എട്ടുവയസ്സുകാരിയെ പിച്ചിച്ചീന്തിയവർ പ്രതിനിധാനം ചെയ്യുന്നത് ഇന്ത്യയെ പ്രാകൃതവും മനുഷ്യത്വഹീനവുമായ യുഗത്തിലേക്കു നയിക്കാനുള്ള പ്രതിലോമ രാഷ്ട്രീയമാണ്. ഏതു മനുഷ്യനെയും രോഷപ്പെടുത്തുന്നതും കണ്ണീരണിയിക്കുന്നതുമായ അനുഭവമാണ് ആ പിഞ്ചോമനയ്ക്കു നേരിടേണ്ടിവന്നത്. പെൺകുട്ടിയെ ക്ഷേത്രത്തിൽ കൊണ്ടുപോയി തടങ്കലിലിട്ടു മതഭ്രാന്തന്മാർ പിച്ചിച്ചീന്തുക; കുറ്റവാളികൾക്കു വേണ്ടി ജനപ്രതിനിധികൾ തെരുവിലിറങ്ങുക- രാജ്യം ഈ "നല്ല ദിനങ്ങളെ " ഓർത്ത് ലോകത്തിനു മുന്നിൽ ലജ്ജിച്ച് തലതാഴ്ത്തുന്നു.

മൃഗീയതയുടെ കറുത്ത നാളുകളിലേക്ക്

മൃഗീയതയുടെ കറുത്ത നാളുകളിലേക്ക്

പെൺകുട്ടിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തി എന്നത് മാത്രമല്ല വിഷയം. അതിലേക്ക് നയിച്ച കാരണങ്ങളാണ് പ്രധാനം. മതത്തിന്റെ പേരിലാണ് ഒരു പിഞ്ചുകുഞ്ഞിനെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയത് എന്നത് സംഘ പരിവാർ വാഴ്ചയിലെ രാജ്യത്തിന്റെ ഭീകരമായ അവസ്ഥ തുറന്നു കാട്ടുന്നതാണ്. ക്ഷേത്രങ്ങളെപ്പോലും ഇത്തരം പ്രവർത്തികൾക്ക് ഉപയോഗിക്കുന്നവരും അതിനെ പിന്തുണയ്ക്കുന്ന സംഘപരിവാർ ശക്തികളും ഇന്ത്യയെ മൃഗീയതയുടെ കറുത്ത നാളുകളിലേക്കാണ് പിടിച്ചു കൊണ്ടുപോകുന്നത്. കപട മത സ്നേഹവും കപട ദേശീയതയുമാണ് സംഘ പരിവാറിനെ നയിക്കുന്നത്.

രാജ്യം ഒറ്റക്കെട്ടായി ഉണരേണ്ടതുണ്ട്

രാജ്യം ഒറ്റക്കെട്ടായി ഉണരേണ്ടതുണ്ട്

ഓരോ പിതാവിനും മാതാവിനും ആസിഫ സ്വന്തം കുഞ്ഞാണെന്നു തോന്നേണ്ട, എല്ലാ യുവതീ യുവാക്കൾക്കും അവൾ സ്വന്തം സഹോദരിയാണെന്ന് തോന്നേണ്ട ഘട്ടമാണിത്. പുഞ്ചിരിക്കുന്ന ആ മുഖം മനസ്സിലോർത്ത്, ആസിഫയ്ക്ക് വേണ്ടി രാജ്യം ഒറ്റക്കെട്ടായി ഉണരേണ്ടതുണ്ട്. കുറ്റവാളികൾ മാതൃകാപരമായി ശിക്ഷിക്കപ്പെടണം. അവരെ സംരക്ഷിക്കാൻ ശ്രമിക്കുന്നവരെയും നിയമത്തിനു മുന്നിലെത്തിക്കണം എന്നാണ് പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. മകളേ മാപ്പ് എന്ന വാചകത്തോടെയാണ് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പ്രതികരണക്കുറിപ്പിന്റെ തുടക്കം. പൂർണരൂപം ഇതാണ്:

ഹൃദയം നുറുങ്ങുന്ന വേദനയോടെ മാത്രമേ കാശ്മീരിലെ പിഞ്ചു ബാലികയെ കുറിച്ചുള്ള വാർത്ത കേൾക്കാൻ കഴിയൂ.

മകളേ മാപ്പ്

മകളേ മാപ്പ്

മനസ്സിൽ നിറയെ വർണ്ണങ്ങളും, മുഖത്ത് പുഞ്ചിരിയും, കുസൃതികളുമായി കളിച്ചു നടക്കേണ്ട പ്രായത്തിലാണ് ഒരു കുഞ്ഞിനും വരരുതെന്ന് നാം പ്രാർത്ഥിക്കുന്ന അവസ്ഥ ഈ ബാലികക്ക് വന്നു ചേർന്നത്. മതത്തിന്റെ പേരിൽ ഒരു കൂട്ടം അക്രമികൾ ചെയ്തു കൂട്ടിയത് മതേതര ജനാധിപത്യ ഇന്ത്യയിലെ എക്കാലത്തെയും കറുത്ത അധ്യായമാണ്. എത്ര വലിയ ശത്രുത സൂക്ഷിച്ചിരുന്നാലും നിഷ്കളങ്കത മാറാത്ത ഒരു എട്ടു വയസുകാരിയെ ദിവസങ്ങളോളം ഭക്ഷണം പോലും നൽകാതെ ഇത്തരത്തിൽ കൊടും ക്രൂരതയ്ക്ക് വിധേയമാക്കി മാനഭംഗപ്പെടുത്തി കൊലപ്പെടുത്തുന്നത് മൃഗീയം എന്ന് വിശേഷിപ്പിച്ചാൽ കുറഞ്ഞു പോകും. മൃഗങ്ങൾ പോലും കാടിന്റെ നിയമമനുസരിച്ചേ ജീവിക്കാറുള്ളു, ഇത്തരം നിഷ്ട്ടൂരതയെ വിശേഷിപ്പിക്കാൻ ഇനിയും വാക്കുകൾ കണ്ടെത്തേണ്ടതുണ്ട്.

മുദ്രാവാക്യം വിളിച്ചത് കൊണ്ടായില്ല

മുദ്രാവാക്യം വിളിച്ചത് കൊണ്ടായില്ല

"ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ” എന്ന് നാട് മുഴുവൻ ചുമരുകളിൽ എഴുതി വച്ചതുകൊണ്ടോ, റേഡിയോവിൽ മൻ കി ബാത്തിലൂടെ വിളിച്ചു പറഞ്ഞത് കൊണ്ടോ ആയില്ല പ്രിയ പ്രധാനമന്ത്രി, താങ്കൾക്ക് മുദ്രാവാക്യം വിളിക്കുന്നവരാൽ ഒരു പാവം പെൺകുട്ടിയുടെയും അവളുടെ കുടുംബത്തിന്റെയും ജീവിതത്തിലെ വെളിച്ചം എന്നെന്നേക്കുമായി തല്ലി കെടുത്തിയ താങ്കളുടെ അനുയായികളെപ്പോലുള്ളവരെ മനുഷ്യരാക്കി മാറ്റുന്നതിനാണ് താങ്കൾ ആദ്യം ശ്രദ്ധ ചെലുത്തേണ്ടത്. പ്രതിപക്ഷ പാർട്ടികൾക്കെതിരെ താങ്കളുടെ ഉപവാസ സമരം നടക്കുമ്പോഴാണ് ഈ വാർത്തകൾ വന്നു തുടങ്ങുന്നത്. അതിനു ശേഷം മണിക്കൂറുകൾ പിന്നിട്ടിട്ടും താങ്കൾ പാലിക്കുന്ന മൗനമാണ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തോടുള്ള വെല്ലുവിളി.

സംഘപരിവാരുകാർ ഭീഷണി

സംഘപരിവാരുകാർ ഭീഷണി

യൂറോപ്പിലോ അമേരിക്കയിലോ ഉള്ള താങ്കളുടെ സുഹൃത്തുക്കൾക്ക് പിറന്നാൾ ആശംസിക്കുമ്പോഴല്ല സ്വന്തം രാജ്യത്തെ ജനങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുമ്പോൾ, അവരെ ആശ്വസിപ്പിക്കുമ്പോൾ ആണ് താങ്കൾ ഒരു മനുഷ്യത്വമുള്ള നേതാവാകൂ. വൈകിയാണെങ്കിലും ഈ നാടൊന്നാകെ ആ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുമ്പോൾ ഈ കിരാത കൃത്യത്തെ ന്യായീകരിക്കാൻ അങ്ങയെ അനുകൂലിക്കുന്നവർ സോഷ്യൽ മീഡിയയിൽ കാണിച്ചു കൂട്ടുന്ന ചെയ്തികൾ കാണുമ്പോൾ മനസിലാവും സംഘ പരിവാറുകാർ എത്രമേൽ ഭീഷണിയാണ് ഈ നാടിൻറെ ഐക്യം തകർക്കുവാനും, മത മൈത്രി കളങ്കപ്പെടുത്തുന്നതിലും എന്ന്. മകളേ, നീ അനുഭവിച്ച കഷ്ടതയും, വേദനയും ഇനിയുമൊരു കുട്ടിയുടെയും ജീവിതത്തിലേക്ക് കടന്നു ചെല്ലാതിരിക്കട്ടേ എന്ന പ്രാർത്ഥനയോടെ അന്ത്യാഞ്ജലി.

ഫേസ്ബുക്ക് പോസ്റ്റ്

പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ്

കത്വയിലും ഉന്നാവോയിലും നീതി ആവശ്യപ്പെട്ട് സിനിമാലോകം.. കത്തുന്ന പ്രതികരണങ്ങൾ

ആസിഫ ആരുടേയും മകളല്ല.. ഹിന്ദു രാഷ്ട്രം പൂർത്തിയാക്കാൻ ഒഴുക്കപ്പെട്ട ചോര മാത്രമാണവൾ! വൈറലായി പോസ്റ്റ്

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Pinarayi Vijayan and Oommen Chandy's reaction to Kathua case

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്