• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കൈകഴുകി തല മണ്ണിൽപ്പൂഴ്ത്തി നിൽക്കുന്ന ഒട്ടകപ്പക്ഷി, മോദി സർക്കാരിനെ കടന്നാക്രമിച്ച് കെസി വേണുഗോപാൽ

ദില്ലി: കൊവിഡ് വ്യാപനത്തിലും സാമ്പത്തിക പ്രതിസന്ധിയിലും കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് കോൺഗ്രസ് നേതാവ് കെസി വേണുഗോപാൽ. സർക്കാർ കാണിച്ച തികഞ്ഞ നിഷേധാത്മക സമീപനം വലിയ ദുരിതത്തിലേക്കാണ് രാജ്യത്തെ തള്ളിയിട്ടതെന്ന് വേണുഗോപാൽ ഫേസ്ബുക്ക് പോസ്റ്റിൽ കുറ്റപ്പെടുത്തി. കെസി വേണുഗോപാലിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

'' കോവിഡ് വ്യാപനത്തിന്റെ കാര്യത്തിലും, അതുണ്ടാക്കിയ സാമ്പത്തിക തകർച്ചയുടെ തോതിലും ഒരു വലിയ സുനാമിയുടെ അപകടവ്യാപ്തിയാണ് രാജ്യത്ത് ദൃശ്യമായിക്കൊണ്ടിരിക്കുന്നത്. ആശങ്കാജനകമായ വളർച്ചാനിരക്കാണ് ദിനംപ്രതി രോഗവ്യാപനത്തിന്റെ കാര്യത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഓരോ ദിവസവും പതിനായിരക്കണക്കിന് ആളുകൾക്കാണ് രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ പുതുതായി രോഗം ബാധിക്കുന്നത്. അതിവേഗം രോഗം പടരുന്ന കാര്യത്തിൽ ആഗോള തലത്തിൽ മൂന്നാമതായി മാറിയിരിക്കുന്നു നമ്മുടെ രാജ്യം.

ഈ വർഷം ജനുവരി മുതൽക്കേ കോവിഡ് ഭീതി നമ്മുടെ പടിവാതിൽക്കൽ എത്തിയെങ്കിലും, സർക്കാർ കാണിച്ച തികഞ്ഞ നിഷേധാത്മക സമീപനം വലിയ ദുരിതത്തിലേക്കാണ് രാജ്യത്തെ തള്ളിയിട്ടത്. ഈ കടുത്ത പ്രതിസന്ധിയുടെ മുന്നിൽ യാതൊരു കാഴ്ചപ്പാടും, പ്രതിരോധ നിലപാടുകളുമില്ലാതെ ഇരുട്ടിൽ തപ്പുന്ന ഭരണകൂടം കണ്ണടച്ച് ഇരുട്ടാക്കാനുള്ള ശ്രമം തന്നെയാണ് ഇപ്പോഴും സ്വീകരിച്ചിരിക്കുന്നതെന്ന വസ്തുത ആശങ്കാജനകം തന്നെയാണ്. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിലോ, പരിശോധനകൾ നടത്തുന്നതിലോ, ചികിത്സ സൗകര്യങ്ങൾ ഉറപ്പുവരുത്തുന്നതിലോ യാതൊരു പുരോഗതിയോ, ചുവടുവെയ്പുകളോ സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവുന്നില്ല.

ക്വാറന്റയ്ൻ സംവിധാനത്തിന് തന്നെ അർത്ഥമില്ലാതായിരിക്കുന്നു. ആശുപത്രികളിൽ വേണ്ടത്ര സൗകര്യമില്ലാതെ നിസ്സഹായരായ ജനങ്ങൾ ഓരോ ദിവസവും മരിച്ചു വീഴുന്നു. മറ്റൊരു ഭാഗത്ത് രാജ്യത്തിൻറെ സാമ്പത്തിക അടിത്തറ തന്നെ താറുമാറായിരിക്കുന്നു. തൊഴിലില്ലായ്മയും, അവശ്യ വസ്തുക്കളുടെ ലഭ്യതയില്ലായ്മയും മൂലം ജനങ്ങൾ നെട്ടോട്ടമോടുന്നു. ഈ ദുരിതക്കയത്തിലും ജനങ്ങൾക്ക്‌ മേൽ അധിക ദുരിതവും, അധിക ഭാരവും അടിച്ചേൽപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.

ഒരാഴ്ച കൊണ്ട് നാലു രൂപയോളമാണ് പെട്രോൾ ഡീസൽ വിലയിൽ വർദ്ധനവുണ്ടാക്കിയിരിക്കുന്നത്. കണ്ണിൽച്ചോരയില്ലാത്ത ഒരു ഭരണകൂടം അടിച്ചേൽപ്പിക്കുന്ന ഈ അധിക ഭാരത്തിനു കീഴിൽ ഞെരിഞ്ഞമരുകയാണ് എല്ലാ വിഭാഗം ജനങ്ങളും. ദുരിതക്കയത്തിൽ അകപ്പെട്ടു പോയ സാധാരണക്കാർക്ക് നേരിട്ട് പണമെത്തിക്കാനുള്ള ആവശ്യകതയെ ക്കുറിച്ചു എല്ലാ സാമ്പത്തിക വിഗഗ്ധരും ഊന്നിപ്പറഞ്ഞിട്ടും അങ്ങനെയൊരു പദ്ധതിയെക്കുറിച്ചു ഇതുവരെ ചിന്തിച്ചിട്ട് പോലുമില്ല സർക്കാർ.

എല്ലാ ഉത്തരവാദിത്തങ്ങളിൽ നിന്നും കൈകഴുകി തല മണ്ണിൽപ്പൂഴ്ത്തി നിൽക്കുന്ന ഒട്ടകപ്പക്ഷിയുടെ സമീപനമാണ് സർക്കാരിന്. രോഗവ്യാപന തോത് കുറക്കാനും, സാമ്പത്തിക രംഗം മെച്ചപ്പെടുത്താനും ഗവണ്മെന്റ് എന്ത് ചെയ്യുന്നു എന്നാണ് രാജ്യം ഉറ്റു നോക്കിക്കൊണ്ടിരിക്കുന്നത്. ഈ കാതലായ ചോദ്യങ്ങൾക്ക് ഒന്നും തന്നെ മറുപടിയില്ലാതെ ഉറക്കം നടിക്കുന്ന സർക്കാർ പരിഹരിക്കാനാവാത്ത അപകടച്ചുഴിയിലേക്കാണ് രാജ്യത്തെ നയിക്കുന്നത്''.

സച്ചിൻ പൈലറ്റ് ദില്ലിയിൽ ബിജെപി ഉന്നതരെ കണ്ടു? കോൺഗ്രസിന് അപായ മുന്നറിയിപ്പ് നൽകി ശിവസേന!

English summary
KC Venugopal slams Modi government for Covid spread
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X