രാജ്ഭവനെ ആരും നിയന്ത്രിക്കേണ്ട; ഉമ്മന്‍ചാണ്ടിയേയും ചെന്നിത്തലയേയും കണ്ടുപഠിക്കാന്‍ സതീശനോട് ഗവര്‍ണര്‍
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ വീണ്ടും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് നിയമനത്തിനെതിരെയാണ് ഗവര്‍ണര്‍ രംഗത്തെത്തിയിരിക്കുന്നത്. പേഴ്സണല്‍ സ്റ്റാഫില്‍ പാര്‍ട്ടി റിക്രൂട്ട്മെന്റാണ് നടക്കുന്നതെന്നാണ് ആരിഫ് മുഹമ്മദ് ഖാന്‍ ആരോപിച്ചു. രാജ്ഭവനെ നിയന്ത്രിക്കാന്‍ മറ്റാര്‍ക്കും അധികാരമില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. രാജ്ഭവനെ മറ്റാരെങ്കിലും നിയന്ത്രിക്കാന്‍ ശ്രമിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരിന് അതിന് യാതൊരു അവകാശവുമില്ലെന്നും തനിക്ക് ഉത്തരം പറയാനുള്ള ബാധ്യത രാഷ്ട്രപതിയോട് മാത്രമേയുള്ളൂവെന്നും ആരിഫ് മുഹമ്മദ് ഖാന്‍ കൂട്ടിച്ചേര്‍ത്തു.
രാജ്ഭവന്‍ നിയന്ത്രിക്കാന്‍ പുറത്തുനിന്നു ശ്രമമുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്ഭവനെ അപകീര്‍ത്തിപ്പെടുത്താനും നീക്കമുണ്ട്. നയപ്രഖ്യാപന പ്രസംഗവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് നിയമനത്തിന്റെ പേരില്‍ പാര്‍ട്ടി കേഡര്‍ വളര്‍ത്തുന്നുവെന്ന വിമര്‍ശനം ഇന്നും ഗവര്‍ണര്‍ ആവര്‍ത്തിച്ചു. രണ്ട് വര്‍ഷം കൂടുമ്പോള്‍ സ്റ്റാഫിനെ മാറ്റുന്നത് വഴി സംസ്ഥാനത്തിന് വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാക്കുന്നത്. പൊതുജനങ്ങളുടെ പണമാണ് ഇത്തരത്തില്‍ നഷ്ടമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

രണ്ട് വര്‍ഷം കഴിഞ്ഞാല്‍ പെന്‍ഷന്‍ എന്ന രീതിയെയാണ് താന്‍ ഏറ്റവുമധികം എതിര്‍ത്തതെന്നും ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി. ഇത് റദ്ദാക്കി നയപ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്തണമെന്ന് താന്‍ ആവശ്യപ്പെട്ടിരുന്നെന്നും ഗവര്‍ണര്‍ അറിയിച്ചു. താന്‍ കേന്ദ്രമന്ത്രിയായിരുന്നപ്പോള്‍ 11 പേരാണ് പേഴ്‌സണല്‍ സ്റ്റാഫില്‍ ഉണ്ടായിരുന്നത്. ഇവിടെ പല മന്ത്രിമാര്‍ക്കും 20 പേരിലധികം പേഴ്‌സണല്‍ സ്റ്റാഫായി ഉണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ ജ്യോതിലാലിനെ മാറ്റാന്‍ താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. തന്റെ നിലപാടുകളില്‍ നിന്ന് പിന്നോട്ടുപോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം പ്രതിപക്ഷ നേതാവ് വി ഡി സതീശന് എതിരേയും അദ്ദേഹം രംഗത്തെത്തി. ഒരു പ്രതിപക്ഷ നേതാവ് എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടത് എന്ന് വി ഡി സതീശന്‍ ഉമ്മന്‍ ചാണ്ടിയില്‍ നിന്നും രമേശ് ചെന്നിത്തലയില്‍ നിന്നും പഠിക്കണമെന്ന് ഗവര്‍ണര്‍ പറഞ്ഞു. ഗവര്‍ണര്‍ ബാലിശമായി പെരുമാറുന്നുവെന്ന് വിമര്‍ശനം ഉന്നയിച്ച മുന്‍ മന്ത്രി എ കെ ബാലനും അദ്ദേഹം മറുപടി നല്‍കി. മുന്‍മന്ത്രി ബാലിശമായി പെരുമാറുന്നുവെന്നാണ് ഗവര്‍ണര്‍ പ്രതികരിച്ചത്. എ കെ ബാലന് ഇപ്പോള്‍ പണിയൊന്നുമില്ല. അതിനാല്‍ മാധ്യമശ്രദ്ധ പിടിച്ചു പറ്റാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു. പേരിലെ ബാലന്‍ വളരാന്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Recommended Video


പേഴ്സണല്‍ സ്റ്റാഫിലെ രാഷ്ട്രീയ നിയമനത്തെച്ചൊല്ലി ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ ഭിന്നത രൂക്ഷമാകുന്ന കാഴ്ചയാണ് കാണുന്നത്. രാഷ്ട്രീയ നിയമനങ്ങള്‍ പുന:പരിശോധിക്കണമെന്ന് കഴിഞ്ഞ ദിവസം ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. പുതിയ സര്‍ക്കാര്‍ വരുമ്പോള്‍ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉയര്‍ന്ന ശമ്പളത്തില്‍ നിയമനങ്ങള്‍ നടത്തുകയാണ് കാലങ്ങളായി തുടരുന്ന രീതി. രണ്ടര വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയാല്‍ ഇവര്‍ക്ക് പെന്‍ഷന് അര്‍ഹതയുണ്ട്. അതിനാല്‍ രണ്ടര വര്‍ഷത്തിനു ശേഷം പുതിയ ആളുകളെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിയമിക്കുന്നതും പതിവാണ്. 2019-20ല്‍ 34.79 കോടിയാണ് പേഴ്‌സണല്‍ സ്റ്റാഫിന്റെ ശമ്പളവും യാത്രാ ബത്തയുമായി സംസ്ഥാന സര്‍ക്കാര്‍ ചെലവാക്കിയത്. പെന്‍ഷന്‍ ഇനത്തില്‍ 7.13 കോടിയും ഗ്രാറ്റുവിറ്റിയായി 1.79 ലക്ഷവും ചെലവാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം നടന്ന നയപ്രഖ്യാപന പ്രസംഗത്തില്‍ നാടകീയ രംഗങ്ങളായിരുന്നു അരങ്ങേറിയിരുന്നത്. നയപ്രഖ്യാപന പ്രസംഗത്തിനെത്തിയ ഗവര്‍ണറെ ഗോ ബാക്ക് വിളികളോടെയാണ് പ്രതിപക്ഷം വരവേറ്റത്. ഇതിന് ക്ഷുഭിതനായി പ്രതികരിച്ച ഗവര്‍ണര്‍ പ്രതിഷേധിക്കാനുള്ള സ്ഥലം ഇതല്ലെന്നും പറഞ്ഞിരുന്നു. ഇതോടെ പ്രതിപക്ഷം സഭ ബഹിഷ്‌കരിക്കുകയായിരുന്നു. നയപ്രഖ്യാപനത്തില്‍ ഒപ്പിടാതെ സമ്മര്‍ദ്ദത്തിലാക്കിയ ഗവര്‍ണറോട് ഭരണപക്ഷം അനുഭാവപൂര്‍വമായ നിലപാടല്ല കൈക്കൊണ്ടത്. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പറയുമ്പോള്‍ പതിവിന് വിപരീതമായി ഡെസ്‌കിലടിക്കാതെ നിസംഗമായി കേട്ടിരിക്കുക മാത്രമായിരുന്നു ഭരണപക്ഷ എം എല്‍ എമാര്‍ ചെയ്തത്.












Click it and Unblock the Notifications