ജൂനിയര്‍ ഡോക്ടര്‍ മരിച്ചതിന് ശേഷമാണ് സെമിനാര്‍ ഹാളിലെത്തിയതെന്ന് പ്രതി; മൊഴിയില്‍ വൈരുധ്യങ്ങള്‍
കൊല്‍ക്കത്ത: ആര്‍ജി കാര്‍ ആശുപത്രിയിലെ ജൂനിയര്‍ ഡോക്ടറുടെ ബലാത്സംഗ കൊലയില്‍ പ്രതിയായ സഞ്ജയ് റോയ് നുണപരിശോധനയില്‍ പറഞ്ഞത് നിര്‍ണായക കാര്യങ്ങള്‍. ആശുപത്രിയിലെ സെമിനാറില്‍ ഹാളില്‍ താന്‍ എത്തുമ്പോഴേക്ക് ജൂനിയര്‍ ഡോക്ടര്‍ മരിച്ചിരുന്നുവെന്നാണ് നുണപരിശോധനയില്‍ സഞ്ജയ് റോയ് പറഞ്ഞത്.
താന്‍ നിരപരാധിയാണെന്ന് സഞ്ജയ് റോയ് പറഞ്ഞതിനെ തുടര്‍ന്നാണ് ഇയാളെ പോളിഗ്രാഫ് ടെസ്റ്റിന് വിധേയമാക്കിയത്. സഞ്ജയ് റോയിയുടെ ഉത്തരങ്ങള്‍ പലതും വിശ്വസനീയമല്ലെന്നാണ് പരിശോധനയില്‍ വ്യക്തമായതെന്ന് സിബിഐയുമായി അടുത്ത വൃത്തങ്ങള്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. പരിശോധനയ്ക്കിടെ റോയ് ആകെ ആശങ്കയിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

തെളിവുകള്‍ നിരത്തിയാണ് സിബിഐ റോയിയെ ചോദ്യം ചെയ്തത്. സംഭവസ്ഥലത്ത് എത്തുമ്പോഴേക്ക് ജൂനിയര്‍ ഡോക്ടര്‍ മരിച്ചിരുന്നുവെന്ന് റോയ് സിബിഐയോട് പറഞ്ഞു. ഭയം കൊണ്ടാണ് ആശുപത്രിയില്‍ നിന്ന് ഓടിരക്ഷപ്പെട്ടതെന്നും ഇയാള്‍ പറഞ്ഞു. നേരത്തെ വനിതാ ഡോക്ടറുടെ കൊലപാതകത്തില്‍ ഇയാള്‍ കുറ്റസമ്മതം നടത്തിയിരുന്നു.
എന്നാല്‍ അടുത്തിടെ ഇയാള്‍ കൊല്‍ക്കത്ത പോലീസിന് നല്‍കിയ മൊഴി തിരുത്തുകയായിരുന്നു. താന്‍ നിരപരാധിയാണെന്നും, കേസില്‍ കുടുക്കാന്‍ നോക്കുകയാണെന്നും റോയ് ആരോപിച്ചിരുന്നു. ജയിലിലെ ഗാര്‍ഡുകളോട് തനിക്ക് ജൂനിയര്‍ ഡോക്ടറുടെ ബലാത്സംഗ കൊലയെ കുറിച്ച് യാതൊന്നും അറിയില്ലെന്നാണ് ഇയാള്‍ പ്രതികരിച്ചത്.
നേരത്തെ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് മുമ്പാകെ ഇയാള്‍ ഇത്തരം വാദങ്ങള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ സിബിഐയും പോലീസും ഇയാളുടെ മൊഴികളിലെ വൈരുധ്യങ്ങളാണ് ചൂണ്ടിക്കാണിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥരെ വഴിതെറ്റിക്കാനാണ് റോയ് ശ്രമിക്കുന്നതെന്ന് സിബിഐ പരയുന്നത്. മുഖത്തേറ്റ പരുക്കുകളെ കുറിച്ച് ഇയാള്‍ക്ക് വിശദീകരണം ഒന്നും നല്‍കാനില്ല.
കുറ്റകൃത്യം നടക്കുമ്പോള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എന്തിന് പോയി എന്നതിനും ഇയാള്‍ മറുപടി നല്‍കിയില്ല. സെമിനാര്‍ ഹാളിലാണ് ജൂനിയര്‍ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വനിതാ ഡോക്ടറുടെ ശരീരത്തില്‍ 25 മുറിപ്പാടുകള്‍ കണ്ടെത്തിയിരുന്നു. സ്വകാര്യ ഭാഗങ്ങളില്‍ അടക്കമാണ് മുറിപ്പാടുകളുള്ളത്.
അതേസമയം ഇയാളുടെ പരിശോധനയില്‍ ലൈംഗിക വൈകൃതങ്ങള്‍ക്ക് അടിമയാണ് റോയ് എന്ന് കണ്ടെത്തിയിരുന്നു. പോണ്‍ കാണുന്നതിന് അടിമപ്പെട്ടിരിക്കുകയാണ് ഇയാള്‍. മൃഗത്തെ പോലെയാണ് ഇയാള്‍ പെരുമാറിയിരുന്നതെന്നും സിബിഐ പറയുന്നു. സഞ്ജയ് റോയ് പുലര്‍ച്ച നാല് മണിക്ക് ശേഷം സംഭവസ്ഥലത്തേക്ക് എത്തുന്നതായി സിസിടിവി ക്യാമറകളില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ ബ്ലൂടൂത്ത് ഹെഡ് സെറ്റും ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്.












Click it and Unblock the Notifications