കൊല്‍ക്കത്ത ബലാത്സംഗക്കൊല: മമത ഭരണകൂടത്തിനെതിരെ രാജ്യം ഒന്നിക്കുന്നു
കൊല്‍ക്കത്തയിലെ ആര്‍ജി കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം രാജ്യത്തുടനീളം വ്യാപക പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. കേസിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നതോടെ, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയോടും സംസ്ഥാന സര്‍ക്കാരിനോടുമുള്ള രോഷം ആളിക്കത്തിയിരിക്കുകയാണ്. ഈ സംഭവം ആരോഗ്യ മേഖലയില്‍ വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്. മാത്രമല്ല, കേസ് തെറ്റായി കൈകാര്യം ചെയ്തതിന് ബംഗാള്‍ സര്‍ക്കാരിനും പൊലീസിനും വ്യാപകമായ വിമര്‍ശനവും നേരിടേണ്ടി വന്നു.
രോഷം വണ്‍ഇന്ത്യയുമായി പങ്കിട്ട് പ്രതിഷേധക്കാര്‍
ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വണ്‍ഇന്ത്യ നിരവധി പ്രതിഷേധക്കാരുമായും പൊതുജനങ്ങളുമായും സംസാരിച്ചു. കേസ് കൈകാര്യം ചെയ്യുന്നതിനെതിരെ രാജ്യത്തുടനീളമുള്ള മെഡിക്കല്‍ രംഗത്തെ പ്രമുഖര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഡല്‍ഹിയിലെ രാം മനോഹര്‍ ലോഹ്യ ഹോസ്പിറ്റലിലെ റസിഡന്റ് ഡോക്ടര്‍മാര്‍ തങ്ങളുടെ സമരം ആദ്യം പിന്‍വലിച്ചെങ്കിലും ഇന്ത്യയിലുടനീളമുള്ള തങ്ങളുടെ സഹപ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമരം പുനരാരംഭിക്കാന്‍ തീരുമാനിച്ചു. തങ്ങളില്‍ ഒരാള്‍ക്ക് നീതി നിഷേധിക്കപ്പെടുമ്പോള്‍ മെഡിക്കല്‍ സമൂഹം നോക്കിനില്‍ക്കില്ലെന്ന വ്യക്തമായ സന്ദേശമാണ് ഇത് മുന്നോട്ടുവെക്കുന്നത്.

ബെംഗളൂരുവില്‍ നിന്നുള്ള ഡോ. അശ്വിനി ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വനിതാ ഡോക്ടര്‍മാരുടെ ആശങ്ക ഞങ്ങളുമായി പങ്കുവെച്ചു. 'പശ്ചിമ ബംഗാളിലെ സംഭവം ഞങ്ങളെ എല്ലാവരെയും വളരെയധികം ഭയപ്പെടുത്തിയിരിക്കുന്നു. ഞങ്ങള്‍ക്ക് സുരക്ഷ ആവശ്യമാണ്. അക്രമം നേരിട്ട ബംഗാളിലെ ഡോക്ടര്‍ക്ക് നീതി ലഭ്യമാക്കണം,' അശ്വിനി പറഞ്ഞു. സ്വന്തം ജോലിസ്ഥലങ്ങളില്‍ സുരക്ഷിതരല്ലെന്ന് തോന്നുന്ന എണ്ണമറ്റ ആരോഗ്യ പ്രവര്‍ത്തകരുടെ വികാരങ്ങളെ പ്രതിധ്വനിപ്പിക്കുന്നതായിരുന്നു അവരുടെ വാക്കുകള്‍.
ഡോക്ടര്‍മാര്‍ക്ക് സുരക്ഷിതത്വമില്ല എന്നതാണ് പ്രധാന പ്രശ്‌നം എന്ന് ബെംഗളൂരുവില്‍ നിന്നുള്ള മറ്റൊരു ഡോക്ട്ടര്‍ ഷമ റാവു കൂട്ടിച്ചേര്‍ത്തു. 'ഈ സംഭവത്തില്‍ ഇതുവരെ നീതി ലഭിച്ചിട്ടില്ല. അതിനാല്‍ ഞങ്ങളുടെ ജൂനിയര്‍മാരോട് നിര്‍ഭയമായി പ്രവര്‍ത്തിക്കാന്‍ എങ്ങനെ പറയാന്‍ കഴിയും,' ഷമ ചോദിക്കുന്നു. ഈ വികാരമാണ് രാജ്യമെമ്പാടുമുള്ള ഡോക്ടര്‍മാര്‍ പങ്കിടുന്നത്.

സുപ്രീം കോടതിയുടെ ഇടപെടല്‍: പ്രതീക്ഷയുടെ കിരണം
കേസ് സ്വമേധയാ ഏറ്റെടുക്കാനുള്ള സുപ്രീം കോടതിയുടെ തീരുമാനം സാഹചര്യത്തിന്റെ ഗൗരവം അടിവരയിടുന്നു. എഫ്‌ഐആര്‍ ഫയല്‍ ചെയ്യുന്നതിലെ കാലതാമസത്തിനും നിസംഗമായ സമീപനത്തിനും പശ്ചിമ ബംഗാള്‍ സര്‍ക്കാരിനെതിരായ കോടതിയുടെ രൂക്ഷമായ വിമര്‍ശനം നീതി തേടുന്നവരുടെ പോരാട്ടം ശരിയായ രീതിയിലാണ് എന്ന് അടിവരയിടുന്നു.
ഡോക്ടര്‍മാരുടെ സുരക്ഷയ്ക്കും സംരക്ഷണത്തിനുമായി ദേശീയ പ്രോട്ടോക്കോള്‍ രൂപീകരിക്കുന്നതിന് 10 അംഗ ടാസ്‌ക് ഫോഴ്സ് രൂപീകരിക്കാനുള്ള കോടതിയുടെ ഉത്തരവ് ഭാവിയില്‍ ഇത്തരം ഭയാനകമായ സംഭവങ്ങള്‍ തടയുന്നതിനുള്ള നിര്‍ണായക ചുവടുവെപ്പാണ്. ടാസ്‌ക് ഫോഴ്സ് മൂന്നാഴ്ചയ്ക്കുള്ളില്‍ ഇടക്കാല റിപ്പോര്‍ട്ടും രണ്ട് മാസത്തിനുള്ളില്‍ അന്തിമ റിപ്പോര്‍ട്ടും സമര്‍പ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
മമത ബാനര്‍ജി ഭരണകൂടത്തിന്റെ പങ്ക്: സമാനതകളില്ലാത്ത അലംഭാവം
മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ കേസ് കൈകാര്യം ചെയ്തതില്‍ കടുത്ത വിമര്‍ശനം നേരിടേണ്ടി വന്നിട്ടുണ്ട്. എഫ്‌ഐആര്‍ ഫയല്‍ ചെയ്യാന്‍ വൈകിയതും സംഭവം ആത്മഹത്യയായി കുറച്ചുകാണാനുള്ള ആശുപത്രി അധികൃതരുടെ ശ്രമങ്ങളും ആശുപത്രിയിലുണ്ടായ അക്രമാസക്തമായ സംഭവങ്ങളുമെല്ലാം സംസ്ഥാന ഭരണകൂടത്തിന്റെ താല്‍പര്യത്തെ കുറിച്ച് ഗുരുതരമായ ചോദ്യങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്.

'കൊല്‍ക്കത്ത ബലാത്സംഗവും കൊലപാതകവും കൈകാര്യം ചെയ്യുന്നതില്‍ മമത സര്‍ക്കാര്‍ പരാജയപ്പെട്ടു. എഫ്‌ഐആര്‍ ഉടന്‍ ഫയല്‍ ചെയ്തില്ല, അന്വേഷണത്തിനിടയില്‍ നിരവധി വീഴ്ചകള്‍ ഉണ്ടായി. അന്വേഷണം ന്യായമായ രീതിയില്‍ അല്ല. പണം കൊണ്ട് ജീവന്റെ വിലയിടാനാകില്ല,' ഹൈദരാബാദില്‍ നിന്നുള്ള ഒരു ഡോക്ടര്‍ പറഞ്ഞു. അന്വേഷണത്തില്‍ വിട്ടുവീഴ്ചയുണ്ടായെന്നും യഥാര്‍ത്ഥ കുറ്റവാളികളെ ഒരിക്കലും നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ കഴിയില്ലെന്നും വിശ്വസിക്കുന്ന പലരും ഈ വികാരമാണ് പങ്ക് വെക്കുന്നത്.
ഉടനടി നീതി ലഭ്യമാക്കണം എന്ന പ്രധാനമന്ത്രിയുടെ ആഹ്വാനം
സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി, കൊല്‍ക്കത്ത സംഭവത്തെ പരാമര്‍ശിച്ച് ഹീനമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ വേഗത്തിലും കര്‍ശനമായും നടപടിയെടുക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു. ദ്രുതഗതിയിലുള്ള അന്വേഷണവും കുറ്റവാളികള്‍ക്കുള്ള കഠിനമായ ശിക്ഷയ്ക്കുമുള്ള അദ്ദേഹത്തിന്റെ ആഹ്വാനം നീതിക്കായുള്ള രാജ്യത്തിന്റെ മാനസികാവസ്ഥയെ പ്രതിഫലിപ്പിക്കുന്നു.

പ്രധാനമന്ത്രിയുടെ പരാമര്‍ശം പശ്ചിമ ബംഗാള്‍ സര്‍ക്കാരിനെതിരായ നേരിട്ടുള്ള വിമര്‍ശനമായാണ് കണക്കാക്കപ്പെടുന്നത്. വിഷയം ഗൗരവമായി കാണാനും വ്യവസ്ഥിതിയില്‍ വിശ്വാസം പുനഃസ്ഥാപിക്കാന്‍ അഹോരാത്രം പ്രവര്‍ത്തിക്കാനും അവരെ പ്രേരിപ്പിക്കുന്നതാണ് ഇത് എന്നതില്‍ സംശയമില്ല. നീതി ഉറപ്പാക്കുന്നതിനേക്കാള്‍ രാഷ്ട്രീയ കളികളില്‍ താല്‍പ്പര്യം കാണിക്കുന്ന ഒരു സംസ്ഥാന ഭരണകൂടം തങ്ങളെ വഞ്ചിക്കുന്നു എന്ന പൊതുജനവികാരം അദ്ദേഹത്തിന്റെ വാക്കുകള്‍ പ്രതിധ്വനിക്കുന്നു.
നീതിക്കും ഉത്തരവാദിത്വത്തിനുമായി രാജ്യമൊന്നാകെ
രാജ്യത്തുടനീളം മമത ബാനര്‍ജി ഭരണകൂടത്തിന്റെ പരാജയങ്ങള്‍ക്കെതിരെ ശബ്ദങ്ങള്‍ ഉയരുകയാണ്. കൊല്‍ക്കത്തയിലെ ബലാത്സംഗവും കൊലപാതകവും തെറ്റായി കൈകാര്യം ചെയ്തത് ബംഗാള്‍ സര്‍ക്കാരിനും തലവേദന സൃഷ്ടിക്കുന്നു. സുരക്ഷ, നീതി, ഉത്തരവാദിത്തം എന്നിവയ്ക്കായാണ് മെഡിക്കല്‍ സമൂഹം തെരുവിലിറങ്ങിയിരിക്കുന്നത്. ഇത് ഒരു കേസിന്റെ മാത്രം കാര്യമല്ല. മറിച്ച് മുഴുവന്‍ വ്യവസ്ഥയുടെയും സംവിധാനത്തിന്റേയും സമഗ്രതയെക്കുറിച്ചാണ് ചോദ്യമുയര്‍ത്തുന്നത്. മാറ്റത്തിനായുള്ള അവരുടെ ആഹ്വാനത്തില്‍ ഇന്ത്യയിലെ ജനങ്ങള്‍ ഒറ്റക്കെട്ടാണ്. ഉത്തരവാദിത്തം കാണിക്കേണ്ടവര്‍ അത് ചെയ്യാതിരിക്കുന്നിടത്തോളം കാലം ഇവര്‍ക്ക് വിശ്രമമുണ്ടായിരിക്കില്ല.












Click it and Unblock the Notifications