കര്‍ഷകര്‍ക്കിടയിലേക്ക് വാഹനം ഇടിച്ചുകയറ്റിയത് യാദൃശ്ചികമല്ല; മനഃപ്പൂര്‍വമെന്ന് കണ്ടെത്തല്‍
ലഖ്‌നൗ: ഉത്തര്‍ പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകര്‍ വാഹനമിടിച്ച് മരിച്ച സംഭവത്തിന് പിന്നില്‍ കൃത്യമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് അന്വേഷണ സംഘം. യാദൃശ്ചികമായുണ്ടായ അപകടമായിരുന്നില്ല അത് എന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. കേസിലെ 14 പ്രതികളും കൊലക്കുറ്റം നേരിടേണ്ടിവരുമെന്നും അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ആസൂത്രിതമായിട്ടാണ് അപകടമുണ്ടാക്കിയത്. കൊലക്കേസ് എന്ന ഗണത്തില്‍ ഉള്‍പ്പെടുത്തിയാണ് പ്രത്യേക സംഘം കേസ് അന്വേഷിക്കുന്നതെന്നും എബിപി ന്യൂസ് ഉള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ ഒക്ടോബര്‍ മൂന്നിനാണ് ഉത്തര്‍ പ്രദേശിലെ ലഖിംപുര്‍ ഖേരിയില്‍ അപകടം നടന്നത്. കര്‍ഷകരുടെ റാലിക്കിടയിലേക്ക് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ അജയ് മിശ്രയുടെ മകന്റെ വാഹനം ഇടിച്ചുകയറ്റുകയായിരുന്നു. നാല് കര്‍ഷകര്‍ കൊല്ലപ്പെട്ടു. തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷമുണ്ടാകുകയും ചെയ്തിരുന്നു. ഈ സംഘര്‍ഷത്തില്‍ ബിജെപി പ്രവര്‍ത്തകരും കൊല്ലപ്പെട്ടു. അജയ് മിശ്രയെ കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് കര്‍ഷരും പ്രതിപക്ഷ പാര്‍ട്ടികളും ആവശ്യപ്പെട്ടിരുന്നെങ്കിലും നരേന്ദ്ര മോദി സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. പ്രതിഷേധം ശക്തമായതോടെ മന്ത്രിയുടെ മകനെ അറസ്റ്റ് ചെയ്തു.
മനഃപ്പൂര്‍വമുള്ള നീക്കങ്ങളാണ് സംഭവത്തിന് പിന്നില്‍ എന്ന് തെളിഞ്ഞ സാഹചര്യത്തില്‍ കൊലക്കുറ്റം ചുമത്താന്‍ അന്വേഷണ സംഘം സിജെഎം കോടതിയുടെ അനുമതി തേടി. പ്രത്യേക അന്വേഷണ സംഘത്തിന്റെ മേധാവി വിദ്യറാം ദിവാകര്‍ ആണ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചത്. സെക്ഷന്‍ 307 (കൊലപാതക ശ്രമം), 326 അപകടകരമായ ആയുധം കൊണ്ട് മനഃപ്പൂര്‍വം മുറിപ്പെടുത്തല്‍, 34 (ഒരു ലക്ഷ്യത്തിന് വേണ്ടി ഒരുകൂട്ടം ആളുകള്‍ പ്രവര്‍ത്തിക്കല്‍) എന്നീ വകുപ്പുകള്‍ കൂടി പ്രതികള്‍ക്കെതിരെ ചുമത്തും.
കത്രീന കൈഫിന്റെ രാജകീയ വിവാഹം; തിളങ്ങിയത് 6 സഹോദരിമാര്‍, ചിത്രങ്ങളുമായി നടി, വൈറല്‍
ബിജെപി നേതാവിന്റെ വാഹനം ഇടിച്ച് രമണ്‍ കശ്യപ് എന്ന പ്രാദേശിക മാധ്യമപ്രവര്‍ത്തകനും കൊല്ലപ്പെട്ടിരുന്നു. വാഹനം അമിത വേഗതയില്‍ കര്‍ഷകര്‍ക്കിടയിലേക്ക് ഇടിച്ചുകയറ്റുന്നതുള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ പുറത്തുവരികയും ചെയ്തിരുന്നു. നാല് കര്‍ഷകര്‍ കൊല്ലപ്പെട്ടതോടെ സംഘര്‍ഷമായി. വാഹന വ്യൂഹത്തിലുണ്ടായിരുന്ന രണ്ട് ബിജെപി പ്രവര്‍ത്തകര്‍ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടു. കൂടാതെ ഡ്രൈവറും കൊല്ലപ്പെട്ടു.
യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ ഉള്‍പ്പെടെയുള്ളവരുടെ പൊതുപരിപാടി മേഖലയില്‍ സംഘടിപ്പിച്ചിരുന്നു. ഇവിടേക്ക് പ്രതിഷേധത്തിന് പോകുകയായിരുന്നു കര്‍ഷകര്‍. ഇതേ പരിപാടിക്ക് പോകുകയായിരുന്നു ബിജെപി പ്രവര്‍ത്തകരും. കര്‍ഷക സമരം ശക്തിപ്പെട്ട വേളയിലായിരുന്നു ഈ സംഭവം. ഇതോടെ കേന്ദ്രമന്ത്രിയുടെ മകനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ഉയര്‍ന്നു. ഏറെ നാള്‍ ഒളിവിലായിരുന്ന മന്ത്രി പുത്രനെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.












Click it and Unblock the Notifications