ലഖിംപൂര്‍ ഖേരി: രാജി വെയ്ക്കില്ലെന്ന് കേന്ദ്ര സഹമന്ത്രി അജയ് മിശ്ര, ദില്ലിയിൽ അമിത് ഷായുമായി കൂടിക്കാഴ്ച
ദില്ലി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി ലഖിംപൂര്‍ ഖേരി സംഭവത്തില്‍ പ്രതിക്കൂട്ടിലായ കേന്ദ്ര സഹമന്ത്രി അജയ് മിശ്ര. അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയുടെ വാഹനമാണ് ഉത്തര്‍ പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ സമരം ചെയ്തിരുന്ന കര്‍ഷകര്‍ക്ക് മേല്‍ ഓടിച്ച് കയറ്റി കൂട്ടക്കൊല നടത്തിയത് എന്നാണ് ആരോപണം. കര്‍ഷകരുടെ മരണത്തില്‍ ആശിഷ് മിശ്ര അടക്കമുളളവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി പോലീസ് കേസെടുത്തിട്ടുണ്ട്. ലഖിംപൂര്‍ ഖേരി സംഭവത്തിന്റെ പശ്ചാത്തലത്തില്‍ അജയ് മിശ്രയെ കേന്ദ്ര മന്ത്രിസഭയില്‍ നിന്നും പുറത്താക്കണം എന്ന ആവശ്യം ശക്തമാണ്.
അമിത് ഷായെ കാണാന്‍ അജയ് മിശ്ര സ്വയം എത്തിയതാണോ അതോ അമിത് ഷാ വിളിപ്പിച്ചതാണോ എന്നത് വ്യക്തമല്ല. മന്ത്രിസ്ഥാനം രാജി വെയ്ക്കാന്‍ സമ്മര്‍ദ്ദമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ അജയ് മിശ്ര തള്ളി. താന്‍ എന്തിനാണ് രാജി വെയ്ക്കുന്നത് അജയ് മിശ്ര ചോദിച്ചത്. തങ്ങള്‍ക്ക് മേല്‍ യാതൊരു വിധത്തിലുമുളള സമ്മര്‍ദ്ദമില്ല. സംഭവത്തില്‍ തങ്ങള്‍ അന്വേഷണം നടത്തുന്നുണ്ട്. പ്രശ്‌നത്തില്‍ ഉള്‍പ്പെട്ടിട്ടുളളവര്‍ക്കും ഗൂഢാലോചന നടത്തിയവര്‍ക്കും എതിരെ നടപടിയെടുക്കുമെന്നും അജയ് മിശ്ര എന്‍ഡിടിവിയോട് പ്രതികരിച്ചു.
സുന്ദരീ... റെഡിൽ അതീവ സുന്ദരിയായി ഭാവനയുടെ ചിത്രങ്ങൾ, ഏറ്റെടുത്ത് ആരാധകർ
Recommended Video

സംഭവം നടക്കുമ്പോള്‍ ലഖിംപൂര്‍ ഖേരിയില്‍ താനോ മകനോ ഉണ്ടായിരുന്നില്ല എന്നാണ് അജയ് മിശ്ര ആവര്‍ത്തിക്കുന്നത്. ലഖിംപൂര്‍ ഖേരിയില്‍ 4 കര്‍ഷകര്‍ അടക്കം എട്ട് പേരാണ് കൊല്ലപ്പെട്ടത്. അജയ് മിശ്രയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി കര്‍ഷകര്‍ നടത്തിയ പ്രതിഷേധത്തിലേക്ക് മന്ത്രിയുടെ വാഹനവ്യൂഹത്തിലെ ഒരു കാര്‍ ഓടിച്ച് കയറ്റുകയായിരുന്നു. ഈ വാഹനം ഓടിച്ചിരുന്നത് കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര ആയിരുന്നു എന്നാണ് കര്‍ഷകര്‍ ആരോപിക്കുന്നത്.
അപകടമുണ്ടാക്കിയ എസ്യുവി തന്റെതാണ് എന്ന് അജയ് മിശ്ര സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ താനോ മകനോ ആ സമയത്ത് സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നാണ് മന്ത്രി പറയുന്നത്. കര്‍ഷകരെ ഇടിച്ച് കൊലപ്പെടുത്തിയ മഹീന്ദ്ര താര്‍ വാഹനം തങ്ങളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളളതാണ് എന്നാണ് ആദ്യ ദിവസം മുതല്‍ താന്‍ പറയുന്നത്. തങ്ങളുടെ ജോലിക്കാരെ കയറ്റിയ ശേഷം മറ്റൊരാളെ കൊണ്ടുവരാന്‍ വേണ്ടിയായിരുന്നു വാഹനം പോയിരുന്നത്. തന്റെ മകന്‍ അപ്പോള്‍ വേറൊരു സ്ഥലത്തായിരുന്നു ഉണ്ടായിരുന്നത്. രാവിലെ 11 മുതല്‍ വൈകുന്നേരം വരെ അവന്‍ മറ്റൊരു പരിപാടിയുടെ തിരക്കിലായിരുന്നു. മകന്‍ ഉണ്ടായിരുന്ന സ്ഥലത്ത് ആയിരക്കണക്കിന് ആളുകള്‍ ഉണ്ടായിരുന്നു. അതിന്റെ ഫോട്ടോകളും വീഡിയോകളും ഉണ്ട്. മകന്റെ കോള്‍ റെക്കോര്‍ഡുകളും ലൊക്കേഷനുമടക്കം എല്ലാം പരിശോധിക്കാവുന്നതാണ്. ആശിഷ് മിശ്ര അവിടെ ഉണ്ടായിരുന്നു എന്ന് സത്യാവാങ്മൂലം നല്‍കാന്‍ ആയിരങ്ങളുണ്ട്- അജയ് മിശ്ര പറഞ്ഞു.
തന്റെ ഡ്രൈവര്‍ കൊല്ലപ്പെട്ടു, രണ്ട് ജോലിക്കാരും കൊല്ലപ്പെട്ടു. ഒരു ജോലിക്കാരന്‍ രക്ഷപ്പെട്ടു. മൂന്ന് ജോലിക്കാര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. കാര്‍ അവിടെ തന്നെ നിര്‍ത്തി. ആ വാഹനവും ഒരു ഫോര്‍ച്യൂണറും തീവെച്ച് നശിപ്പിച്ചു. അത്തരക്കാര്‍ ഒരിക്കലും കര്‍ഷകരാകാന്‍ വഴിയില്ല. കര്‍ഷകരുടെ ഇടയില്‍ തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നുണ്ടെന്നും അജയ് മിശ്ര ആരോപിച്ചുു. മന്ത്രിയുടെ എസ്യുവി ഒരു കൂട്ടം കര്‍ഷകര്‍ക്ക് മേലെ പാഞ്ഞുകയറുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ബിജെപി എംപി വരുണ്‍ ഗാന്ധി അടക്കമുളളവര്‍ ഈ വീഡിയോ പങ്കുവെച്ചതോടെ അത് വൈറലായി. വാഹനത്തിന്റെ ഡ്രൈവിംഗ് സീറ്റില്‍ ആരാണ് എന്നത് വീഡിയോയില്‍ നിന്നും വ്യക്തമല്ല.












Click it and Unblock the Notifications