തെറ്റുകള്‍ ഏറ്റുപറഞ്ഞ് സോണിയക്കരികെ ലാലു
ദില്ലി: 2014 ലോക്‌സഭാ തിരഞ്ഞെടുപ്പിന് കോണ്‍ഗ്രസും ആര്‍ ജെ ഡിയും കൈ കോര്‍ക്കാനുള്ള സാധ്യതയേറുന്നു. ജയിലില്‍ നിന്നും പുറത്തിറങ്ങിയ ലാലുവിനെ സോണിയാ ഗാന്ധി ഫോണില്‍ വിളിച്ച് അഭിനന്ദിച്ചതിന് പിന്നാലെ ലാലു സോണിയയെ കാണാനായി ദില്ലിയിലെത്തിയതാണ് സഖ്യ സാധ്യതകളെ സജീവമാക്കിയത്. ദില്ലിയില്‍ സോണിയാ ഗാന്ധിയെ കാണാനെത്തിയ ലാലു പ്രസാദ് യാദവ് പത്ത് മിനുട്ടോളം അവര്‍ക്കൊപ്പം ചെലവഴിച്ചു.
ബീഹാറില്‍ കോണ്‍ഗ്രസുമായി സഹകരിക്കാന്‍ ആര്‍ ജെ ഡി തയ്യാറാണ് എന്ന് ലാലു സോണിയാ ഗാന്ധിയെ അറിയിച്ചു. സഖ്യത്തിന് ഒരവസരം കൂടി നല്‍കണം, 2009 ല്‍ സംഭവിച്ച പോലെ ഒരിക്കല്‍ കൂടി താന്‍ യു പി എ വിട്ട് പോകില്ല. ബീഹാറില്‍ വര്‍ഗീയ ശക്തികളെ അകറ്റിനിര്‍ത്താന്‍ കോണ്‍ഗ്രസ് - ആര്‍ ജെ ഡി സഖ്യത്തിന് കഴിയുമെന്നും ലാലു പ്രതീക്ഷ പ്രകടിപ്പിച്ചു.

നരേന്ദ്രമോഡി, അരവിന്ദ് കെജ്രിവാള്‍ എന്നിവരെക്കാള്‍ ആയിരം മടങ്ങ് നല്ല നേതാവാണ് രാഹുല്‍ ഗാന്ധി എന്ന് വാഴ്ത്താനും ലാലു മറന്നില്ല. കോണ്‍ഗ്രസാണ് ഇന്ത്യയിലെ ദേശീയ പാര്‍ട്ടി. കോണ്‍ഗ്രസിനൊപ്പം ആര്‍ ജെ ഡി കൂടി ചേര്‍ന്നാല്‍ പിന്നീട് തങ്ങള്‍ക്ക് തിരിഞ്ഞുനോക്കേണ്ടി വരില്ല. എന്തായാലും ഈ മാസം തന്നെ തങ്ങള്‍ക്ക് വീണ്ടും കാണാമെന്നും കാര്യങ്ങള്‍ അപ്പോള്‍ തീരുമാനിക്കാമെന്നും സോണിയാ ഗാന്ധി ഉറപ്പുനല്‍കിയതായി റിപ്പോര്‍ട്ടുണ്ട്.
കാലിത്തീറ്റ കുംഭകോണ കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്ന ലാലു പ്രസാദ് യാദവ് കഴിഞ്ഞയാഴ്ചയാണ് പരോളില്‍ ഇറങ്ങിയത്. പുറത്തിറങ്ങിയ ലാലുവിനെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഫോണില്‍ വിളിച്ച് അഭിനന്ദിച്ചിരുന്നു. ബീഹാറില്‍ നിതീഷ് കുമാറിന്റെ ജെ ഡി യുവിനെയും ബി ജെ പിയെയും തറപറ്റിക്കാന്‍ ആര്‍ ജെ ഡിക്കും കോണ്‍ഗ്രസിനും കൂട്ടാളികളെ കൂടെ കൂട്ടിയേ തീരൂ.












Click it and Unblock the Notifications