സ്റ്റീവ് ജോബ്‌സിൻ്റെ ഭാര്യ ലോറീൻ പവലും മഹാകുംഭമേളയില്‍: പുതിയ പേര് സ്വീകരിച്ചു; കാശിയിലും ദർശനം
പ്രയാഗ്‌രാജ്: പ്രയാഗ്‌രാജില്‍ നടക്കുന്ന മഹാകുംഭമേളയില്‍ പങ്കെടുത്ത് ലോറീൻ പവൽ ജോബ്‌സ്. അന്തരിച്ച ആപ്പിള്‍ സഹസ്ഥാപകൻ സ്റ്റീവ് ജോബ്‌സിൻ്റെ ഭാര്യയാണ് ലോറീൻ പവൽ ജോബ്‌സ്. മഹാകുംഭമേളയിൽ പങ്കെടുക്കുന്നതിനും ത്രിവേണി സംഗമത്തില്‍ പുണ്യസ്നാനം ചെയ്യുന്നതിന് മുന്നോടിയായി വാരാണസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തിലെത്തി ലോറീൻ പവൽ ജോബ്‌സ് ദർശനം നടത്തി. പിന്നാലെ നിരഞ്ജനി അഖാരയുടെ നിർദേശപ്രകാരം 'കമല' എന്ന ഹിന്ദുനാമവും അവർ സ്വീകരിച്ചു.
ലോറീൻ അടുത്ത ഏതാനും ദിവസവും ഉത്തർപ്രദേശിലുണ്ടാകും. ഇക്കാലയളവില്‍ നിരഞ്ജനി അഖാരയുടെ കൈലാസനാന്ദ് ഗിരി മഹാരാജിന്റെ കഥകൾ കേൾക്കുകയും കൽപവസ് പ്രകാരം പത്ത് ദിവസം ദിനചര്യകൾ പിന്തുടരുകയും ചെയ്യും. ഈ ദിവസങ്ങളില്‍ അതിരാവിലെ പുണ്യനദിയില്‍ സ്നാനം ചെയ്ത് മന്ത്രങ്ങള്‍ ഉരുവിട്ടും വേദങ്ങള്‍ വായിച്ചുമായിരിക്കും അവർ തീർത്ഥാടന കാലം ചിലവഴിക്കുക. ജനുവരി 20 ന് നിയുക്ത പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ യുഎസിലേക്ക് മടങ്ങുന്നത് വരെ നിരഞ്ജിനി അഖാര ക്യാമ്പിലായിരിക്കും ലോറിന്റെ താമസം.

അതേസമയം, ലോറിന്‍ കാശി വിശ്വനാഥ ക്ഷേത്രം സന്ദർശിച്ചെങ്കിലും ശിവലിംഗത്തിൽ തൊടാൻ അനുമതിയുണ്ടായിരുന്നില്ല. ചില ആചാരങ്ങള്‍ ഉയർത്തിപ്പിടിക്കുകയും ഇന്ത്യൻ പാരമ്പര്യങ്ങൾ പിന്തുടരുകയും ചെയ്യേണ്ടത് തൻ്റെ കടമയാണെന്നായിരുന്നു ഇതേക്കുറിച്ച് ആത്മീയ നേതാവ് സ്വാമി കൈലാസാനന്ദ ഗിരി മഹാരാജ് വിശദീകരിച്ചത്.
"അവർ വളരെ അധികം മതവിശ്വസിയും ആത്മീയ പാത പിന്തുടരുന്ന വ്യക്തിയുമാണ്. അവർക്ക് നമ്മുടെ പാരമ്പര്യങ്ങളെക്കുറിച്ച് പഠിക്കാൻ ആഗ്രഹമുണ്ട്. എന്നെ ഒരു പിതാവായും ഗുരുവായും കണ്ട് അവർ ബഹുമാനിക്കുന്നു. എല്ലാവർക്കും അവരിൽ നിന്നും ഒരുപാട് പഠിക്കാനുണ്ട്. ഇന്ത്യൻ പാരമ്പര്യങ്ങൾ ലോകം അംഗീകരിക്കുന്നു." സ്വാമി കൈലാസാനന്ദ് ഗിരി വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
"അവരുടെ കാശി വിശ്വനാഥ ക്ഷേത്രം സന്ദർശനവുമായി ബന്ധപ്പെട്ട് ഒരു തർക്കവുമില്ല. ഞാൻ ഒരു ആചാര്യനാണ്, പാരമ്പര്യങ്ങളും അടിസ്ഥാന തത്വങ്ങളും പാലിക്കേണ്ടതും ആചാരങ്ങള്‍ നിലനിർത്തേണ്ടതും എൻ്റെ ജോലിയാണ്. അവൾ എൻ്റെ മകളാണ്, മഹർഷി വ്യാസാനന്ദയും ഉണ്ടായിരുന്നു. ഞങ്ങളുടെ വീട്ടുകാർ എല്ലാവരും 'അഭിഷേകം' ചെയ്തു പൂജിച്ചു... അവൾക്ക് പ്രസാദവും മാലയും കൊടുത്തു, എന്നാൽ ഹിന്ദുവല്ലാത്ത ആർക്കും കാശി വിശ്വനാഥനെ തൊടാൻ പാടില്ല എന്നൊരു ആചാരമുണ്ട്. ഞാൻ ഇവിടെ ആ പാരമ്പര്യം കാത്തുസൂക്ഷിച്ചില്ലെങ്കിൽ, അത് തകർക്കപ്പെടും." സ്വാമി കൈലാസാനന്ദ് ഗിരി മഹാരാജ് പറഞ്ഞു.












Click it and Unblock the Notifications