കത്വയിലെ മൃഗീയത; ദീപികയ്ക്കും ജല്ലയ്ക്കും രാജ്യത്തിന്റെ സല്യൂട്ട്!! ജീവന്‍ പണയപ്പെടുത്തിയ പോരാട്ടം

  • Written By:
Subscribe to Oneindia Malayalam

ശ്രീനഗര്‍: മനുഷ്യമനസാക്ഷിയെ ആഴത്തില്‍ മുറവേല്‍പ്പിച്ച കത്വയിലെ ബാലികയെ പീഡിപ്പിച്ച് കൊന്ന സംഭവം പുറത്തായത് രണ്ടുപേരുടെ ശ്രമഫലമായി. ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന് നേതൃത്വം കൊടുത്ത രമേശ് കുമാര്‍ ജല്ലയുടെയും അഭിഭാഷക ദീപിക സിങിന്റെയും ധീരമായ ഇടപെടലുകളും സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാത്ത നിലപാടുകളുമാണ് ക്രൂരകൃത്യത്തിന്റെ ചുരുളഴിച്ചത്.

അക്രമികള്‍ സമ്മര്‍ദ്ദം ചെലുത്താന്‍ മതവും രാഷ്ട്രീയ ശക്തിയും ഉപയോഗിച്ചെങ്കിലും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതെ ഇരുവരും മുമ്പോട്ട് പോകുകയായിരുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ അക്രമികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചാലും നിശ്ചയദാര്‍ഢ്യമുള്ള ഉദ്യോഗസ്ഥരുണ്ടെങ്കില്‍ രാജ്യത്ത് നീതി പുലരുമെന്നതിന്റെ ഉത്തമ ഉദാഹരണം കൂടിയാണ് ഈ സംഭവം. സമാനതകളില്ലാത്ത സമ്മര്‍ദ്ദവും മാനസിക പീഡനവുമാണ് അഭിഭാഷകയും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനും നേരിടേണ്ടിവന്നത്...

ദീപിക സിങ് രജാവത് ഇടപെടുന്നു

ദീപിക സിങ് രജാവത് ഇടപെടുന്നു

ജനുവരിയിലാണ് കുട്ടിയെ കാണാതായത്. വീട്ടുകാര്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തിയില്ല. പോലീസ് സ്‌റ്റേഷനില്‍ പരാതിയുമായി എത്തിയെങ്കിലും അവര്‍ കാര്യമായി എടുത്തില്ല. മാത്രമല്ല, അവഹേളിക്കുന്ന തരത്തില്‍ സംസാരിക്കുകയും ചെയ്തു. നേരിയ പ്രതിഷേധങ്ങളൊന്നും ഫലം കണ്ടില്ല. ആ വേളയിലാണ് വിഷയത്തില്‍ അഭിഭാഷകയായ ദീപിക സിങ് രജാവത് ഇടപെട്ടത്. അവര്‍ കശ്മീര്‍ ഹൈക്കോടതിയില്‍ റിട്ട് സമര്‍പ്പിച്ചു. കേസില്‍ വിശദമായ അന്വേഷണം ആവശ്യമാണെന്നായിരുന്നു ദീപിയുടെ ആവശ്യം. ഹൈക്കോടതി ഇക്കാര്യം അംഗീകരിച്ചു. കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. ഈ വേളയില്‍ കടുത്ത സമ്മര്‍ദ്ദമായിരുന്നു ദീപിക നേരിട്ടത്.

ബാര്‍ അസോസിയേഷന്റെ എതിര്‍പ്പ്

ബാര്‍ അസോസിയേഷന്റെ എതിര്‍പ്പ്

കേസില്‍ ഇടപെടരുതെന്ന് ദീപികയോട് ജമ്മു ബാര്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടു. ദീപിക അംഗീകരിച്ചില്ല. നിയമപോരാട്ടം തുടരുമെന്ന് അവര്‍ വ്യക്തമാക്കി. ബിജെപി നേതാക്കളും സമ്മര്‍ദ്ദവുമായി വന്നു. കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന് തോന്നിയപ്പോള്‍ ദീപിക കോടതിയെ സമീപിച്ചു സുരക്ഷ ഒരുക്കണമെന്ന ആവശ്യപ്പെട്ടു. കോടതി പോലീസ് സുരക്ഷ നല്‍കാന്‍ നിര്‍ദേശിച്ചു. പിന്നീടും അവര്‍ നിയമപോരാട്ടം തുടര്‍ന്നു. മറ്റു അഭിഭാഷകരെല്ലാം ദീപികയെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. തീവ്ര ഹിന്ദുക്കളില്‍ നിന്നും ഭീഷണിയുണ്ടായി. അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയതോടെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്.

രമേഷ് കുമാര്‍ ജല്ല ഏറ്റെടുക്കുന്നു

രമേഷ് കുമാര്‍ ജല്ല ഏറ്റെടുക്കുന്നു

ദരിദ്ര കുടുംബത്തില്‍പ്പെട്ട എട്ട് വയസുകാരിയാണ് ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടത്. നേരിയ ഭീഷണി മതി അവര്‍ മൗനം പാലിക്കാന്‍. ഈ സാഹചര്യം മനസിലാക്കിയാണ് താന്‍ വിഷയത്തില്‍ ഇടപെട്ടതെന്ന് ദീപിക പറയുന്നു. അന്വേഷണം ആരംരഭിച്ച ക്രൈംബ്രാഞ്ചിനും സമാനമായ പ്രതിസന്ധികള്‍ നേരിട്ടു. സീനിയര്‍ പോലീസ് സൂപ്രണ്ട് രമേഷ് കുമാര്‍ ജല്ലയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്. സമ്മര്‍ദ്ദങ്ങളൊന്നും അദ്ദേഹം കാര്യമാക്കിയില്ല. ഇദ്ദേഹത്തിന്റെ സര്‍വീസ് ചരിത്രം അറിയാവുന്ന ആരുംതന്നെ നേരിട്ട് അദ്ദേഹത്തെ സമീപിച്ചതുമില്ല. ഏറ്റെടുത്ത മിക്ക കേസുകളിലും കൃത്യമായ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിക്കുന്നതാണ് ജല്ലയുടെ രീതി.

പോലീസുകാരെ സംശയിച്ചില്ല, പക്ഷേ..

പോലീസുകാരെ സംശയിച്ചില്ല, പക്ഷേ..

ജല്ലയുടെ നേതൃത്വത്തിലുള്ള സംഘം സമര്‍പ്പിച്ച കുറ്റപത്രമാണ് കൊലപാതകത്തിന്റെ ദുരൂഹത നീക്കിയത്. കുറ്റപത്രം സമര്‍പ്പിക്കാനുള്ള സമയപരിധിയായ 90 ദിവസത്തിന് പത്ത് ദിവസം ബാക്കി നില്‍ക്കെയാണ് ജല്ലയുടെ അന്വഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. അന്വേഷണം തുടങ്ങുമ്പോള്‍ കേസില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന് ജല്ലയ്ക്ക് വ്യക്തമായിരുന്നില്ല. എന്നാല്‍ പിന്നീട് ഓരോ തെളിവും നശിപ്പിക്കാനുള്ള ശ്രമം നടക്കുന്നതായി ജല്ലയ്ക്ക് ബോധ്യമായി. അന്വേഷണത്തിനിടെ തോന്നിയ ചില സംശയകരമായ കാര്യങ്ങള്‍, തെളിവുകള്‍ എന്നിവ പിന്നീട് അപ്രത്യക്ഷമാകുന്നതും ശ്രദ്ധയില്‍പ്പെട്ടു. ഉദ്യോഗസ്ഥരുടെ സഹായമില്ലാതെ ഇത് നടക്കില്ലെന്നും ജല്ലയ്ക്ക് സംശയമുണര്‍ന്നു.

നിരീക്ഷിക്കുന്നുവെന്ന് ബോധ്യമായി

നിരീക്ഷിക്കുന്നുവെന്ന് ബോധ്യമായി

പിന്നീട് അന്വേഷണത്തിന്റെ ഗതിമാറിയത്. കേസ് മൂടിവയ്ക്കാന്‍ ശ്രമിച്ചവരില്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനും നാല് പോലീസ് ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്ന് പിന്നീട് തെളിഞ്ഞു. പ്രതികളെ കസ്റ്റഡിയിലെടുത്തെങ്കിലും അവര്‍ പോലീസുകാരെ കുറിച്ച് ഒരു സൂചനയും നല്‍കിയിരുന്നില്ല. എന്നാല്‍ അന്വേഷണ സംഘത്തിന്റെ സമാന ശക്തിയുള്ള സംഘം കേസിന്റെ കാര്യങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്ന് ജല്ലയ്ക്ക് ചില സംശയങ്ങള്‍ ഉണര്‍ന്നു. പ്രദേശത്തെ ഒരു യുവാവ് കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്യുകയായിരുന്നുവെന്നാണ് കസ്റ്റഡിയിലെടുത്തവര്‍ മൊഴി നല്‍കിയത്. പെണ്‍കുട്ടി മരിച്ചുകിടക്കുന്ന ഫോട്ടോയില്‍ ജല്ലയ്ക്ക് ചില സംശയങ്ങള്‍ ഉണര്‍ന്നു.

ഫോട്ടോയിലെ മറിമായം

ഫോട്ടോയിലെ മറിമായം

ആദ്യം കണ്ട ഫോട്ടോയില്‍ പെണ്‍കുട്ടിയുടെ ശരീരത്തില്‍ ചളി പറ്റിപ്പിടിച്ചിരുന്നു. എന്നാല്‍ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് ഇത്തരത്തില്‍ ചളിയുണ്ടായിരുന്നില്ല. മറ്റെവിടെയോ വച്ച് കൊലപ്പെടുത്തിയ ശേഷം ഇവിടെ ഉപേക്ഷിച്ചതാകാം എന്ന് ജല്ലയ്ക്ക് വ്യക്തമായി. എന്നാല്‍ ഫോട്ടോയിലെ ചളി അന്വേഷണ സംഘത്തിന് സംശയമുണര്‍ത്തിയിട്ടുണ്ടെന്ന് ഗൂഢാലോചന സംഘം അറിഞ്ഞു. പിന്നീട് പ്രചരിച്ച ഫോട്ടോകളില്‍ ചളി ഇല്ലായിരുന്നു. അന്വേഷണം തടസപ്പെടുത്താനും വഴിതിരിച്ചുവിടാനും ശ്രമം നടക്കുന്നതായി ജല്ലയ്ക്ക് ഉറപ്പായി. കൂടുതല്‍ ഫോട്ടോകള്‍ പരിശോധിച്ചു. ചളിയുള്ളതും ഇല്ലാത്തതുമായ ഫോട്ടോകള്‍ ശ്രദ്ധയില്‍പ്പെട്ടു. പോലീസ് ഉദ്യോഗസ്ഥര്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് ജല്ലയ്ക്ക് ബോധ്യമായി.

വസ്ത്രങ്ങള്‍ കഴുകി!!

വസ്ത്രങ്ങള്‍ കഴുകി!!

തെളിവ് നശിപ്പിക്കുന്നതിന് പെണ്‍കുട്ടിയുടെ വസ്ത്രങ്ങള്‍ കഴുകിയിരുന്നുവെന്ന് പിന്നീട് അന്വേഷണസംഘത്തിന് തെളിവ് ലഭിച്ചു. കുട്ടിയുടെ വസ്ത്രമുണ്ടായിരുന്നത് പോലീസ് കസ്റ്റഡിയിലായിരുന്നു. പോലീസ് അറിയാതെ വസ്ത്രത്തില്‍ ഒരുമാറ്റവും വരുത്താന്‍ സാധ്യമാകുമായിരുന്നില്ല. കേസ് ദുര്‍ബലപ്പെടുത്താനും ചില നീക്കങ്ങള്‍ നടക്കുന്നുണ്ടായിരുന്നു. അന്വേഷണം ശരിയായ ദിശയിലാണ് നീങ്ങുന്നതെന്ന് ബോധ്യമായ പോലീസുകാര്‍ പ്രായപൂര്‍ത്തിയാകാത്ത വ്യക്തി മാത്രമാണ് ബലാല്‍സംഗം ചെയ്ത് കൊലപാതകം നടത്തിയത് എന്ന് വരുത്തിത്തീര്‍ക്കാനും ശ്രമിച്ചു. എന്നാല്‍ ഒരാള്‍ മാത്രമല്ല, നിരവധി പേര്‍ ചേര്‍ന്നാണ് പീഡിപ്പിച്ചതെന്ന ക്രൈംബ്രാഞ്ച് സംഘത്തിന് നേരത്തെ തെളിവുകള്‍ ലഭിച്ചിരുന്നു.

പെണ്‍കുട്ടിയുടെ മുടിയിഴകള്‍

പെണ്‍കുട്ടിയുടെ മുടിയിഴകള്‍

പ്രദേശത്തെ പ്രധാന വ്യക്തികളിലേക്ക് അന്വേഷണമെത്തി. മുഖ്യപ്രതി സഞ്ജി റാം, മകന്‍ വിശാല്‍, ഇവരുടെ പ്രായപൂര്‍ത്തിയാകാത്ത ബന്ധു എന്നിവരിലേക്ക് അന്വേഷണമെത്തി. ക്ഷേത്രത്തിലാണ് കുട്ടിയെ ബന്ദിയാക്കി വച്ചിരുന്നതെന്ന് അന്വേഷണ സംഘത്തിന് സംശയമുണര്‍ന്നു. താക്കോല്‍ സഞ്ജി റാമിന്റെ കൈവശമായിരുന്നു. തുറന്നു പരിശോധിച്ചപ്പോള്‍ ബന്ദിയാക്കിയ സൂചനയൊന്നും ലഭിച്ചില്ല. പക്ഷേ വിശദമായ പരിശോധന നടത്തിയപ്പോള്‍ പെണ്‍കുട്ടിയുടെ മുടിയിഴകള്‍ കണ്ടെത്തി. ശാസ്ത്രീയ പരിശോധനയില്‍ ഇത് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടേതാണെന്ന് വ്യക്തമായി.

പഴുതടച്ച കുറ്റപത്രം

പഴുതടച്ച കുറ്റപത്രം

ഇതോടെയാണ് പെണ്‍കുട്ടിയെ തടവിലാക്കിയത് ക്ഷേത്രത്തിലായിരുന്നുവെന്ന് അന്വേഷണ സംഘം തിരിച്ചറിഞ്ഞത്. യഥാര്‍ഥ പ്രതികളിലേക്ക് അന്വേഷണം നീങ്ങിയതോടെ നേരത്തെ സമ്മര്‍ദ്ദം ചെലുത്തിയ പലരും പിന്‍വാങ്ങി. എന്നാല്‍ ബിജെപി മന്ത്രിമാര്‍ തന്നെ പ്രതികളുടെ രക്ഷക്ക് വേണ്ടി രൂപീകരിച്ച ഹിന്ദു ഏകതാ മഞ്ചിന്റെ ഭാഗമായതില്‍ ജല്ല ആശ്ചര്യം പ്രകടിപ്പിക്കുന്നു. എന്നാല്‍ ഇത്തരം സമ്മര്‍ദ്ദങ്ങള്‍ക്കൊന്നും വഴങ്ങാതെ ജല്ല മുന്നോട്ട് പോയി. രാഷ്ട്രീയക്കാര്‍ തന്നെ നേരിട്ട് വിളിച്ചില്ലെന്ന് ജല്ല പറയുന്നു. എന്നാല്‍ ഇവരുടെ പരോക്ഷ ഇടപെടലാണുണ്ടായത്. തനിക്ക് അതു പ്രശ്‌നമായിരുന്നില്ലെന്നും ജല്ല പറയുന്നു. ഓരോ പ്രതികളുടെ നീക്കങ്ങള്‍ പോലും അക്കമിട്ട് നിരത്തി പഴുതടച്ച കുറ്റപത്രമാണ് ജല്ലയുടെ സംഘം സമര്‍പ്പിച്ചത്.

വ്യക്തി വിവരങ്ങള്‍

വ്യക്തി വിവരങ്ങള്‍

കശ്മീരി പണ്ഡിറ്റ് കുടുംബാംഗമാണ് അഭിഭാഷകയായ ദീപിക. 1986ല്‍ കരിഹാമയില്‍ നിന്ന് ജമ്മുവിലേക്ക് എത്തിയതാണ്. ശ്രീനഗര്‍ സ്വദേശിയാണ് ജല്ല. 1984ലാണ് ഇന്‍സ്‌പെക്ടറായി പോലീസില്‍ ചേര്‍ന്നത്. പ്രതികള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കണമെന്ന് തങ്ങള്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നുവെന്ന് ഇരുവരും പറയുന്നു. അന്വേഷണത്തില്‍ ഒരു പാളിച്ചയും വരുത്താതെയാണ് 10 ദിവസം ബാക്കി നില്‍ക്കെ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നതെന്ന് ജല്ല വ്യക്തമാക്കി. ഇന്ന് രാജ്യത്തും പുറത്തും വലിയ വിവാദമായിരിക്കുകയാണ് കത്വ കൂട്ട ബലാല്‍സംഗം. ഐക്യരാഷ്ട്ര സഭ വരെ വിഷയത്തില്‍ ഇടപെട്ടിരിക്കുന്നു. കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് യുഎന്‍ ആവശ്യപ്പെട്ടു.

സിറിയയില്‍ യുദ്ധം കൊടുമ്പിരി കൊണ്ടു; യുഎസ് മിസൈലുകള്‍ തകര്‍ന്നുവീണു, റഷ്യയും പോര്‍ക്കളത്തില്‍

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
He’s A Cop, She’s A Lawyer & Despite Threats, They’re Fighting For Justice In The Kathua Rape Case

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്