തമിഴ്നാട്ടിൽ പുതിയ നീക്കവുമായി വിജയ്; എല്ലാ മണ്ഡലങ്ങളിലും പ്രത്യേക വായനശാലകൾ
ചെന്നൈ; രാഷ്ട്രീയ പ്രവേശനത്തിന്റെ ഭാഗമായി പുതിയ നീക്കവുമായി നടൻ വിജയ്. സംസ്ഥാനത്തെ 234 നിയമസഭാമണ്ഡലങ്ങളിലും വായനശാല തുടങ്ങാനാണ് തീരുമാനം. ആരാധകസംഘടനയായ വിജയ് മക്കൾ ഇയക്കത്തിന്റെ നേതൃത്വത്തിൽ ഇതിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചതായി സംഘടനയുടെ ഭാരവാഹികൾ അറിയിച്ചു.
നേരത്തേ തന്നെ സൗജന്യ ട്യൂഷൻകേന്ദ്രങ്ങൾ, നിയമസഹായകേന്ദ്രം, ക്ലിനിക്കുകൾ എന്നിവ മക്കൾ ഇയക്കത്തിന്റെ നേതൃത്വത്തിൽ വിവിധ മണ്ഡലങ്ങളിൽ ആരംഭിച്ചിരുന്നു.10, പ്ലസ്ടു ക്ലാസുകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്നതായി ആരാധക സംഘടനയുടെ നേതൃത്വത്തിൽ മുൻപ് ചെന്നൈയിൽ പ്രത്യേക പരിപാടിയും സംഘടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും നടന്റെ നേതൃത്വത്തിലുള്ള സജീവ ഇടപെടൽ. ഇതോടെ നടന്റെ രാഷ്ട്രീയ അരങ്ങേറ്റത്തിന്റെ അഭ്യൂഹങ്ങൾ ശക്തമായിരിക്കുകയാണ്.

അടുത്തിടെ തന്റെ പുതിയ ചിത്രമായ ലിയോയുടെ വിജയാഘോഷത്തിനിടെ നിയമസഭാതിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി രാഷ്ട്രീയത്തിലിറങ്ങുമെന്ന് വ്യക്തമായ സൂചന വിജയ് നൽകിയിരുന്നു. ബിഗിൽ സിനിമയിലെ സംഭാഷണത്തെ അനുസ്മരിപ്പിച്ച് '2026ൽ കപ്പ് മുഖ്യം ബിഗിലേ' എന്നായിരുന്നു താരം പറഞ്ഞത്.
'ഇവിടെ എല്ലാവർക്കും സ്ഥാനമുണ്ട്.തമിഴ് സിനിമയിൽ 'ഒരേയൊരു പുരട്ചി തലൈവർ (എംജിആർ) മാത്രമേയുള്ളൂ, ഒരേയൊരു നടികർ തിലകം (ശിവാജി ഗണേശൻ), ഒരേയൊരു ക്യാപ്റ്റൻ (വിജയകാന്ത്), ഒരേയൊരു ഉലകനായകൻ (കമൽഹാസൻ), ഒരേയൊരു സൂപ്പർസ്റ്റാർ (രജനീകാന്ത്), ഒരേയൊരു തല (അജിത് കുമാർ). ദളപതിയെന്നാൽ സൈനികരിൽ നിന്നും ഉത്തരവുകൾ സ്വീകരിക്കുന്നവനാണ്. ജനങ്ങളാണ് എന്റെ രാജാക്കൻമാർ. അവരെ സേവിക്കുന്നയാളാണ് ഞാൻ', എന്നായിരുന്നു വിജയിയുടെ വാക്കുകൾ.
അടുത്ത നിയമസങ തിരഞ്ഞെടുപ്പിന് മുൻപ് വിജയ് രാഷ്ട്രീയപാർട്ടി രൂപീകരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.234-മണ്ഡലങ്ങളിലും ബൂത്ത് കമ്മിറ്റികൾ രൂപീകരിക്കാൻ മക്കൾ ഇയക്കത്തെ ചുമതലപ്പെടുത്തിയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.












Click it and Unblock the Notifications