ബിജെപി തനിച്ച് ഭൂരിപക്ഷം നേടുമെന്ന് അമിത് ഷാ, 55 സീറ്റുകൾ അധികം നേടും,യുപിയിലും ബംഗാളിലും മുന്നേറ്റം
ദില്ലി: 2014ലെ പൊതുതിരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ ഉണ്ടായിരുന്ന ആത്മവിശ്വാസവും വിജയപ്രതീക്ഷയും 2019ലേക്ക് എത്തിയപ്പോള്‍ ബിജെപിക്കില്ല. നോട്ട് നിരോധനവും ജിഎസ്ടിയും കര്‍ഷക പ്രശ്‌നങ്ങളുമെല്ലാം ബിജെപിയെ പ്രതിസന്ധിയിലാക്കി. എന്നാല്‍ പുല്‍വാമയും ബാലാക്കോട്ടും സംഭവിച്ചതോടെ രാജ്യസുരക്ഷയെ മുന്‍നിര്‍ത്തിയാണ് ബിജെപി വോട്ട് പിടിക്കുന്നത്.
ബിജെപി തനിച്ച് ഭൂരിപക്ഷം നേടില്ല എന്നുളള അരുണ്‍ ജെയ്റ്റിലിയുടേയും രാം മാധവിന്റെയും പ്രതികരണം തന്നെ പാര്‍ട്ടി ഇത്തവണ ആത്മവിശ്വാസത്തില്‍ അല്ല എന്നതിന്റെ സൂചനയാണ്. അതേസമയം ബിജെപി 2014ലേതിനേക്കാള്‍ കൂടുതല്‍ സീറ്റ് നേടും എന്നാണ് അമിത് ഷാ പ്രവചിക്കുന്നത്.

ഫലം പ്രവചനാതീതം
മോദി തരംഗം ആഞ്ഞടിച്ച 2014ല്‍ പ്രതിപക്ഷ കക്ഷികളെ നിഷ്പ്രഭരാക്കിക്കൊണ്ടാണ് ബിജെപി വിജയിക്കുകയും കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കുകയും ചെയ്തത്. എന്നാല്‍ ഇക്കുറി രാജ്യത്ത് അത്തരമൊരു തരംഗമില്ലെന്നാണ് സര്‍വ്വേകള്‍. ആരാകും സര്‍ക്കാരുണ്ടാക്കുക എന്നത് പ്രവചനാതീതമാണ്.

ബീജെപി സീറ്റ് ഉയർത്തും
അതേസമയം ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. 2014ല്‍ ബിജെപി നേടിയതിനേക്കാള്‍ സീറ്റുകള്‍ ഇക്കുറി നേടും എന്നാണ് അമിത് ഷായുടെ പ്രതികരണം. മോദിയുടെ ഇമേജും ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളും ബിജെപിയെ വീണ്ടും അധികാരത്തിലെത്തിക്കും.

55 സീറ്റുകള്‍ ബിജെപി അധികം നേടും
2014ല്‍ നേടിയതിനേക്കാള്‍ 55 സീറ്റുകള്‍ ബിജെപി അധികം നേടും എന്നാണ് അമിത് ഷായുടെ പ്രവചനം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ആകെയുളള 543 ലോക്‌സഭാ സീറ്റുകളില്‍ 282 സീറ്റുകളാണ് ബിജെപി സ്വന്തമാക്കിയിരുന്നത്. ഇക്കുറി അതിലും മികച്ച വിജയമുണ്ടാകും.

ബിജെപിക്ക് തനിച്ച് ഭൂരിപക്ഷം
സഖ്യകക്ഷികളുടെ സഹായമില്ലാതെ തന്നെ ഇക്കുറി ബിജെപിക്ക് തനിച്ച് ഭൂരിപക്ഷം തികയ്ക്കാന്‍ സാധിക്കും. ബിജെപിക്ക് പൊതുവേ ശക്തിയില്ലാത്ത കിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചത് ഇത്തവണ വിജയത്തിന് കരുത്താകും എന്നാണ് പാര്‍ട്ടി ദേശീയ അധ്യക്ഷന്റെ കണക്ക് കൂട്ടല്‍.

ബംഗാളിൽ വൻ മുന്നേറ്റം
പശ്ചിമ ബംഗാളില്‍ ആകെയുളള 42 ലോക്‌സഭാ സീറ്റുകളില്‍ 23 എണ്ണം ബിജെപി നേടുമെന്ന് അമിത് ഷാ പറയുന്നു. നിലവില്‍ ബിജെപിക്ക് ഇവിടെ വെറും രണ്ട് സീറ്റുകള്‍ മാത്രമാണ് ഉളളത്. തൃണമൂല്‍ കോണ്‍ഗ്രസാണ് കഴിഞ്ഞ തവണ സംസ്ഥാനത്ത് വന്‍ നേട്ടമുണ്ടാക്കിയത്.

ഒഡിഷയിലും ബിജെപി മുന്നേറ്റം
കൂടാതെ ഒഡിഷയിലും ബിജെപി മുന്നേറ്റമുണ്ടാക്കുമെന്ന് ഷാ പറയുന്നു. ഒഡിഷയിലെ ആകെയുളള 21 ലോക്‌സഭാ സീറ്റുകളില്‍ 13 മുതല്‍ 15 വരെ സീറ്റുകളാണ് ബിജെപിക്ക് അമിത് ഷാ കണക്ക് കൂട്ടുന്നത്. നിലവില്‍ ഇവിടെ ബിജെപിക്കുളളത് വെറും ഒരു സീറ്റ് മാത്രമാണ്.

120 സീറ്റുകളില്‍ ഇത്തവണ വിജയസാധ്യത
2014ല്‍ ബിജെപിക്ക് നഷ്ടപ്പെട്ട 120 സീറ്റുകളില്‍ ഇത്തവണ വിജയസാധ്യത ഉണ്ടെന്നും അമിത് ഷാ പറഞ്ഞു. അക്കൂട്ടത്തില്‍ 55 എണ്ണത്തില്‍ വിജയം ഉറപ്പാണ്. മോദി ബാക്ക് പാക്ക് ചെയ്ത് പോകാന്‍ തയ്യാറായിക്കൊളളൂ എന്നുളള കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പരിഹാസത്തിന് അമിത് ഷാ മറുപടി നല്‍കിയിട്ടുണ്ട്.

രാഹുലിന് മറുപടി
രാഹുല്‍ ഗാന്ധിയുടെ ബാഗ് പാക്ക് ചെയ്യാനുളള ആരെയെങ്കിലും കിട്ടുമോ എന്ന് നമുക്ക് കാണാം എന്നാണ് ഷായുടെ മറുപടി. ബാലാക്കോട്ടിലെ സര്‍ജിക്കല്‍ സ്‌ട്രൈക്കിന് ശേഷം മോദിയുടെ കീഴില്‍ രാജ്യത്തെ ജനങ്ങള്‍ക്ക് സുരക്ഷ അനുഭവപ്പെടുന്നുണ്ട് എന്നും അമിത് ഷാ പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

യുപി തൂത്തുവാരും
ഉത്തര്‍ പ്രദേശില്‍ ഇത്തവണ കൂറ്റന്‍ വിജയം ബിജെപി നേടുമെന്നും ഷാ പറഞ്ഞു. ആകെയുളള 80ല്‍ 73 സീറ്റുകളും ബിജെപി തൂത്തുവാരും. ഉത്തര്‍ പ്രദേശിലെ ജനവികാരം മായാവതിക്കും അഖിലേഷിനും ഒപ്പം അല്ലെന്നും അത് മോദിക്ക് ഒപ്പമാണെന്നും അഭിമുഖത്തില്‍ അമിത് ഷാ അഭിപ്രായപ്പെട്ടു.

എൻഡിഎയിലേക്ക് സ്വാഗതം
തിരഞ്ഞെടുപ്പിന് ശേഷം സര്‍ക്കാരുണ്ടാക്കാന്‍ ബിജെപിക്ക് പുറത്ത് നിന്ന് സഹായം വേണ്ടി വരില്ല. തനിച്ച് തന്നെ ഭരിക്കാനുളള ഭൂരിപക്ഷം ബിജെപി നേടും. തെലങ്കാനയില്‍ കെ ചന്ദ്രശേഖര റാവുവിന്റെ നേതൃത്വത്തിലുളള ടിആര്‍എസിനും ഒഡിഷയില്‍ നവീന്‍ പട്‌നായികിന്റെ നേതൃത്വത്തിലുളള ബിജെഡിക്കും എന്‍ഡിഎയിലേക്ക് സ്വാഗതമുണ്ടെന്നും അമിത് ഷാ പറഞ്ഞു.












Click it and Unblock the Notifications