'ഇന്ത്യ'യുടെ മൂന്നാം യോഗത്തിന് ആം ആദ്മി എത്തുമോ? കെജ്രിവാളിന്റെ പ്രതികരണം ഇങ്ങനെ
ന്യൂദല്‍ഹി: ഈ മാസം അവസാനം മുംബൈയില്‍ നടക്കുന്ന ഇന്ത്യാ സഖ്യത്തിന്റെ യോഗത്തില്‍ പങ്കെടുക്കുമെന്ന് ആം ആദ്മി. പാര്‍ട്ടി കണ്‍വീനറും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളാണ് ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ പട്നയിലും ബെംഗളൂരുവിലും നടന്ന ആദ്യ രണ്ട് യോഗങ്ങളിലും ആം ആദ്മി പാര്‍ട്ടി ഉണ്ടായിരുന്നു. എന്നാല്‍ കോണ്‍ഗ്രസുമായുള്ള അസ്വാരസ്യങ്ങള്‍ കാരണം ആം ആദ്മി മുംബൈയിലെ യോഗത്തില്‍ പങ്കെടുക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ടായിരുന്നു.
ഇതാണ് അരവിന്ദ് കെജ്രിവാള്‍ ദൂരീകരിച്ചത്. മുംബൈയിലേക്ക് പോകുമെന്നും ഫലം മാധ്യമപ്രവര്‍ത്തകരുമായി പങ്കിടുമെന്നും കെജ്രിവാള്‍ പറഞ്ഞു. മുംബൈയില്‍ നടക്കാനിരിക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ പങ്കെടുക്കുമോ എന്ന ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നേരത്തെ ദല്‍ഹിയിലെ ഏഴ് ലോക്‌സഭാ സീറ്റിലും കോണ്‍ഗ്രസ് മത്സരിക്കുമെന്ന് സംസ്ഥാന നേതാവ് പറഞ്ഞിരുന്നു.

ഇതിന് പിന്നാലെ മുംബൈയില്‍ നടക്കാനിരിക്കുന്ന യോഗം ബഹിഷ്‌കരിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി ഭീഷണിപ്പെടുത്തിയിരുന്നു. കോണ്‍ഗ്രസ് നേതാവിന്റെ പരാമര്‍ശത്തോട് ആം ആദ്മി പാര്‍ട്ടി ശക്തമായി പ്രതികരിച്ചതോടെ പരാമര്‍ശത്തില്‍ നിന്ന് കോണ്‍ഗ്രസ് ദേശീയ നേതൃത്വം അകലം പാലിച്ചിരുന്നു. പ്രസ്തുത നേതാവിനോട് വിശദീകരണം തേടുകയും ചെയ്തിരുന്നു. ഇതാദ്യമായല്ല ആം ആദ്മിയും കോണ്‍ഗ്രസും സഖ്യരൂപീകരണത്തിനിടയില്‍ പോരടിക്കുന്നത്.
ദല്‍ഹി സര്‍വീസ് ബില്ലിനെ പാര്‍ലമെന്റില്‍ എതിര്‍ക്കുമെന്ന് കോണ്‍ഗ്രസ് തുറന്ന പ്രഖ്യാപനം നടത്തിയാല്‍ മാത്രമേ യോഗത്തില്‍ പങ്കെടുക്കൂവെന്ന് ബെംഗളൂരുവില്‍ നടക്കുന്ന രണ്ടാമത്തെ പ്രതിപക്ഷ സമ്മേളനത്തിന് മുന്നോടിയായി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞിരുന്നു. ഒടുവില്‍ ബില്ലിനെ എതിര്‍ത്ത് കോണ്‍ഗ്രസ് പരസ്യ പ്രസ്താവന നടത്തുകയും ചെയ്തു. അതേസമയം കോണ്‍ഗ്രസ്-ആം ആദ്മി തര്‍ക്കം സഖ്യത്തിന് സൃഷ്ടിക്കുന്ന തലവേദന ചെറുതല്ല.
കഴിഞ്ഞ ദിവസം ഛത്തീസ്ഗഢില്‍ ഭൂപേഷ് ബാഗേലിന്റെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ അരവിന്ദ് കെജ്രിവാള്‍ രൂക്ഷമായ ആക്രമണമാണ് അഴിച്ചുവിട്ടത്. ഛത്തീസ്ഗഡിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ ഭയാനകമായ അവസ്ഥയിലാണ് എന്നും അവര്‍ 10 ക്ലാസുകളുണ്ടായിരുന്ന നിരവധി സ്‌കൂളുകള്‍ അടച്ചുപൂട്ടിയെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഒപ്പം ദല്‍ഹിയിലെ സര്‍ക്കാര്‍ സ്‌കൂളുകളുടെ മേന്മയെക്കുറിച്ചും അദ്ദേഹം വാചാലനായിരുന്നു.
ദല്‍ഹിക്കും പഞ്ചാബിനും ഗുജറാത്തിനും പുറമെ ഛത്തീസ്ഗഢിലേക്കും മധ്യപ്രദേശിലേക്കും കൂടി സ്വാധീനമുറപ്പിക്കാനുള്ള ശ്രമത്തിലാണ് ആം ആദ്മി. എന്നാല്‍ ഇവിടങ്ങളില്‍ പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിച്ചാല്‍ അത് ഭരണകക്ഷിയായ ബി ജെ പിയെ സഹായിക്കുമെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ്. ദല്‍ഹിയിലും പഞ്ചാബിലേയും കോണ്‍ഗ്രസിന്റെ അടിത്തറ തകര്‍ത്താണ് ആം ആദ്മി വേരോട്ടമുണ്ടാക്കിയത്.












Click it and Unblock the Notifications