റായ്ബറേലിയിലും കോൺഗ്രസിനെ പൂട്ടും; ഇറക്കുന്നത് മുൻ കോൺഗ്രസ് വനിതാ നേതാവിനെ
ഡൽഹി: ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പൂട്ടാൻ റായ്ബറേലിയിൽ നിർണായക നീക്കവുമായി ബി ജെപി. മണ്ഡലം പിടിക്കാൻ മുൻ കോൺഗ്രസ് നേതാവിനെ ഇറക്കാനുള്ള തയ്യാറെടുപ്പിലാണ് പാർട്ടി. നെഹ്റു കുടുംബത്തിൻ്റെ വിശ്വസ്തനായിരുന്ന അന്തരിച്ച നേതാവ് അഖിലേഷ് സിംഗിൻ്റെ മകൾ അദിതി സിംഗിൻ്റെ പേരാണ് ഇവിടെ നേതൃത്വം പരിഗണിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. മുൻ കോൺഗ്രസ് അംഗം കൂടിയായ അദിതി സിംഗ് നിലവിൽ റായ്ബറേലിയിൽ നിന്നുള്ള ബി ജെ പി എം എൽ എയാണ്.
അഞ്ച് തവണ എം എൽ എയായ കോൺഗ്രസ് നേതാവ് അഖിലേഷ് സിംഗിൻ്റെ മകളാണ് അദിതി സിംഗ്. 2017 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ റായ്ബറേലിയിലെ സദർ സീറ്റിൽ നിന്നും കന്നി അങ്കത്തിൽ തന്നെ അതിദി വിജയിച്ചിരുന്നു. അതിനിടെ പിതാവിന്റെ മരണത്തോടെ അദിതി ബി ജെ പിയോട് അടുത്തു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ ഞെട്ടിച്ച് കൊണ്ട് ബി ജെ പി പാളയത്തിൽ എത്തുകയും ചെയ്തു.

സോണിയ ഗാന്ധിയുടെ മണ്ഡലത്തിൽ മുൻ കോൺഗ്രസ് നേതാവ് തന്നെ ഇറങ്ങുമ്പോൾ അട്ടിമറി ഉണ്ടാകുമെന്നാണ് ബി ജെ പിയുടെ കണക്കുകൂട്ടൽ. അതേസമയം അദിതി അല്ലെങ്കിൽ അവസാന നിമിഷം സർപ്രൈസ് സ്ഥാനാർത്ഥിയെ ബി ജെ പി ഇറക്കുമോയെന്നും ഉറ്റുനോക്കപ്പെടുന്നുണ്ട്.
അതിനിടെ ഇക്കുറി സോണിയ ഗാന്ധി റായ്ബറേലിയിൽ മത്സരിക്കുമോയെന്നതാണ് ഉയരുന്ന ചോദ്യം. ആരോഗ്യ പ്രശ്നം നേരിടുന്ന അവർ മത്സരിക്കാൻ സാധ്യത ഇല്ലെന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്. സോണിയയ്ക്ക് പകരം പ്രിയങ്ക ഗാന്ധിയെ മണ്ഡലത്തിൽ പരിഗണിക്കുമെന്ന സൂചനയും ശക്തമാണ്. പ്രിയങ്കയ്ക്ക് വേണ്ടി കോൺഗ്രസ് നേതാക്കൾ ശക്തമായി തന്നെ രംഗത്തുണ്ട്. ഇത്തവണ പ്രിയങ്കയെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇറക്കാൻ പാർട്ടി ആലോചിച്ചാൽ ഇതിലും സുരക്ഷിതമായൊരു സീറ്റ് പ്രിയങ്കയ്ക്ക് ഇല്ലെന്നാണ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്.
നാല് പതിറ്റാണ്ടായി കോൺഗ്രസിന്റെ കോട്ടയാണ് റായ്ബറേലി. 4 തവണയാണ് ഇവിടെ നിന്ന് സോണിയ ഗാന്ധി വിജയിച്ചത്. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിലും യു പിയിൽ കോൺഗ്രസിന് ആശ്വാസം നൽകിയ ഏക മണ്ഡലമായിരുന്നു റായ്ബറേലി. രാഹുൽ ഗാന്ധിയുടെ മണ്ഡലമായ അമേഠിയിൽ ഉൾപ്പെടെ കനത്ത തിരിച്ചടി നേരിട്ടപ്പോൾ കൂറ്റൻ വോട്ടുകൾക്കായിരുന്നു ഇവിടെ സോണിയ ഗാന്ധിയുടെ വിജയം.












Click it and Unblock the Notifications