'കേരളത്തില്‍ ബിജെപിയുടെ വോട്ടുവിഹിതം വര്‍ധിപ്പിക്കും'; ജനറല്‍ സെക്രട്ടറിയായതിന് പിന്നാലെ അനില്‍ ആന്റണി
ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന കാഴ്ചപ്പാട് മുന്നോട്ട് കൊണ്ടുപോകാനും ഇന്ത്യയെ വികസിത രാഷ്ട്രമാക്കാനും ശ്രമിക്കുമെന്ന് ബി ജെ പി ദേശീയ ജനറല്‍ സെക്രട്ടറിയായി നിയമിതനായ അനില്‍ ആന്റണി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ എ കെ ആന്റണിയുടെ മകനായ അനില്‍ ആന്റണി മാസങ്ങള്‍ക്ക് മുന്‍പാണ് ബി ജെ പിയില്‍ എത്തിയത്.
2047 ല്‍ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ ഇന്ത്യയെ വികസിത രാജ്യമാക്കാനാണ് നരേന്ദ്ര മോദി പരിശ്രമിക്കുന്നത് എന്ന് അനില്‍ ആന്റണി അവകാശപ്പെട്ടു. ''പാര്‍ട്ടി നേതൃത്വം കാണിച്ച ആദരവിലും വിശ്വാസത്തിലും അങ്ങേയറ്റം വിനയമുള്ളവനാണ് ഞാന്‍. നരേന്ദ്ര മോദിജി, അമിത് ഷാജി, നദ്ദാജി എന്നിവരോട് ഞാന്‍ നന്ദി പറയാന്‍ ആഗ്രഹിക്കുന്നു,' അനില്‍ പറഞ്ഞു.

വര്‍ഷങ്ങളായി തന്റെ രാഷ്ട്രീയ യാത്രയില്‍ തന്നെ നയിച്ചവര്‍ക്കും നന്ദി പറയുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഞങ്ങള്‍ക്ക് വളരെ പ്രധാനപ്പെട്ട ഒരു വര്‍ഷമാണ് ഇത്. പാര്‍ട്ടിയുടെ ഓരോ പ്രവര്‍ത്തകരും 2014 ലേയും 2019 ലേയും ജയത്തേക്കാള്‍ മെച്ചപ്പെട്ട ജയം 2024 ല്‍ പാര്‍ട്ടിക്ക് സമ്മാനിക്കാനുള്ള പ്രയത്‌നത്തിലാണ്. അത് വെറുതെയാകില്ല എന്ന് തനിക്ക് ഉറപ്പുണ്ട് എന്നും അനില്‍ ആന്റണി കൂട്ടിച്ചേര്‍ത്തു.
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തില്‍ ബി ജെ പിയുടെ അടിത്തറ വിപുലീകരിക്കാനുള്ള ശ്രമം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ ജനറല്‍ സെക്രട്ടറിമാരായി മുന്‍ തെലങ്കാന യൂണിറ്റ് മേധാവി ബന്ദി സഞ്ജയ് കുമാര്‍, രാജ്യസഭാ എംപി രാധാ മോഹന്‍ അഗര്‍വാള്‍, അനില്‍ ആന്റണി എന്നിവരെ ഉള്‍പ്പെടുത്തിയ കേന്ദ്ര ഭാരവാഹികളുടെ പുതുക്കിയ കരട് പട്ടിക ശനിയാഴ്ചയാണ് ബി ജെ പി പുറത്തിറക്കിയത്.
രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറാം എന്നിവിടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന് ബി ജെല പി തയ്യാറെടുക്കുന്നതിനിടെയാണ് ഈ നീക്കം. പുതിയ ഭാരവാഹികളുടെ പട്ടികയില്‍ 13 വൈസ് പ്രസിഡന്റുമാരും 9 ജനറല്‍ സെക്രട്ടറിമാരും 13 സെക്രട്ടറിമാരും ഉള്‍പ്പെടുന്നു. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനങ്ങള്‍ക്കിടയില്‍ തങ്ങളുടെ സാന്നിധ്യം വര്‍ധിപ്പിക്കാനാണ് ബി ജെ പി ലക്ഷ്യമിടുന്നത്.
2002 ലെ ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററിയില്‍ പ്രധാനമന്ത്രി മോദിയെയും കേന്ദ്രസര്‍ക്കാരിനെയും പിന്തുണച്ച് രംഗത്തെത്തിയതിന് പിന്നാാലെയാണ് അനില്‍ ആന്റണി കോണ്‍ഗ്രസ് വിട്ടത്. കോണ്‍ഗ്രസില്‍ അഭിപ്രായ സ്വാതന്ത്ര്യമില്ല എന്ന് ആരോപിച്ച് കൊണ്ടായിരുന്നു അനില്‍ ആന്റണി പാര്‍ട്ടി വിട്ടത്.












Click it and Unblock the Notifications