ജനാധിപത്യം അപകടത്തില്‍; പ്രതിപക്ഷനേതാക്കളെ ബിജെപിയില്‍ ചേര്‍ക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നെന്ന് സോണിയ
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന്റെ അന്തസും ജനാധിപത്യവും തകര്‍ക്കുകയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി. പ്രതിപക്ഷ നേതാക്കളെ ബി ജെ പിയില്‍ ചേരാന്‍ പ്രേരിപ്പിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ വിവിധ തന്ത്രങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്നും സോണിയ ഗാന്ധി ആരോപിച്ചു. ജയ്പുരിലെ കോണ്‍ഗ്രസ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു സോണിയ ഗാന്ധി.
സോണിയ ഗാന്ധിക്കൊപ്പം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പ്രിയങ്ക ഗാന്ധി എന്നിവരും റാലിയില്‍ പങ്കെടുത്തു. സ്വയം മഹാനാണെന്ന് കരുതി മോദി രാജ്യത്തിന്റെ ജനാധിപത്യത്തെ കീറിമുറിക്കുകയാണെന്നും സോണിയ കുറ്റപ്പെടുത്തി. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷത്തുള്ള നേതാക്കളെ പാര്‍ട്ടിയില്‍ ചേര്‍ക്കാന്‍ ബി ജെ പി സമ്മര്‍ദം ചെലുത്തുകയാണ്.

' കഴിഞ്ഞ 10 വര്‍ഷമായി തൊഴിലില്ലായ്മ, പണപ്പെരുപ്പം, സാമ്പത്തിക പ്രതിസന്ധി, അസമത്വം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനാണ് മോദി സര്‍ക്കാര്‍ ശ്രമിച്ചത്. അത്തരമൊരു സര്‍ക്കാരിന്റെ കൈയിലാണ് ഇന്ന് രാജ്യം. ഇന്ന് നമ്മുടെ രാജ്യത്തിന്റെ ജനാധിപത്യം അപകടത്തിലാണ്. ജനാധിപത്യ സ്ഥാപനങ്ങള്‍ നശിപ്പിക്കപ്പെടുകയും നമ്മുടെ ഭരണഘടന മാറ്റാന്‍ ഗൂഢാലോചന നടത്തുകയും ചെയ്യുന്നു,' അവര്‍ പറഞ്ഞു.
ഇത് സ്വേച്ഛാധിപത്യമാണെന്നും നാമെല്ലാവരും ഇതിന് മറുപടി നല്‍കുമെന്നും സോണിയ കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് എല്ലായിടത്തും അനീതിയുടെ ഇരുട്ടാണ് എന്നും നാമെല്ലാവരും ഇതിനെതിരെ പോരാടണം എന്നും അവര്‍ പറഞ്ഞു. കഴിഞ്ഞ പത്ത് വര്‍ഷം മോദി സര്‍ക്കാര്‍ എന്താണ് ചെയ്തത് എന്നത് ഓര്‍ക്കണമെന്നും മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ ആവശ്യപ്പെട്ടു. റാലിയില്‍ കോണ്‍ഗ്രസിന്റെ പ്രകടന പത്രികയും സോണിയ അവതരിപ്പിച്ചു.
അതേസമയം ബി ജെ പി ഭരണത്തിന് കീഴില്‍ പ്രതിപക്ഷം ആക്രമിക്കപ്പെടുകയാണ് എന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി പറഞ്ഞു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറനെയും അന്വേഷണ ഏജന്‍സികള്‍ അറസ്റ്റ് ചെയ്തതിനെ പരാമര്‍ശിച്ചായിരുന്നു പ്രിയങ്കയുടെ പരാമര്‍ശം. രാജ്യത്തെ തൊഴിലില്ലായ്മയും പണപ്പെരുപ്പവും ഏറ്റവും ഉയര്‍ന്ന നിലയിലാണെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.
കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസ് പ്രകടന പത്രിക പുറത്തിറക്കിയത്. തൊഴിലില്ലായ്മ ഇല്ലാതാക്കും എന്നും സാമൂഹ്യ സാമ്പത്തിക ജാതി സെന്‍സസ് നടപ്പിലാക്കുമെന്നുമാണ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനം. കേന്ദ്ര സര്‍ക്കാര്‍ ജോലിയില്‍ 50 ശതമാനം വനിതകള്‍ക്ക് സംവരണം, പാവപ്പെട്ട സ്ത്രീകള്‍ക്ക് വര്‍ഷം ഒരു ലക്ഷം രൂപ എന്നീ വാഗ്ദാനങ്ങളും പ്രകടനപത്രികയില്‍ ഉണ്ട്.












Click it and Unblock the Notifications