ഡൽഹിയിലും സഖ്യമില്ലേ? കോൺഗ്രസ് ആവശ്യം 3 സീറ്റ്.. ആം ആദ്മിയുടെ നിലപാട് ഇങ്ങനെ
ഡൽഹി: പഞ്ചാബിൽ കോൺഗ്രസുമായി സഖ്യമില്ലെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ഡൽഹിയിൽ ആം ആദ്മി നിലപാടിൽ ഉറ്റുനോക്കി കോൺഗ്രസ് നേതൃത്വം. രാജ്യതലസ്ഥാനത്തെ ഏഴ് സീറ്റുകളിൽ 3 സീറ്റുകൾ കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. സീറ്റ് വിഭജന ചർച്ച തുടരുകയാണെന്നാണ് ആം ആദ്മി വൃത്തങ്ങൾ നൽകുന്ന സൂചന. അതേസമയം തിരഞ്ഞെടുപ്പ് പ്രചരണം ആരംഭിക്കുന്നതിന് മുൻപ് തന്നെ സീറ്റ് വിഭജന ചർച്ച പൂർത്തിയാക്കണമെന്ന നിർദ്ദേശമാണ് ആം ആദ്മി നേതൃത്വം നൽകിയതെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
അതേസമയം സഖ്യം സംബന്ധിച്ച ചോദ്യത്തിന് തങ്ങൾ ഇന്ത്യ സഖ്യത്തിനൊപ്പം തന്നെ ഉറച്ച് നിൽക്കുമെന്നാണ് നേതാക്കൾ പ്രതികരിച്ചത്. 'ബി ജെ പിയെ പരാജയപ്പെടുത്തുകയെന്നതാണ് തങ്ങളുടെ പ്രധാന ലക്ഷ്യം. സമയത്തിന് വലിയ പ്രധാന്യമുണ്ട്. സീറ്റ് ചർച്ചകൾ കോൺഗ്രസ് എത്രയും പെട്ടെന്ന് പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്', എ എ പി നേതാക്കൾ പറഞ്ഞു.

'പഞ്ചാബിൽ സംസ്ഥാന കോൺഗ്രസ് -ആം ആദ്മി നേതൃത്വങ്ങൾ സഖ്യത്തിൽ മത്സരിക്കുന്നതിനെ തുടക്കത്തിൽ തന്നെ എതിർത്തിരുന്നു. ഈ നിലപാടിനൊപ്പം നിൽക്കാൻ തീരുമാനിച്ചതിനാലാണ് സഖ്യമില്ലാത്തത്', ആം ആദ്മി അറിയിച്ചു.
സീറ്റ് വിഭജന ചർച്ചകൾ വേഗത്തിൽ പൂർത്തിയാക്കിയില്ലെങ്കിൽ അത് തിരഞ്ഞെടുപ്പ് ഒരുക്കത്തിനെ ദോഷകരമായി ബാധിക്കുമെന്ന് ആം ആദ്മി പറഞ്ഞു. ശക്തമായ പോരാട്ടം കാഴ്ചവെയ്ക്കാനാണ് ഞങ്ങൾ ലക്ഷ്യം വെയ്ക്കുന്നത്. ഞങ്ങൾ മാസങ്ങളായി കാത്തിരിക്കുകയാണ്. ഇപ്പോൾ ചർച്ച പൂർത്തിയാക്കുന്നതിനും. എല്ലാ ചർച്ചകളും എത്രയും പെട്ടെന്ന് പൂർത്തിയാക്കണം', പാർട്ടി നേതൃത്വം വ്യക്തമാക്കി.
അതേസമയം ഡൽഹിയിൽ സീറ്റ് വിഭജനം പൂർത്തിയായാലും ഗോവയിലും മറ്റ് സംസ്ഥാനങ്ങളും ആം ആദ്മി-കോൺഗ്രസ് സീറ്റ് ചർച്ചകളിൽ അതൃപ്തികൾ ഉടലെടുക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഗോവയിൽ രണ്ട് സീറ്റിൽ ഒരു സീറ്റ് വേണമെന്നാണ് ആം ആദ്മി ആവശ്യം. ഗുജറാത്തിൽ ബറൂച്ച് സീറ്റിനായും ആം ആദ്മി ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
അതിനിടെ ഫിബ്രവരി 13 ന് ആം ആദ്മി ആം ആദ്മി യോഗം ചേരും. യോഗത്തിന് ശേഷം സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തുമെന്നാണ് പാർട്ടി അറിയിച്ചിരിക്കുന്നത്. ഗോവ, ഹരിയാന, ഗുജറാത്ത് സംസ്ഥാനങ്ങളിലെ സ്ഥാനാർത്ഥികളെയായിരിക്കും പ്രഖ്യാപിക്കുക. അതേസമയം ഡൽഹിയിലെ സ്ഥാനാർത്ഥി ചർച്ചകൾ കോൺഗ്രസും ആരംഭിച്ച് കഴിഞ്ഞു. രണ്ടോ മൂന്നോ സ്ഥാനാർത്ഥികളുടെ സാധ്യത പട്ടിക നേതൃത്വം തയ്യാറാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.












Click it and Unblock the Notifications