മതവിദ്വേഷം പടര്‍ത്തുന്ന വീഡിയോ: നദ്ദയേയും മാളവ്യയേയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് കര്‍ണാടക പൊലീസ്
ബെംഗളൂരു: മതവിദ്വേഷം പടര്‍ത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ച കേസില്‍ ബി ജെ പി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദക്കും പാര്‍ട്ടിയുടെ ഐടി സെല്‍ മേധാവി അമിത് മാളവ്യക്കും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ്. ബെംഗളൂരു പൊലീസ് ആണ് സമന്‍സ് അയച്ചിരിക്കുന്നത്. ഇരുവര്‍ക്കും ഹാജരാകാന്‍ ഒരാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ട്.
ബുധനാഴ്ച ബെംഗളൂരുവിലെ ഹൈഗ്രൗണ്ട്‌സ് പൊലീസിലെ അന്വേഷണ ഉദ്യോഗസ്ഥനാണ് നേതാക്കള്‍ക്ക് നോട്ടീസ് നല്‍കിയത്. കേസിനാസ്പദമായ സോഷ്യല്‍ മീഡിയ പോസ്റ്റ് നിയമങ്ങളുടെ കടുത്ത ലംഘനമാണ് എന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വര പറഞ്ഞു. 'അവര്‍ (നദ്ദയും മാളവ്യയും) വന്ന് ഒരു മൊഴി നല്‍കുകയോ അല്ലെങ്കില്‍ അവരുടെ പ്രസ്താവനയെ ന്യായീകരിക്കുകയോ ചെയ്താല്‍ തുടര്‍ നടപടി സ്വീകരിക്കും,'' അദ്ദേഹം പറഞ്ഞു.

ബി ജെ പിയുടെ കര്‍ണാടക ഘടകം ഷെയര്‍ ചെയ്ത പോസ്റ്റ് ഉടനടി പിന്‍വലിക്കാന്‍ എക്സിനോട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് സംഭവവികാസം. നേരത്തെ, സംവരണ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് മുസ്ലീങ്ങളെ അനുകൂലിക്കുന്നതായി കാണിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതിന് ഇവര്‍ക്കെതിരെയും ബിജെപി കര്‍ണാടക ഘടകം മേധാവി ബി വൈ വിജയേന്ദ്രയ്ക്കെതിരെയും എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
കര്‍ണാടക ബിജെപി പോസ്റ്റ് ചെയ്ത വീഡിയോയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും സംസ്ഥാന മുഖ്യമന്ത്രി സിദ്ധരാമയ്യയും എസ്സി, എസ്ടി, ഒബിസി എന്നിവരെ അപേക്ഷിച്ച് മുസ്ലീങ്ങള്‍ക്ക് വലിയ തുക നല്‍കുന്നതായാണ് ചിത്രീകരിച്ചിരിക്കുന്നത്. വീഡിയോ വിവാദമായതിന് പിന്നാലെ കര്‍ണാടക പൊലീസ് ജെ പി നദ്ദയ്ക്കും വിജയേന്ദ്രയ്ക്കും അമിത് മാളവ്യയ്ക്കും എതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
മതവികാരം വ്രണപ്പെടുത്തി, മതസ്പര്‍ധവളര്‍ത്താന്‍ ശ്രമിച്ചു എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തത്. വീഡിയോയ്‌ക്കെതിരെ കര്‍ണാടക കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുകയും ചെയ്തിരുന്നു. രാഹുല്‍ ഗാന്ധിയുടെയും സിദ്ധരാമയ്യയുടേയും കാരിക്കേച്ചറുകളാണ് 17 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ആനിമേറ്റഡ് വീഡിയോയില്‍ കാണിക്കുന്നത്.
ഇരുവരും ഒരു പക്ഷിക്കൂട്ടില്‍ മുസ്ലിം എന്ന് അടയാളപ്പെടുത്തിയ മുട്ട വെക്കുന്നതും മുട്ട വിരിഞ്ഞ ശേഷം, രാഹുല്‍ ഗാന്ധി മുസ്ലിം കുഞ്ഞുങ്ങള്‍ക്ക് ഫണ്ട് നല്‍കുകയും മറ്റുള്ളവര്‍ അതിനായി പരിശ്രമിക്കുകയും ചെയ്യുന്നു എന്ന രീതിയിലാണ് വീഡിയോയില്‍ ഉള്ളത്. സംഭവത്തില്‍ കര്‍ണാടക കോണ്‍ഗ്രസ് നിയമകാര്യ ടീം അംഗം രമേശ് ബാബുവാണ് പൊലീസില്‍ പരാതി നല്‍കിയത്.












Click it and Unblock the Notifications