'ഞാന്‍ രാജിവെച്ചാല്‍ അടുത്തത് പിണറായി, സ്റ്റാലിന്‍, മമത..'; മോദിയുടെ പദ്ധതി വെളിപ്പെടുത്തി കെജ്രിവാള്‍
ന്യൂഡല്‍ഹി: നരേന്ദ്ര മോദിയുടേയും കേന്ദ്ര സര്‍ക്കാരിന്റേയും അടുത്ത ലക്ഷ്യം കേരള മുഖ്യമന്ത്രി പിണറായി വിജയനാണ് എന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. മുഖ്യമന്ത്രി സ്ഥാനം രാജിവെക്കില്ല എന്നും അങ്ങനെ ചെയ്താല്‍ പിണറായി വിജയന്‍ അടക്കമുള്ള എന്‍ഡിഎ ഇതര മുഖ്യമന്ത്രിമാരെ നരേന്ദ്ര മോദി ഉന്നം വെക്കുമെന്നും കെജ്രിവാള്‍ പറഞ്ഞു. ഇന്ത്യാ ടുഡേക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജയിലില്‍ നിന്ന് സര്‍ക്കാരിനെ നയിക്കാന്‍ തനിക്ക് കഴിയുമെന്ന് നരേന്ദ്ര മോദിക്ക് കാണിച്ച് കൊടുക്കും എന്നും അദ്ദേഹം പറഞ്ഞു. താന്‍ സ്ഥാനമൊഴിഞ്ഞാല്‍ രാജ്യത്തിന്റെ ജനാധിപത്യം ഭീഷണിയിലാകുമെന്നും അദ്ദേഹം അവകാശപ്പെട്ടു. 'നരേന്ദ്ര മോദിക്ക് വേണ്ടത് ഇതാണ്. തിരഞ്ഞെടുപ്പില്‍ എന്നെ തോല്‍പ്പിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹത്തിന് അറിയാം, അതുകൊണ്ടാണ് അദ്ദേഹം ഈ പദ്ധതി തയ്യാറാക്കിയത്,' കെജ്രിവാള്‍ പറഞ്ഞു.

കെജ്രിവാളിനെ അറസ്റ്റ് ചെയ്താല്‍ ഡല്‍ഹി സര്‍ക്കാര്‍ തകരും. എന്നിട്ട് അവര്‍ തിരഞ്ഞെടുപ്പ് നടത്തി വിജയിക്കാമെന്നാണ് ബി ജെ പി പ്രതീക്ഷിക്കുന്നത്. ഞാന്‍ ഇന്ന് രാജിവച്ചാല്‍ അവരുടെ അടുത്ത ലക്ഷ്യം പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, കേരളത്തിലെ പിണറായി വിജയന്‍, തമിഴ്നാട്ടിലെ എംകെ സ്റ്റാലിന്‍ എന്നിവരായിരിക്കും എന്നും അരവിന്ദ് കെജ്രിവാള്‍ ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാത്തത് പദവിയോടുള്ള അത്യാഗ്രഹം കൊണ്ടല്ലെന്നും അദ്ദേഹം പറഞ്ഞു. ആദായനികുതി മാനേജര്‍ എന്ന ജോലി ഉപേക്ഷിച്ച് ഡല്‍ഹിയിലെ ചേരികളില്‍ ജോലി ചെയ്യുകയായിരുന്നു. 49 ദിവസത്തിനുള്ളില്‍ ഞാന്‍ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. എന്നാല്‍ ഇത് എന്റെ സമരത്തിന്റെ ഭാഗമായതിനാല്‍ ഇന്ന് ഞാന്‍ രാജിവയ്ക്കുന്നില്ല, അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.
തന്നെ രാജിവയ്ക്കാന്‍ നിര്‍ബന്ധിക്കാനാവില്ലെന്ന് സുപ്രീം കോടതി വരെ പറഞ്ഞു. ജയിലില്‍ നിന്ന് മുഖ്യമന്ത്രിയായി തുടരണമെങ്കില്‍ അതിന് കഴിയും എന്ന് കോടതി പറഞ്ഞു. അതിനാല്‍ താന്‍ മുഖ്യമന്ത്രിയാണെങ്കില്‍ കോടതി തനിക്ക് ജയിലിനുള്ളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. എവിടെ തിരഞ്ഞെടുപ്പില്‍ ബിജെപി തോറ്റാലും മോദി മുഖ്യമന്ത്രിമാരെയും പ്രതിപക്ഷ നേതാക്കളെയും അറസ്റ്റ് ചെയ്യും.
എന്നാല്‍ താന്‍ രാജിവെക്കാതെ ജയിലില്‍ നിന്ന് സര്‍ക്കാര്‍ നടത്തിയില്ലെങ്കില്‍ മറ്റ് മുഖ്യമന്ത്രിമാരെ തൊടാന്‍ പ്രധാനമന്ത്രി ധൈര്യപ്പെടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡല്‍ഹി മദ്യനയ കേസില്‍ ഇടക്കാല ജാമ്യത്തില്‍ കഴിയുന്ന അരവിന്ദ് കെജ്രിവാള്‍ ജൂണ്‍ രണ്ടിന് തിഹാര്‍ ജയില്‍ അധികൃതര്‍ക്ക് മുന്നില്‍ കീഴടങ്ങേണ്ടി വരും. ഡല്‍ഹി മദ്യനയ കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അദ്ദേഹത്തെ ഇഡി അറസ്റ്റ് ചെയ്തിരുന്നു.












Click it and Unblock the Notifications