ബിഹാറില്‍ ഉടന്‍ തിരഞ്ഞെടുപ്പ്, നിതീഷ് കേന്ദ്ര മന്ത്രിസഭയിലേക്ക്? ചര്‍ച്ചയായി മോദി-നിതീഷ് കൂടിക്കാഴ്ച
ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഡല്‍ഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബി ജെ പി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ അഭ്യൂഹങ്ങള്‍ പരക്കുന്നു. ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് വേഗത്തിലാക്കാനായിരുന്നു പെട്ടെന്നുള്ള കൂടിക്കാഴ്ച എന്നാണ് റിപ്പോര്‍ട്ട്.
വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ 'ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ്' എന്ന ആശയത്തിന് അനുസൃതമായി സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നേരത്തെയാക്കണം എന്ന് നിതീഷ് കുമാര്‍ ആവശ്യപ്പെട്ടതായാണ് വിവരം. അതേസമയം നിതീഷ് കുമാറിന്റെ ഡല്‍ഹി സന്ദര്‍ശനവുമായി ഈ ആവശ്യത്തിന് ബന്ധമില്ലെന്നാണ് ജെ ഡി യു ദേശീയ വക്താവും മുന്‍ രാജ്യസഭാ എം പിയുമായ കെ സി ത്യാഗി ദി ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞത്.

''നിതീഷ് കുമാറും പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച വെറും സൗഹൃദ സന്ദര്‍ശനം മാത്രമായിരുന്നു. പതിവ് നേത്രപരിശോധനയ്ക്കായി ഡല്‍ഹിയിലെത്തിയ മുഖ്യമന്ത്രി നരേന്ദ്ര മോദിയുമായും അമിത് ഷായുമായും കൂടിക്കാഴ്ചയ്ക്ക് സമയം തേടിയിരുന്നു,' ത്യാഗി പറഞ്ഞു. എന്നാല്‍ അടുത്ത വര്‍ഷത്തിന് പകരം ഈ വര്‍ഷം അവസാനം ജാര്‍ഖണ്ഡിനൊപ്പം തിരഞ്ഞെടുപ്പ് നടത്തുന്നതിനെ ജെഡിയു അനുകൂലിക്കുന്നു എന്നാണ് വിവരം.
പുറത്തുവന്ന എക്‌സിറ്റ് പോളുകള്‍ സൂചിപ്പിക്കുന്നത് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് അനുകൂലമാണ് എന്നാണ്. ജെഡിയു സംസ്ഥാനത്ത് തകര്‍ച്ചയിലാണ്. തേജസ്വി യാദവിന്റെ നേതൃത്വത്തിലുള്ള ആര്‍ജെഡിയുടെ മുന്നേറ്റം നിലനില്‍ക്കുകയാണെങ്കില്‍ പാര്‍ട്ടിയുടെ കൂടുതല്‍ അടിത്തറ നഷ്ടപ്പെടുമെന്ന് ഭയപ്പെടുന്നു. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ മേല്‍ക്കൈ നഷ്ടപ്പെടുന്നതിന് മുന്‍പ് സംസ്ഥാനത്ത് അധികാരത്തില്‍ തിരിച്ചെത്താം എന്നാണ് ജെഡിയു കണക്കുകൂട്ടുന്നത്.
'ലോക്സഭയില്‍ നല്ല വിഹിതം സീറ്റുകള്‍ നേടിയാല്‍ ഞങ്ങള്‍ ദേശീയ രാഷ്ട്രീയത്തിലെ ഒരു പ്രധാന കളിക്കാരനാകും. നിലവില്‍ 45 എംഎല്‍എമാരാണ് നിയമസഭയിലുള്ളത്. പുതിയ തിരഞ്ഞെടുപ്പ് ഉടന്‍ നടക്കുകയാണെങ്കില്‍, ഈ എണ്ണം ഗണ്യമായി ഉയരും, ''പേര് വെളിപ്പെടുത്താത്ത ഒരു ജെഡിയു നേതാവ് പറഞ്ഞു. നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ ജാര്‍ഖണ്ഡിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പില്‍ ജെഡിയുവിന് താല്‍പ്പര്യമുണ്ടെന്ന് ഒരു ബിജെപി നേതാവും സ്ഥിരീകരിച്ചു.
'സഖ്യം മികച്ച പ്രകടനം കാഴ്ചവയ്ക്കുകയാണെങ്കില്‍, ആ അനുകൂല അന്തരീക്ഷത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് പോകുന്നത് നല്ലതാണ്. അനുകൂലമായ അന്തരീക്ഷം മുതലെടുക്കാന്‍ ജെഡിയു താല്‍പ്പര്യപ്പെടുന്നു,'' അദ്ദേഹം പറഞ്ഞു. അതേസമയം കാര്യമായ രാഷ്ട്രീയ ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നാണ് പാര്‍ട്ടി നേതാക്കള്‍ പരസ്യമായി ആവര്‍ത്തിക്കുന്നത്. എന്നാല്‍ ഒരേ സമയം തിരഞ്ഞെടുപ്പ് നടത്തുന്നതിനെ ജെഡിയും എന്നും അനുകൂലിച്ചിരുന്നു എന്നാണ് ത്യാഗി പറയുന്നത്.
''എന്‍ഡിഎ വീണ്ടും അധികാരത്തില്‍ വരുമെന്ന് തോന്നുന്നതിനാല്‍, ബീഹാറില്‍ നേരത്തെ തിരഞ്ഞെടുപ്പ് നടത്തണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു. ഒരുമിച്ച് തിരഞ്ഞെടുപ്പ് നടത്തുന്നത് ധാരാളം പണം ലാഭിക്കുമെന്നതിനാല്‍ നിതീഷ് എല്ലായ്‌പ്പോഴും ഈ ആശയത്തെ പിന്തുണച്ചിട്ടുണ്ട്, ''അദ്ദേഹം പറഞ്ഞു. ഇതിന് സമയവുമായി യാതൊരു ബന്ധവുമില്ലെന്നും രാംനാഥ് കോവിന്ദ് സമിതിയോട് തങ്ങള്‍ ഈ ആശയത്തിന് അനുകൂലമാണെന്ന് പറഞ്ഞിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎക്ക് അധികാരം ലഭിക്കുകയാണെങ്കില്‍ കേന്ദ്രമന്ത്രി സ്ഥാനത്തേക്ക് സ്വയം അവരോധിക്കപ്പെടാന്‍ നിതീഷ് കുമാര്‍ താല്‍പ്പര്യപ്പെടുന്നു എന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. സംസ്ഥാനത്ത് ശക്തമായ നിതീഷ് വിരുദ്ധ വികാരമുണ്ട്. ഇത് ഒഴിവാക്കാന്‍ മോദി സര്‍ക്കാരില്‍ അംഗമാകാന്‍ അദ്ദേഹം ആഗ്രഹിക്കുന്നു എന്നാണ് വിവരം.












Click it and Unblock the Notifications