മോദിയെ പാർലമെന്ററി പാർട്ടി നേതാവായി ഇന്ന് തിരഞ്ഞെടുക്കും; സത്യപ്രതിജ്ഞയ്ക്ക് ലോക നേതാക്കളും
ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ ഭരണത്തുടർച്ച നേടിയ മോദി സർക്കാരിന്റെ സർക്കാർ രൂപികരണത്തിനുള്ള നടപടികൾ ഇന്നും തുടരും. നരേന്ദ്ര മോദിയെ ബിജെപിയുടെ പാർലമെന്ററി പാർട്ടി നേതാവായി തിരഞ്ഞെടുക്കും. വൈകിട്ട് 5 മണിക്കാണ് ബിജെപിയുടെ പാർലമെന്ററി പാർട്ടി യോഗം. രാഷ്ട്രപതി രാംനാഥ് കോവിന്ദിന് വെള്ളിയാഴ്ച പ്രധാനമന്ത്രി രാജിക്കത്ത് കൈമാറിയിരുന്നു.
സർക്കാരുണ്ടാക്കാനുള്ള അവകാശവാദം ഉന്നയിച്ച് പ്രധാനമന്ത്രി രാഷ്ട്രപതിയെ കാണും. മെയ് 30ന് സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കുമെന്നാണ് സൂചന. സത്യപ്രതിജ്ഞയ്ക്ക് മുമ്പായി പ്രധാനമന്ത്രി വാരണാസിയിലും അമ്മയെ കാണാനായി അഹമ്മദാബദിലേക്കും പോകുന്നുണ്ട്.
രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനം രാജിവെക്കില്ല.... കരുത്ത് പകരാന്‍ പ്രിയങ്കയെത്തും!!
2014നേക്കാൾ വലിയ രീതിയിലാകും രണ്ടാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങുകൾ എന്നാണ് റിപ്പോർട്ടുകൾ. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അടക്കം നിരവധി ലോക നേതാക്കൾ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തേക്കും. 2014ൽ സാർക്ക് രാജ്യങ്ങളുടെ തലവന്മാരെയാണ് സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചിരുന്നത്.
ഔദ്യോഗിക ഫല പ്രഖ്യാപനം വന്നപ്പോൾ 303 സീറ്റുകളാണ് ബിജെപി ഒറ്റയ്ക്ക് നേടിയത്. കോൺഗ്രസിന് 52 സീറ്റുകൾ മാത്രമാണ് നേടാനായത്. ഡിഎംകെ 23 സീറ്റുകൾ നേടിയപ്പോൾ തൃണമൂൽ കോൺഗ്രസും വൈഎസ്ആർ കോൺഗ്രസും 22 സീറ്റുകൾ വീതം നേടി. സിപിഎമ്മിന് മൂന്നും സിപിഐയ്ക്ക് രണ്ടും സീറ്റുകളാണുള്ളത്. ഏറ്റവും അധികം വനിതകൾ ലോക്സഭയിലെത്തിയ തിരഞ്ഞെടുപ്പാണ് ഇത്. 14 ശതമാനം പേർ വനിതകളാണ്.