ബിജെപിയെ വീഴ്ത്താൻ വിജയിച്ച സ്റ്റാലിൻ തന്ത്രം പയറ്റാൻ സിപിഎം; എല്ലാ സംസ്ഥാനങ്ങളിലും
ദില്ലി: തിരഞ്ഞെടുപ്പിൽ ബി ജെ പിയ്ക്കെതിരെ പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ ചർച്ച ചെയ്ത് സി പി എം പോളിറ്റ് ബ്യൂറോ യോഗം. ബി ജെ പിക്കെതിരെ പ്രതിപക്ഷത്തെ ഒറ്റക്കെട്ടായി മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള നീക്കങ്ങൾ ദേശീയ തലത്തിൽ പുരോഗമിക്കുന്നതിനിടെയാണ് നിലവിലെ രാഷ്ട്രീയ സാഹചര്യം യോഗത്തിൽ ചർച്ചയായത്.
ജെ ഡി യു നേതാവ് നിതീഷ് കുമാർ, തെലങ്കാന മുഖ്യമന്ത്രിയും ടി ആർ എസ് നേതാവുമായ ചന്ദ്രശേഖര റാവു, പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിപക്ഷ ചേരിയെ ഒന്നിപ്പിച്ച് നിർത്താനുള്ള ചർച്ചകൾ നടക്കുന്നത്.

ബി ജെ പിയെ വീഴ്ത്താൻ മതേതര ജനാധിപത്യ പാർട്ടികളുമായി സഹകരിക്കുന്നതിൽ പ്രാധാന്യം നൽകണമെന്നതാണ് പോളിറ്റ് ബ്യൂറോയിൽ ഉയർന്ന നിലപാട്. പ്രതിപക്ഷ ഐക്യം വേണമെന്ന നിലപാട് പി ബി യോഗത്തിൽ ഉയർന്നെങ്കിലും ദേശീയ തലത്തിൽ സഖ്യം ഉണ്ടാകില്ലെന്നതാണ് യോഗത്തിൽ ചർച്ചയായത്. പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി നേരത്തെ തന്നെ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയിരുന്നു. ലോക്സഭ തിരഞ്ഞെടുപ്പിന് ശേഷമേ സഖ്യം സംബന്ധിച്ച തീരുമാനം കൈകൊള്ളാൻ സാധിക്കൂവെന്നായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്.

അതേസമയം സംസ്ഥാനങ്ങളിൽ പ്രാദേശിക പാർട്ടികളുമായി യോജിച്ച് സഖ്യം ഉണ്ടാക്കണമെന്ന നിർദ്ദേശം യോഗത്തിൽ ഉയർന്നു. തമിഴ്നാട്ടിൽ സ്റ്റാലിൻ നടപ്പാക്കിയ തന്ത്രങ്ങൾ പരീക്ഷിക്കാൻ തയ്യാറാകണമെന്നതാണ് സി പി എം നിർദ്ദേശം. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസും സി പി എമ്മുമായി സഖ്യത്തിലായിരുന്നു ഡി എം കെ മത്സരിച്ചത്. തിരഞ്ഞെടുപ്പിൽ വലിയ വിജയം നേടാനും സഖ്യത്തിന് സാധിച്ചിരുന്നു. ഈ തന്ത്രം തന്നെ വിവിധ സംസ്ഥാനങ്ങളിൽ പയറ്റണമെന്ന അഭിപ്രായമാണ് യോഗത്തിൽ ഉണ്ടായത്.

അതേസമയം കോൺഗ്രസും സി പി എമ്മും നേർക്ക് നേർ ഏറ്റുമുട്ടുന്ന കേരളത്തിലെ നിലപാട് എന്താകും എന്നതാണ് ഉറ്റുനോക്കപ്പെടുന്നത്. നിലവിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന ഭാരത് ജോഡോ യാത്രക്കെതിരെ സി പി എം കടുത്ത വിമർശനം ഉന്നയിക്കുന്ന സാഹചര്യം ഉണ്ട്. ബി ജെ പിക്കെതിരെ നടത്തുന്ന യാത്ര കേരളത്തിൽ കൂടുതൽ ദിവസം നടത്തുന്നതിനെയാണ് സി പി എം ചോദ്യം ചെയ്യുന്നത്. യാത്രയിലൂടെ കോൺഗ്രസ് ആരെയാണ് ലക്ഷ്യം വെയ്ക്കുന്നതെന്നാണ് സംസ്ഥാന നേതാക്കളും പി ബി നേതാക്കളും പരസ്യമായി വിമർശിക്കുന്നത്.

അതേസമയം ബി ജെ പിക്കെതിരെ നടത്തുന്ന യാത്രയ്ക്കെതിരെ സി പി എം നടത്തുന്ന കടന്നാക്രമങ്ങളെ കോൺഗ്രസും വിമർശിച്ച് രംഗത്തെത്തിയിരുന്നു. സി പി എമ്മിന്റെ പേരാട്ടം ആർക്കെതിരെയാണെന്ന ചോദ്യമാണ് കോൺഗ്രസ് ഉയർത്തുന്നത്.അതേസമയം ഭാരത് ജോഡോ യാത്രയെ ലക്ഷ്യം വെച്ചുള്ള വിമർശനങ്ങൾ മയപ്പെടുത്തണമെന്ന നിലപാടാണ് കഴിഞ്ഞ ദിവസത്തെ പിബി യോഗം ചർച്ച ചെയ്തത്.

ബി ജെ പിയെ നേരിടണമെങ്കില്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും സ്വയം ശക്തിപ്പെടേണ്ടതുണ്ട്. അതിന്റെ കൂടി ഭാഗമായിട്ടാണ് രാഹുൽ ജോഡോ യാത്ര നടത്തുന്നതെന്നും യോഗത്തിൽ നിർദ്ദേശം ഉണ്ടായി. എന്നാൽ സംസ്ഥാന സർക്കാരിനെതിരെ വികാരം ഉണ്ടാക്കാൻ കോൺഗ്രസ് നേതാക്കൾ രാഹുൽ ഗാന്ധിയുടെ യാത്ര ഉപയോഗിക്കുന്നുവെന്നതാണ് കേരള നേതാക്കൾ യോഗത്തിൽ ഉയർത്തിയ ആക്ഷേപം. ഇന്നും പിബി യോഗം നടക്കും. വിഷയത്തിൽ വിശദമായ ചർച്ച യോഗത്തിൽ ഉണ്ടായേക്കും.












Click it and Unblock the Notifications