സിദ്ദുവിനെ പുറത്താക്കണം, ഹൈക്കമാന്‍ഡിന് കത്തയച്ച് അമരീന്ദര്‍, പഞ്ചാബ് കോണ്‍ഗ്രസില്‍ തമ്മിലടി!!
ദില്ലി: കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞെങ്കിലും, പാര്‍ട്ടിയുടെ മാനം രക്ഷിച്ച സംസ്ഥാനങ്ങളിലൊന്നാണ് പഞ്ചാബ്. എട്ട് സീറ്റ് പഞ്ചാബില്‍ നിന്ന് കോണ്‍ഗ്രസ് നേടിയിരുന്നു. അതേസമയം പഞ്ചാബ് കോണ്‍ഗ്രസ് കടുത്ത പോര് തുടങ്ങിയിരിക്കുകയാണ്. നവജോത് സിദ്ദുവിനെതിരെയാണ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന്റെ പോരാട്ടം. അദ്ദേഹത്തെ പുറത്താക്കണമെന്നാണ് ആവശ്യം.

ദില്ലിയില്‍ ഹൈക്കമാന്‍ഡ് നേതൃത്വത്തെ വിളിച്ച് നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് അമരീന്ദര്‍ സിംഗ്. സിദ്ദുവിനെ സര്‍ക്കാരില്‍ നിന്ന് ഒഴിവാക്കണമെന്നാണ് അമരീന്ദര്‍ സിംഗ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനായിട്ട് ഹൈക്കമാന്‍ഡിന്റെ സമ്മതം ആവശ്യപ്പെട്ടിരിക്കുകയാണ് അദ്ദേഹം. പഞ്ചാബില്‍ എട്ട് സീറ്റ് നേടിയെങ്കിലും ചില നഷ്ടങ്ങളുണ്ടായെന്ന് അമരീന്ദര്‍ പറയുന്നു. ഇതിന് കാരണക്കാരന്‍ സിദ്ദുവാണെന്ന് അമരീന്ദര്‍ പറഞ്ഞു.
നഗര മേഖലകളില്‍ കോണ്‍ഗ്രസ് ഇനിയും മെച്ചപ്പെട്ട പ്രകടനം കാഴ്ച്ചവെക്കുമായിരുന്നു. എന്നാല്‍ ഭട്ടിന്‍ഡ അടക്കമുള്ള മണ്ഡലങ്ങളില്‍ സിദ്ദുവിന്റെ പാകിസ്താന്‍ പരാമര്‍ശവും ഗുരു ഗ്രന്ഥ് അന്വേഷണത്തിലെ ചില പ്രശ്‌നങ്ങളും പാര്‍ട്ടിക്ക് വന്‍ തിരിച്ചടിയായെന്ന് സിദ്ദു പറയുന്നു. എല്ലാവര്‍ക്കും അവര്‍ക്കിഷ്ടമുള്ള കാര്യങ്ങള്‍ പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ തിരഞ്ഞെടുപ്പ് പോരാട്ടം തുടങ്ങി കഴിഞ്ഞ ശേഷമുള്ള സിദ്ദുവിന്റെ പരാമര്‍ശം തെറ്റാണെന്നും അമരീന്ദര്‍ വ്യക്തമാക്കി.
സിദ്ദുവിന്റെ ഭാര്യ നവജോത് കൗറിന് ചണ്ഡീഗഡില്‍ സീറ്റ് നിഷേധിച്ചതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് അമരീന്ദറും സിദ്ദുവും തമ്മിലുള്ള പ്രശ്‌നമായി മാറിയിരിക്കുന്നത്. അദ്ദേഹം യഥാര്‍ത്ഥ കോണ്‍ഗ്രസുകാരനായിരുന്നെങ്കില്‍, ഈ വിഷയം മറ്റൊരു ദിവസം അവതരിപ്പിക്കാമായിരുന്നു. എന്നാല്‍ വോട്ടെണ്ണുന്നതിന് തൊട്ട് മുമ്പ് ഇത്തരം കാര്യങ്ങള്‍ പറഞ്ഞത് തിരിച്ചടി ഉണ്ടാക്കിയെന്നും അമരീന്ദര്‍ പറഞ്ഞു. അച്ചടക്ക ലംഘനം പാര്‍ട്ടി അനുവദിക്കില്ലെന്നും അമരീന്ദര്‍ പറഞ്ഞു. അതേസമയം സിദ്ദുവിനെതിരെയുള്ള നീക്കം പാര്‍ട്ടിയില്‍ കടുത്ത വിഭാഗീയതയ്ക്ക് കാരണമാകും.












Click it and Unblock the Notifications