പഞ്ചാബില്‍ ബിജെപിയുമായി സഖ്യമില്ല: തനിച്ച് മത്സരിക്കാന്‍ ശിരോമണി അകാലിദള്‍
അമൃത്സർ: 2024 ലെ ലോക്സഭ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ച പഞ്ചാബിലെ പ്രമുഖ കക്ഷിയായ ശിരോമണി അകാലിദള്‍. അമൃത്‌സർ, ഗുരുദാസ്പൂർ എന്നിവയുൾപ്പെടെ 10 സീറ്റുകളിലേക്ക് പ്രചാരണ ചുമതലക്കാരെ പ്രഖ്യാപിച്ച പാർട്ടി പ്രവർത്തനം സജീവമാക്കാനുള്ള നിർദേശവും നേതാക്കള്‍ക്ക് നല്‍കി. നേരത്തെ സഖ്യകക്ഷിയായിരുന്ന ബി ജെ പി മത്സരിച്ചിരുന്ന സീറ്റുകളായിരുന്നു അമൃത്‌സറും, ഗുരുദാസ്പൂറും എന്നതാണ് ശ്രദ്ധേയം.
ബിജെപിയും അകാലിദളും 2019 വരെ തുടർച്ചയായി അഞ്ച് ലോക്‌സഭാ തെരഞ്ഞെടുപ്പുകളിൽ ഒരുമിച്ച് മത്സരിച്ചിരുന്നു. പഞ്ചാബിൽ ആകെയുള്ള 13ൽ 10 സീറ്റുകളിൽ അകാലിദളും മൂന്നിടത്ത് ബി ജെ പിയും മത്സരിച്ചു. അമൃത്‌സറിനും ഗുരുദാസ്‌പൂരിനും പുറമെ ഹോഷിയാർപൂരിലും ബി ജെ പി മത്സരിച്ചിരുന്നു. "രാഷ്ട്രീയത്തിൽ അസാധ്യമായി ഒന്നുമില്ല" എന്ന് ഇരുപക്ഷവും വാദിക്കുമ്പോഴും, സഖ്യത്തെക്കുറിച്ചുള്ള ചർച്ചകളൊന്നും അകാലിദളിന്റെയും ബി ജെ പിയുടെയും ഭാഗത്ത് നിന്നില്ല.

ബി ജെ പിയുമായി സഖ്യമില്ലാത്തതിനാൽ അമൃത്‌സറിലേയും ഗുരുദാസ്പൂരിലേയും പ്രചാരണ ചുമതലക്കാരെ നിയമിക്കാൻ പാർട്ടി തീരുമാനിച്ചുവെന്ന് മുതിർന്ന പാർട്ടി നേതാവ് സിക്കന്ദർ സിംഗ് മലുക പറഞ്ഞു. ഞങ്ങൾ മറ്റേതെങ്കിലും പാർട്ടിയുമായി സഖ്യത്തിലേർപ്പെടുകയും അവർക്ക് രണ്ട് സീറ്റുകൾ നൽകുകയും ചെയ്താൽ, ഞങ്ങളുടെ പ്രചാരണ ചുമതലയുള്ളവർ അവരെ പിന്തുണയ്ക്കും.
2021 ഓഗസ്റ്റിൽ അകാലിദളിൽ ചേർന്ന മുൻ ബി ജെ പി നേതാവ് അനിൽ ജോഷിയെയാണ് അമൃത്‌സറിന്റെ പ്രചാരണ ചുമതലക്കാരനായി നിയമിച്ചിരിക്കുന്നത്. ഹിന്ദു വിഭാഗത്തില്‍ നിന്നുള്ള ജോഷി 2022 ലെ സംസ്ഥാന തിരഞ്ഞെടുപ്പിൽ അമൃത്സർ നോർത്ത് അസംബ്ലി സീറ്റിൽ നിന്ന് പരാജയപ്പെട്ടിരുന്നു. 2022ൽ അട്ടാരിയിൽ നിന്ന് തോറ്റ ദളിത് നേതാവ് ഗുൽസാർ സിംഗ് റാണികെയ്ക്കാണ് ഗുരുദാസ്പൂർ ലോക്‌സഭാ സീറ്റിന്റെ ചുമതല.
ഹോഷിയാർപൂരിലേക്ക് പാർട്ടി ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. സീറ്റ് വിഭജനത്തിൽ ഹോഷിയാർപൂർ ബിഎസ്പി നല്‍കിയേക്കുമാണ് പാർട്ടിയിലെ ഒരു മുതിർന്ന നേതാവ് വ്യക്തമാക്കുന്നത്.
പട്യാലയും ഫത്തേഗഡ് സാഹിബുമാണ് അകാലിദൾ ചുമതലക്കാരെ നിയമിക്കാത്ത മറ്റ് രണ്ട് സീറ്റുകൾ. ബതിന്ഡ എംപി ഹർസിമ്രത് കൗർ ബാദൽ തന്നെ അവരുടെ സീറ്റിന്റെ പ്രചാരണം കൈകാര്യം ചെയ്യും. മുൻ മന്ത്രി ജൻമേജ സിംഗ് സെഖോൻ പാർട്ടി മേധാവി സുഖ്ബീർ സിംഗ് ബാദൽ പ്രതിനിധീകരിക്കുന്ന ഫിറോസ്പൂർ കൈകാര്യം ചെയ്യും.
പ്രേം സിംഗ് ചന്ദുമജ്രയ്ക്ക് നേരത്തെ എംപിയായി പ്രതിനിധീകരിച്ച ആനന്ദ്പൂർ സാഹിബ് മണ്ഡലത്തിന്റെ പ്രചാരണ ചുമതലയാണ് ലഭിച്ചിരിക്കുന്നത്. പാർട്ടി എംഎൽഎ ഡോ. സുഖ്‌വീന്ദർ സുഖിയാണ് ജലന്ധർ സീറ്റിന്റെ ചുമതലക്കാരന്‍. മെയ് 10ന് ജലന്ധർ ലോക്‌സഭാ സീറ്റിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ അദ്ദേഹം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. മുൻ മന്ത്രി സിക്കന്ദർ സിംഗ് മലുക ഫരീദ്‌കോട്ടിന്റെ ചുമതലയും ബിക്രം സിംഗ് മജിതിയ ഖാദൂർ സാഹിബിന്റേയും പ്രചാരണം കൈകാര്യം ചെയ്യും.
മുൻ എം എൽ എ ഇക്ബാൽ സിംഗ് ജുന്ദനാണ് സംഗ്രൂരിന്റെ ചുമതല.പാർട്ടിയുടെ മറ്റൊരു ഹിന്ദു മുഖമായ മുൻ എംഎൽഎ എൻ കെ ശർമ്മ ലുധിയാന അർബന്റെ ചുമതലയും തിരത് സിംഗ് മഹ്ല ലുധിയാന റൂറലിന്റെ ചുമതലയും വഹിക്കും. കാർഷിക ബില്ലിനെ സംബന്ധിച്ചുള്ള തർക്കമായിരുന്നു അകാലിദളും ബി ജെ പിയും തമ്മിലുള്ള സഖ്യം വേർപിരിയാന്‍ കാരണം.
2022ലെ പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പിൽ ഇരു പാർട്ടികളും വെവ്വേറെ മത്സരിച്ചു. ബഹുജൻ സമാജ് പാർട്ടിയുമായി (ബിഎസ്പി) സഖ്യത്തിലേർപ്പെട്ടപ്പോള്‍ എസ്എഡി (സംയുക്ത്), മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്ങിന്റെ പഞ്ചാബ് ലോക് കോൺഗ്രസ് എന്നിവരുമായിട്ടായിരുന്നു ബി ജെ പിയുടെ സഖ്യം.
തിരഞ്ഞെടുപ്പില്‍ അകാലി ദള്‍ മൂന്ന് സീറ്റും ബിജെപി രണ്ട് സീറ്റും നേടി.












Click it and Unblock the Notifications