രാഹുലിനും പ്രിയങ്കയ്ക്കും മത്സരിക്കാന്‍ മടി: അമേഠിയിലും റായ്ബറേലിയും ആര്, സസ്പെന്‍സ്
ഡല്‍ഹി: കോണ്‍ഗ്രസിന്റെ നാലാം സ്ഥാനാർത്ഥി പട്ടിക ഇന്നലെ രാത്രിയോടെ പുറത്ത് വന്ന് കഴിഞ്ഞു. വാരണാസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അജയ് റായ് മത്സരിക്കും എന്നതാണ് പട്ടികയിലെ പ്രധാന പ്രഖ്യാപനം. ഉത്തർപ്രദേശ് പി സി സി അധ്യക്ഷനാണ് അജയ് റായ്. കഴിഞ്ഞ തവണയും മോദിയെ നേരിടാന്‍ അജയ് റായിയെയായിരുന്നു കോണ്‍ഗ്രസ് രംഗത്ത് ഇറക്കിയത്.
യുപിയിലെ തന്നെ അംഹോറയില്‍ നിന്നും ഡാനിഷ് അലി കോണ്‍ഗ്രസിന് വേണ്ടി മത്സരിക്കും. 2019 ലെ തിരഞ്ഞെടുപ്പില്‍ അംഹോറയില്‍ നിന്നും ബി എസ് പി ടിക്കറ്റില്‍ മത്സരിച്ച് വിജയിച്ച ഇദ്ദേഹം അടുത്തിടെയാണ് കോണ്‍ഗ്രില്‍ ചേർന്നത്. മധ്യപ്രദേശിലെ രാജ്ഗഡിൽ നിന്നും ദിഗ് വിജയ് സിങ്, തമിഴ്നാട്ടിലെ ശിവഗംഗയിൽ നിന്നും കാർത്തി ചിദംബരം, കന്യാകുമാരിയില്‍ വിജയ് വസന്ത് എന്നിങ്ങനെ 46 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്.

മധ്യപ്രദേശിലെ 12, ഉത്തർപ്രദേശിലെ 9, തമിഴ്‌നാട്ടിലെ 7, മഹാരാഷ്ട്രയിലെ 4, ഉത്തരാഖണ്ഡ്, രാജസ്ഥാൻ, മണിപ്പൂർ, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ 2 വീതവും പശ്ചിമ ബംഗാൾ, ആസാം, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, മിസോറാം, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലെ ഓരോ സീറ്റുകളും പട്ടികയില്‍ ഇടം പിടിച്ചു. ഇതോടെ ഏപ്രിൽ 19ന് ആരംഭിക്കുന്ന ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 183 സ്ഥാനാർത്ഥികളെ കോൺഗ്രസ് പ്രഖ്യാപിച്ചു.
നാലാം പട്ടകയില്‍ റായ്ബറേലിയും അമേഠിയും ഇടം പിടിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ലെന്നതാണ് ശ്രദ്ധേയം. നെഹ്റു കുടുംബത്തിന്റെ പരമ്പരാഗത മണ്ഡലമായ റായ്ബറേലിയിലും അമേഠിയിലും രാഹുലും പ്രിയങ്കയും മത്സരിക്കണമെന്നാണ് പാർട്ടി പ്രവർത്തകരുടെ ആവശ്യം. എന്നാല്‍ മത്സരത്തിനിറങ്ങാന്‍ ഇരുവർക്കും താല്‍പര്യമില്ലെന്നാണ് സൂചന. അമേഠി കഴിഞ്ഞ തവണ രാഹുല്‍ ഗാന്ധിയില്‍ നിന്നും സ്മൃതി ഇറാനി പിടിച്ചെടുത്തിരുന്നു.
റായ്ബറേലിയില്‍ നിന്നുള്ള സിറ്റിങ് എംപി കൂടിയായ സോണിയ ഗാന്ധി ഇത്തവണ മത്സരത്തിനില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പ്രിയങ്ക ഗാന്ധി എത്തിയില്ലെങ്കിൽ റായ്ബറേലിയും കൈവിട്ടുപോകുമെന്ന് യുപിയിലെ നേതാക്കളും പ്രവർത്തകരും ഒരുപോലെ ചൂണ്ടിക്കാണിക്കുന്നു. മുതിർന്ന നേതാക്കള്‍ മത്സരത്തിന്റെ കാര്യത്തില്‍ ഇരുവരിലും സമ്മർദ്ദം ചെലുത്തുന്നതായാണ് സൂചന. സിറ്റിങ് സീറ്റായ വയനാട്ടില്‍ നിന്നും രാഹുല്‍ ഗാന്ധി വീണ്ടും മത്സരിക്കുമെന്ന് കോണ്‍ഗ്രസ് നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്.












Click it and Unblock the Notifications