ലോക്സഭ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് 150 സീറ്റുകള്‍ പോലും നേടാനാവില്ല, തകർന്നടിയും: സഞ്ജയ് റാവത്ത്
മുംബൈ: വരാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപിക്ക് 150ൽ കൂടുതൽ സീറ്റുകൾ നേടാനാകില്ലെന്ന് ശിവസേന (യുബിടി) നേതാവും എംപിയുമായ സഞ്ജയ് റാവത്ത്. 2024 ല്‍ ദേശീയ തലത്തിലും സംസ്ഥാനത്തും അധികാരമാറ്റം ഉണ്ടാകും. ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 40ൽ അധികം ലോക്‌സഭാ സീറ്റുകൾ എംവിഎ സഖ്യം നേടുമെന്നും അദ്ദേഹം പറഞ്ഞു.
ബിഹാറിൽ 30-ലധികം സീറ്റുകളും പശ്ചിമ ബംഗാളിൽ 30-ലധികം സീറ്റുകളും കർണാടകയിൽ 25-ലധികം സീറ്റുകളും ഇന്ത്യ സഖ്യം നേടുമെന്നും റാവുത്ത് പറഞ്ഞു. "ഇപ്പോൾ, നിയമവിരുദ്ധവും അടിച്ചമർത്തുന്നതുമായ ഭരണമാണ് രാജ്യത്തുള്ളത്. ആ ഭരണം 2024 ൽ ജനങ്ങൾ അട്ടിമറിക്കപ്പെടും," അദ്ദേഹം പറഞ്ഞു.

എംവിഎ സഖ്യം ശക്തമാണ്. പലരും കരുതുന്നത് പോലെ ശരദ് പവാർ ഒരിക്കലും ബി ജെ പിയുമായി സഖ്യം ചേരില്ലെന്ന് താൻ വിശ്വസിക്കുന്നുവെന്നും ശിവസേന എംപി പറഞ്ഞു. കഴിഞ്ഞയാഴ്ച നടന്ന കൂടിക്കാഴ്ചയിൽ അജിത് പവാർ അമ്മാവൻ കൂടിയായ ശരദ് പവാറിന് കേന്ദ്രത്തിൽ കാബിനറ്റ് സ്ഥാനം വാഗ്ദാനം ചെയ്തതായി മുതിർന്ന കോൺഗ്രസ് നേതാവും മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയുമായ പൃഥ്വിരാജ് ചൗഹാൻ അവകാശപ്പെട്ടതിന് പിന്നാലെയാണ് റാവത്തിന്റെ പരാമർശം.
'ശരദ് പവാറിന് ഓഫറുകൾ നൽകാൻ അദ്ദേഹം അത്ര വലിയ നേതാവല്ല. അജിത് പവാറിനെ ഇന്നത്തെ അജിത് പവാറാക്കിയത് ശരദ് പവാറാണ്. 60 വർഷമായി രാഷ്ട്രീയത്തിൽ തുടരുകയും നാല് തവണ സംസ്ഥാന മുഖ്യമന്ത്രിയാകുകയും ചെയ്ത വലിയ നേതാവാണ് എൻസിപി മേധാവി' റാവത്ത് പറഞ്ഞു.
അതേസമയം, അടുത്ത വർഷം നടക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിലെ 48 ലോക്‌സഭാ സീറ്റുകളിൽ 40 മുതൽ 45 വരെ സീറ്റുകളിൽ മഹാ വികാസ് അഘാഡി സഖ്യം വിജയിക്കുമെന്ന സർവ്വേ റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. കോണ്‍ഗ്രസ് നടത്തിയ ആഭ്യന്തര സർവ്വേയിലാണ് ശിവസേന (യുബിടി), കോൺഗ്രസ്, ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപി എന്നീ മൂന്ന് പാർട്ടികള്‍ അടങ്ങിയ സംഖ്യത്തിന് വന്‍ വിജയം പ്രവചിക്കുന്നത്.
"ഞങ്ങളുടെ നിരീക്ഷകർ 48 ലോക്‌സഭാ മണ്ഡലങ്ങൾ നേരിട്ട് സന്ദർശിക്കുകയും നിലവിലെ രാഷ്ട്രീയ സാഹചര്യം അവലോകനം ചെയ്യുകയും ചെയ്തു. സാഹചര്യം ബിജെപി വിരുദ്ധമാണെന്നും എംവിഎ 40 മുതൽ 45 വരെ സീറ്റുകൾ നേടുമെന്നും അവർ വിലയിരുത്തുന്നു. ആ ലക്ഷ്യത്തിലേക്കുള്ള തയ്യാറെടുപ്പുകൾ ഞങ്ങൾ ആരംഭിച്ചിട്ടുണ്ട്, ബിജെപിക്കെതിരെ എല്ലാ രാഷ്ട്രീയ പാർട്ടികളുമായും ഞങ്ങൾ കൈകോർക്കും. എല്ലാ തലങ്ങളിലും ബിജെപിയെ തുരത്തുകയാണ് ഞങ്ങളുടെ ലക്ഷ്യം," സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ നാനാ പടോലെ പറഞ്ഞു.












Click it and Unblock the Notifications