ട്രാൻസ്ജെൻ്ററാണെന്ന് സ്വയം പ്രഖ്യാപിച്ചാൽ അംഗീകരിക്കില്ല; ട്രാൻജെൻഡർ ബിൽ പാസാക്കി ലോക്സഭ
ട്രാൻസ്ജെൻഡർ ഭേദഗതി ബിൽ പാസാക്കി ലോക്സഭ. പ്രതിപക്ഷ എതിർപ്പിനിടെ ശബ്ദ വോട്ടിലൂടെയാണ് ബിൽ പാസാക്കിയത്. ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ടവരുടെ സ്വയം നിർണ്ണയിക്കുന്ന ലിംഗ വ്യക്തിത്വത്തിനുള്ള അവകാശം എടുത്തുമാറ്റാനും, ജൈവപരമായോ ശാരീരികപരമായോ ഉള്ള പ്രത്യേകതകളുള്ളവരെയോ, സാമൂഹിക-സാംസ്കാരിക കൂട്ടായ്മകളിൽപ്പെട്ടവരെയോ മാത്രമായി ഈ നിയമത്തിൻ്റെ പരിധിയിൽ കൊണ്ടുവരാനും ലക്ഷ്യമിടുന്നതാണ് ബിൽ.
കോൺഗ്രസ്, ഡിഎംകെ, എൻസിപി, ശിവസേന (യുബിടി), ആർജെഡി, എസ്പി, എഐടിസി തുടങ്ങിയ പ്രതിപക്ഷ പാർട്ടികൾ ബില്ലിനെ എതിർത്തു. നാൽസ വിധി മുന്നോട്ടുവച്ച മനുഷ്യാന്തസ്സിന്റെ അടിസ്ഥാന തത്വങ്ങളെ ലംഘിക്കുന്നതാണ് ബിൽ എന്ന് പാർട്ടികൾ കുറ്റപ്പെടുത്തി. അതേസമയം ട്രാൻസ്‌ജെൻഡർ സമൂഹത്തിനു കൃത്യമായ സുരക്ഷയും ആനുകൂല്യങ്ങളും ഉറപ്പാക്കാനാണ് ഭേദഗതിയെന്ന് സർക്കാർ അവകാശപ്പെട്ടു. "ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് ഈ നിയമത്തിന്റെ ആനുകൂല്യങ്ങൾ ലഭിക്കുന്നുവെന്ന് ഉറപ്പാക്കാൻ, അവർക്ക് കൃത്യമായ ഒരു നിർവചനം നൽകേണ്ടത് ആവശ്യമാണ്; ഈ ആവശ്യം നിറവേറ്റാനാണ് ഈ ബിൽ കൊണ്ടുവന്നത്," മന്ത്രി വീരേന്ദ്ര കുമാർ പറഞ്ഞു. ബില്ലിൽ ഒരു മെഡിക്കൽ ബോർഡ് സ്ഥാപിക്കുന്നതിനുള്ള വ്യവസ്ഥയുണ്ടെന്നും ജില്ലാ മജിസ്‌ട്രേട്ടുമാർ ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് തിരിച്ചറിയൽ കാർഡുകൾ നൽകുമെന്നും അദ്ദേഹം വിശദീകരിച്ചു.

ചർച്ചയിൽ പങ്കെടുത്ത കോൺഗ്രസ് എംപി ജ്യോതിമണി ബില്ലിനെ ശക്തമായി വിമർശിച്ചു. ട്രാൻസ്ജെൻഡർ വ്യക്തികളുമായി കൂടിയാലോചന നടത്താതെയാണ് ബിൽ കൊണ്ടുവന്നതെന്നും ഇത് സർക്കാരിന്റെ "അശ്രദ്ധമായ" നിലപാടാണ് കാണിക്കുന്നതെന്നും അവർ പറഞ്ഞു. ഈ ബിൽ ഒരു പരിഷ്‌കരണമല്ലെന്നും ജ്യോതിമണി ഊന്നിപ്പറഞ്ഞു.ലിംഗ വ്യക്തിത്വം സ്വയം നിർണ്ണയത്തിന്റെ വിഷയമാണെന്ന് സുപ്രീം കോടതി വിധി അംഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ലിംഗ നിർണയത്തിനായി മെഡിക്കൽ ബോർഡിനെ കൊണ്ടുവരുന്നതിനേയും കോൺഗ്രസ് എംപി വിമർശിച്ചു. ഇത് ട്രാൻസ്ജെൻഡർ വ്യക്തിത്വത്തിന്റെ നിർവചനത്തെ ചുരുക്കുന്ന നടപടിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 'ഇത് ജനാധിപത്യമല്ല, മറിച്ച് മോദി സർക്കാരിന്റെ മുഖമുദ്രയായ അധികാരത്തിന്റെ കുത്തക സംഭാഷണമാണ്,' ജ്യോതിമണി ആരോപിച്ചു. ബിൽ സമഗ്രമായ കൂടിയാലോചനകൾക്കായി ഒരു സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് വിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ട്രാൻസ്ജെൻഡർ വ്യക്തികളുടെ ക്ഷേമത്തിനാണ് ബിൽ എന്ന് സർക്കാർ അവകാശപ്പെടുന്നുണ്ടെങ്കിൽ, എന്തുകൊണ്ടാണ് അവർ തെരുവുകളിൽ ബില്ലിനെതിരെ പ്രതിഷേധിക്കുന്നതെന്ന് നിയമനിർമ്മാണത്തെ എതിർത്ത് സമാജ്‌വാദി പാർട്ടി എംപി ആനന്ദ് ഭദൗരി ചോദിച്ചു. ട്രാൻസ്ജെൻഡർ വ്യക്തികളെ അവരുടെ വ്യക്തിത്വത്തിനായി ക്യൂവിൽ നിർത്താനാണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ബിൽ ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് പരിമിതമായ നിർവചനമാണ് നൽകുന്നതെന്നും "ഇത് ന്യായീകരിക്കാനാവാത്ത ഒഴിവാക്കലാണെന്നും അദ്ദേഹം പറഞ്ഞു. ബിൽ ഭരണഘടനാ തത്വങ്ങളെ അടിസ്ഥാനമാക്കിയുള്ളതല്ലെന്നും അദ്ദേഹം വിമർശിച്ചു. സ്വയം നിർണ്ണയത്തിനുള്ള അവകാശത്തിൽ സർക്കാർ ഇടപെടുന്നതിനെ ഡിഎംകെയിലെ ടി. സുമതിയും ശക്തമായി വിമർശിച്ചു. "ഈ സർക്കാർ ട്രാൻസ്ജെൻഡർ സമൂഹത്തെ തിരുത്തപ്പെടേണ്ട വ്യക്തികളായി കണക്കാക്കുന്നു, ഇത് അങ്ങേയറ്റം അപലപനീയമാണ്. ഡിഎംകെ ഈ ബിൽ തള്ളിക്കളയുന്നു," അവർ പറഞ്ഞു.












Click it and Unblock the Notifications