ലോക്‌സഭയില്‍ മുഴങ്ങി മോദി വിളികള്‍, തിരഞ്ഞെടുപ്പ് ജയിച്ചതിന് ബിജെപിയുടെ ആഹ്ലാദം പാര്‍ലമെന്റില്‍
ദില്ലി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ നാലിലും ഗംഭീര വിജയം നേടിയ ബിജെപി വിജയം ആഘോഷിച്ച് മോദി വിളികളോടെ. ഇന്ന് ലോക്‌സഭയിലാണ് മോദി വിളികള്‍ പാര്‍ലമെന്റ് അംഗങ്ങളില്‍ നിന്നുണ്ടായത്. ബജറ്റ് സെഷന്റെ രണ്ടാം പാതിയില്‍ പ്രധാനമന്ത്രി പാര്‍ലമെന്റില്‍ പ്രവേശിച്ചതിന് പിന്നാലെയായിരുന്നു ഈ വിളികള്‍ ഉയര്‍ന്നത്. ഓസ്ട്രിയന്‍ പ്രതിനിധി സംഘവും ഈ സമയം പാര്‍ലമെന്റിലുണ്ടായിരുന്നു. ലോക്‌സഭയില്‍ സ്ഥിരമായി ഇരിക്കുന്ന സീറ്റിലാണ് മോദി ഇന്നും ഇരുന്നത്. പാര്‍ലമെന്റ് അംഗങ്ങള്‍ മോദി വിളികള്‍ മുഴക്കുമ്പോള്‍ അദ്ദേഹം ഇരിക്കുന്നത് വീഡിയോയില്‍ കാണാം.

എംപിമാര്‍ ബെഞ്ചില്‍ അടിച്ച് മോദി, മോദി വിളികള്‍ മുഴക്കുന്നത് അദ്ദേഹം നിശബ്ദനായി നോക്കുന്നുണ്ട്. അഞ്ചില്‍ നാല് സംസ്ഥാനങ്ങളും വിജയിപ്പിച്ചത് മോദിയുടെ ക്രെഡിറ്റാണെന്ന് കൂടിയാണ് എംപിമാര്‍ വിശ്വസിക്കുന്നുണ്ട്. അതാണ് ഇത്ര ആവേശത്തോടെ പ്രധാനമന്ത്രിയെ ബിജെപിയുടെ അംഗങ്ങള്‍ വരവേറ്റത്. കേന്ദ്ര മന്ത്രിമാരായ അമിത് ഷായും രാജ് നാഥ് സിംഗും ഇവരുടെ ഈ സ്വാഗതിനൊപ്പം ചേരുന്നതും വീഡിയോയില്‍ കാണാം. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും മറ്റ് പ്രതിപക്ഷ നേതാക്കളും ഈ സമയം പാര്‍ലമെന്റിലുണ്ടായിരുന്നു. സ്പീക്കര്‍ ഓം ബിര്‍ള ഈ പ്രകടനത്തില്‍ ചിരിക്കുന്നതും വീഡിയോയില്‍ കാണാം.
പ്രധാനമന്ത്രി ലോക്‌സഭയില്‍ വന്നതിന് പിന്നാലെ ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള എംപിമാരോട് ഓസ്ട്രിയയില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗങ്ങള്‍ ഇവിടെ എത്തിയിട്ടുണ്ടെന്ന് അറിയിക്കുകയായിരുന്നു. ഇവര്‍ പ്രത്യേക സ്ഥലത്ത് ഇരുന്നാണ് സഭാ നടപടികള്‍ വീക്ഷിച്ചത്. ആഹ്ലാദ പ്രകടനവും മോദി വിളികളും അവസാനിച്ചതോടെ സ്പീക്കര്‍ ഓസ്ട്രിയന്‍ സംഘടത്തെ സ്വാഗതം ചെയ്തു. ഇവര്‍ ചതുര്‍ദിന സന്ദര്‍ശനത്തിനായിട്ടാണ് ഇന്ത്യയിലെത്തിയത്. നേരത്തെ പ്രവചനങ്ങളെയെല്ലാം കാറ്റില്‍ പറത്തിയായിരുന്നു നാലിടത്തും ബിജെപി ജയിച്ചത്. എല്ലായിടത്തും സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ശ്രമങ്ങളും തുടങ്ങി കഴിഞ്ഞു. പഞ്ചാബില്‍ എഎപിയാണ് വിജയിച്ചത്.
അതേസമയം ബിജെപിയുടെ പാര്‍ലമെന്ററി പാര്‍ട്ടി യോഗം നാളെ നടക്കുന്നുണ്ട്. ഈ ആവേശവും മുദ്രാവാക്യം വിളികളും നാളെയും തുടരുമെന്ന് വ്യക്തമാണ്. ഈ യോഗത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലെയും എംപിമാരെ പ്രധാനമന്ത്രി നരേന്ദ്ര മോദി നരേന്ദ്ര മോദി അഭിസംബോധന ചെയ്യും.












Click it and Unblock the Notifications