ഗ്യാസ് പ്രതിസന്ധിയില്‍ കോളടിച്ചത് റെഡി-ടു-കുക്ക് വിഭവങ്ങള്‍ക്ക്; ഇന്‍ഡക്ഷന്‍ സ്റ്റൗവിനും ഡിമാന്‍ഡ്
മുംബൈ: പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യത്തെ തുടര്‍ന്ന് ഗ്യാസ് വിതരണം തടസപ്പെട്ടതോടെ ഇന്ത്യന്‍ അടുക്കളകളില്‍ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. പ്രത്യേകിച്ച് വീട് വിട്ട് അന്യദേശങ്ങളില്‍ താമസിക്കുന്നവരാണ് ഏറ്റവും ബുദ്ധിമുട്ടുന്നത്. ഹോട്ടലുകളെ ആശ്രയിച്ച് ഭക്ഷണം കഴിക്കുന്നവരും ഏറെ ബുദ്ധിമുട്ടിലാണ്. ഗ്യാസ് സിലിണ്ടറുകള്‍ കിട്ടാതായതോടെ ബദല്‍ മാര്‍ഗങ്ങള്‍ തേടുകയാണ് ജനം. നാട്ടിന്‍പുറങ്ങളില്‍ ആളുകള്‍ വിറകടുപ്പുകളിലേക്കു തിരിഞ്ഞെങ്കിലും പട്ടണങ്ങളില്‍ ഇതു പ്രായോഗികമല്ല. ഈ പ്രതിസന്ധിയില്‍ നഗരത്തിലുള്ളവര്‍ക്ക് ആശ്രയം ഇന്‍ഡക്ഷന്‍ സ്റ്റൗവാണ്.
ഇന്ത്യയില്‍ ഇന്‍ഡക്ഷന്‍ സ്റ്റൗവുകള്‍ക്കും പാകം ചെയ്യാന്‍ എളുപ്പമുള്ള റെഡി-ടു-കുക്ക് ഭക്ഷണ സാധനങ്ങള്‍ക്കും വിപണിയില്‍ ആവശ്യക്കാര്‍ അനുദിനം കൂടിവരികയാണ്. അമേരിക്ക-ഇസ്രായേല്‍ സഖ്യവും ഇറാനും തമ്മിലുള്ള യുദ്ധം മൂന്നാം വാരത്തിലേക്ക് കടന്നതോടെ എണ്ണക്കപ്പലുകളുടെ യാത്ര തടസപ്പെട്ടതാണ് ഇന്ത്യന്‍ വിപണിയില്‍ ഇന്‍ഡക്ഷന്‍ സ്റ്റൗവുകളുടെ ഡിമാന്‍ഡ് വര്‍ധിപ്പിച്ചത്. ഭാവിയില്‍ സിലിണ്ടറുകള്‍ക്ക് കടുത്ത ക്ഷാമം നേരിടുമെന്ന ഭീതിയിലാണ് ഉപഭോക്താക്കള്‍ ഇലക്ട്രിക് ഉപകരണങ്ങളിലേക്കു മാറുന്നത്.

രാജ്യത്തെ പ്രമുഖ റീട്ടെയില്‍ സ്ഥാപനങ്ങളില്‍ ഇന്‍ഡക്ഷന്‍ കുക്ക്‌ടോപ്പുകള്‍ക്കും മറ്റ് ഇലക്ട്രിക് പാചക ഉപകരണങ്ങള്‍ക്കും കഴിഞ്ഞ ദിവസങ്ങളില്‍ വലിയ ഡിമാന്‍ഡാണ് അനുഭവപ്പെട്ടത്. ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് തുടങ്ങിയ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ ഇത്തരം ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന കുതിച്ചുയര്‍ന്നപ്പോള്‍, ബ്ലിങ്കിറ്റ്, ഇന്‍സ്റ്റാമാര്‍ട്ട്, സെപ്‌റ്റോ തുടങ്ങിയ ക്വിക്-കൊമേഴ്സ് പ്ലാറ്റ്ഫോമുകളില്‍ പല നഗരങ്ങളിലും ഇന്‍ഡക്ഷന്‍ സ്റ്റൗവുകള്‍ സ്റ്റോക്ക് തീര്‍ന്ന അവസ്ഥയിലാണ്. ഉപഭോക്താക്കളുടെ വര്‍ധിച്ച ആവശ്യം പരിഗണിച്ച് വിതരണക്കാരുമായി ചേര്‍ന്ന് കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് പ്രമുഖ വ്യാപാര സ്ഥാപനങ്ങള്‍.
ഇതിനൊപ്പം തന്നെ റെഡി-ടു-കുക്ക്, റെഡി-ടു-ഈറ്റ് ഭക്ഷണ വിഭാഗത്തിലും വലിയ തോതിലുള്ള വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്. ബിരിയാണി കിറ്റുകള്‍, റൈസ് മിക്‌സുകള്‍, വിവിധതരം ഗ്രേവികള്‍ എന്നിവയുടെ വില്‍പ്പനയില്‍ വന്‍ വര്‍ധനയാണ് ഉണ്ടായത്. പാചകവാതകത്തിന്റെ ഉപയോഗം കുറയ്ക്കാനായി ആളുകള്‍ ഇന്‍ഡക്ഷന്‍ സ്റ്റൗവുകളിലേക്ക് മാറുമ്പോള്‍, അതില്‍ വേഗത്തിലും എളുപ്പത്തിലും പാകം ചെയ്യാവുന്ന ഭക്ഷണ സാധനങ്ങളാണ് ആളുകള്‍ തിരഞ്ഞെടുക്കുന്നത്. വരും മാസങ്ങളിലും 50 മുതല്‍ 100 ശതമാനം വരെ കൂടുതല്‍ ആവശ്യക്കാരുണ്ടാകുമെന്നാണ് ഈ മേഖലയിലെ വിദഗ്ധരുടെ കണക്കുകൂട്ടല്‍.
അതേസമയം, പാചകവാതക വിതരണം സാധാരണ നിലയിലാക്കാനുള്ള ശ്രമങ്ങളും സജീവമാണ്. ഇന്ത്യയിലേക്കുള്ള രണ്ട് എല്‍പിജി കപ്പലുകളെ ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകാന്‍ ഇറാന്‍ അനുവദിച്ചിട്ടുണ്ട്. ശിവാലിക്, നന്ദാദേവി എന്നീ കപ്പലുകള്‍ ഇന്ത്യന്‍ തീരത്തേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. ഏകദേശം 46,000 മെട്രിക് ടണ്‍ ഇന്ധനവുമായി എത്തുന്ന ശിവാലിക് കപ്പല്‍ മുന്ദ്ര തുറമുഖത്ത് എത്തുന്നതോടെ വിപണിയിലെ താല്‍ക്കാലിക ക്ഷാമത്തിന് ഒരു പരിധി വരെ ശമനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.












Click it and Unblock the Notifications