പാചകവാതകത്തിലും കേന്ദ്രത്തിന്റെ ഇരുട്ടടി; സിലിണ്ടറിന് 50 രൂപ കൂടും, ഏപ്രിൽ 8 മുതൽ പ്രാബല്യത്തിൽ
ന്യൂഡൽഹി: രാജ്യത്ത് ഗാർഹിക ഉപയോഗത്തിനുള്ള പാചകവാതക വില വർധിച്ചു. സബ്‌സിഡിയുള്ളതും സബ്‌സിഡിയില്ലാത്തതുമായ ഉപഭോക്താക്കൾക്ക് എൽപിജി സിലിണ്ടറുകളുടെ വില 50 രൂപ വർധിപ്പിച്ചതായി കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരിയാണ് പ്രഖ്യാപിച്ചത്. പ്രധാൻ മന്ത്രി ഉജ്ജ്വല യോജന (പിഎംയുവൈ) ഗുണഭോക്താക്കൾക്കും ഗുണഭോക്താക്കൾ അല്ലാത്തവർക്കും ഈ നിരക്ക് വർധന ബാധകമാണ്.
ഏപ്രിൽ 8 മുതൽ പുതുക്കിയ വിലകൾ പ്രാബല്യത്തിൽ വരും. പിഎംയുവൈ ഗുണഭോക്താക്കൾക്ക് സിലിണ്ടറിന് 500 രൂപയിൽ നിന്ന് 550 രൂപയായും മറ്റ് ഉപഭോക്താക്കൾക്ക് ഇത് 803 രൂപയിൽ നിന്ന് 853 രൂപയായും ഉയരുമെന്നാണ് മന്ത്രി അറിയിച്ചത്. രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധനവ് നടപ്പായതിന് പിന്നാലെയാണ് കേന്ദ്ര നടപടി.

പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ വർധന ഉപഭോക്താക്കളെ ഭാരപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതല്ലെന്നും പകരം, സബ്‌സിഡിയുള്ള ഗ്യാസ് വില കാരണം എണ്ണ വിപണന കമ്പനികൾക്കുണ്ടായ 43,000 കോടി രൂപയുടെ നഷ്‌ടം നികത്താൻ സഹായിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യമെന്നും ഹർദീപ് സിംഗ് പുരി വ്യക്തമാക്കി.
എണ്ണ വിപണന കമ്പനികൾ 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 41 രൂപ കുറച്ചതിന് തൊട്ടുപിന്നാലെയാണ് ഈ പുതിയ നീക്കം. പുതുക്കലിനെത്തുടർന്ന്, ഡൽഹിയിൽ വാണിജ്യ എൽപിജിയുടെ പുതുക്കിയ ചില്ലറ വിൽപ്പന വില 1762 രൂപയായി മാറി. മാർച്ച് 1ന് പ്രധാന നഗരങ്ങളിൽ ഒഎംസികൾ വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 6 രൂപ വർധിപ്പിച്ചിരുന്നു.
അതേസമയം, പെട്രോളിന്റെ എക്സൈസ് തീരുവ ലിറ്ററിന് 13 രൂപയായും ഡീസലിന്റേത് ലിറ്ററിന് 10 രൂപയായും വർധിപ്പിച്ചതായി നേരത്തെ പുറത്തുവിട്ട ഔദ്യോഗിക ഉത്തരവിൽ പറഞ്ഞിരുന്നു. തീരുവ വർധനവ് 2025 ഏപ്രിൽ 8 മുതൽ പ്രാബല്യത്തിൽ വരുമെന്നാണ് അതിൽ പറയുന്നത്. ഇതിന് പിന്നാലെയാണ് പാചകവാതക വിലയിലും വർധന ഉണ്ടായിരിക്കുന്നത്.
അതേസമയം, നികുതിയിലെ ഏതൊരു മാറ്റവും സാധാരണയായി ഉപഭോക്താക്കളെ ബാധിക്കാറുണ്ടെങ്കിലും അന്താരാഷ്ട്ര എണ്ണവിലയിലുണ്ടായ ഇടിവിനെത്തുടർന്ന് ചില്ലറ വിൽപ്പന വിലയിലുണ്ടായ കുറവിന് എക്സൈസ് നികുതി വർധനവ് ഒരു തിരിച്ചടിയാകുമെന്നതിനാൽ പെട്രോളിന്റെയും ഡീസലിന്റെയും ചില്ലറ വിൽപ്പന വിലയിൽ മാറ്റമുണ്ടാകില്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.












Click it and Unblock the Notifications