ലുലു ഗ്രൂപ്പിന് മുന്നിലെ എല്ലാ തടസ്സങ്ങളും നീങ്ങി: നവംബർ 14 ന് വിശാഖപ്പട്ടണത്തെ പുതിയ മാളിന് തറക്കല്ലിടും
വിശാഖപട്ടണം: ലുലു ഗ്രൂപ്പ് വിശാഖപട്ടണത്ത് നിർമ്മിക്കുന്ന പുതിയ മാളിന്‍റെ ശിലാസ്ഥാപനം മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു നിർവഹിക്കും. സി ഐ ഐ നേതൃത്വം നൽകുന്ന പങ്കാളിത്ത ഉച്ചകോടിയോടനുബന്ധിച്ച് നവംബർ 14, 15 തീയതികളിൽ വിശാഖപട്ടണത്ത് നടക്കുന്ന ചടങ്ങില്‍വെച്ചായിരിക്കും ശിലാസ്ഥാപനം നടത്തുക. സർക്കാർ ഭൂമി ഏറ്റെടുത്ത് വീണ്ടും അനുവദിച്ചതിന് പിന്നാലെയാണ് ശിലാസ്ഥാപനവും തീരുമാനിച്ചിരിക്കുന്നത്.
ഹൈപ്പർമാർക്കറ്റ്, അമ്യൂസ്മെന്റ് പാർക്ക്, എട്ട് സ്ക്രീൻ മൾട്ടിപ്ലെക്സ്, ഫുഡ് കോർട്ട് എന്നിവ ഉൾപ്പെടുന്ന മാളിന്റെ മൊത്തം നിർമാണ വിസ്തൃതി 13.5 ലക്ഷം ചതുരശ്ര അടിയായിരിക്കും. പദ്ധതി 5000 മുതൽ 8000 വരെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ. 2019-ൽ മുൻ വൈ എസ് ആർ കോണ്‍ഗ്രസ് സർക്കാർ റദ്ദാക്കിയ അനുമതി 2025 ജൂലൈയിൽ ചന്ദ്രബാബു നായിഡു സർക്കാർ പുനഃസ്ഥാപിച്ചതോടെയാണ് പദ്ധതിക്ക് വീണ്ടും ജീവന്‍ വെച്ചത്.

സ്വന്തം മുന്നണിയില്‍ നിന്ന് തന്നെ എതിർപ്പ് ഉയർന്നിട്ടും ലുലു ഗ്രൂപ്പിന്‍റെ പദ്ധതികളുമായി മുന്നോട്ട് പോകാനുള്ള ഉറച്ച തീരുമാനം ചന്ദ്രബാബു നായിഡു എടുത്തതിന്‍റെ ഫലം കൂടിയായിട്ടാണ് ശിലാസ്ഥാപനം വേഗത്തില്‍ നടക്കുന്നത്. ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍ മന്ത്രിസഭ യോഗത്തില്‍ ലുലു വിഷയത്തില്‍ നിശിതമായ വിമർശനം ഉയത്തിയെങ്കിലും ലുലു ഗ്രൂപ്പിന് ഭൂമി അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് സർക്കാർ വൈകാതെ തന്നെ പുറത്തിറക്കുകയായിരുന്നു.
കഴിഞ്ഞ മാസം യു എ ഇയില്‍ എത്തിയ ചന്ദ്രബാബു നായിഡു ലുലു ഗ്രൂപ്പ് ചെയർമാന്‍ എംഎ യൂസഫലിയുമായി കൂടിക്കാഴ്ച നടത്തി. വിശാഖപട്ടണത്തെ മാള്‍ 2028 ല്‍ പ്രവർത്തന സജ്ജമാകുമെന്ന ഉറപ്പായിരുന്നു കൂടിക്കാഴ്ചയില്‍ എംഎ യൂസഫലി ചന്ദ്രബാബു നായിഡുവിന് നല്‍കിയത്. അതോടൊപ്പം വിജയവാഡയിലെ ഭക്ഷ്യസംരക്ഷണ കേന്ദ്രം അടുത്ത വർഷം ആദ്യം തന്നെ തുറക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയപ്പോള്‍ ലുലുവിന്റെ പദ്ധതികള്‍ക്കായുള്ള എല്ലാവിധ പിന്തുണ തുടരുമെന്ന ഉറപ്പ് ചന്ദ്ര ബാബു നായിഡു ആവർത്തിച്ചു.
ലുലുവിന്‍റെ ശിലാസ്ഥാപനത്തോടൊപ്പം തന്നെ മറ്റ് വന്‍കിട പദ്ധതികള്‍ക്കായി സർക്കാർ കരാറിലേർപ്പെടും. റിയൽ എസ്റ്റേറ്റ്, ഐ.ടി. സേവനങ്ങൾ, സാമൂഹിക ഇടപെടൽ കൺസൾട്ടിംഗ് മേഖലകളിൽ പ്രവർത്തിക്കുന്ന ബെംഗളൂരു ആസ്ഥാനമായുള്ള സത്വ ഗ്രൂപ്പ്, വിശാഖപട്ടണത്തെ 30 ഏക്കർ പദ്ധതിക്കായി ആന്ധ്രപ്രദേശ് സർക്കാരുമായി എം.ഒ.യു. ഒപ്പിടും. ഉച്ചകോടിയിൽ തന്നെ ഇത് ഔപചാരികമായി നടപ്പിലാക്കും.
ഗ്ലോബൽ കപ്പാസിറ്റി സെന്ററുകൾ (ജി സി സി ) സ്ഥാപിക്കുന്നതിൽ വിദഗ്ധരായ ബെംഗളൂരു കമ്പനി എ എൻ എസ് ആർ സംസ്ഥാന സർക്കാരുമായി എം ഒ യു ഒപ്പിടും. ടാലന്റ് റിക്രൂട്ട്മെന്റ്, വർക്ക്സ്പേസ് സൊല്യൂഷൻസ്, ബിസിനസ് ഓപ്പറേഷൻസ് എന്നിവയിൽ സഹായം നൽകുന്ന കമ്പനിയാണ് ഇത്. അതോടൊപ്പം തന്നെ ഐ.ടി. മന്ത്രി നര ലോകേഷ് ഉദ്ഘാടനം ചെയ്യുന്ന ടാറ്റ കൺസൾട്ടൻസി സർവീസസിന്റെ (ടി.സി.എസ്.) പുതിയ ഡെലിവറി സെന്റർ റുഷികൊണ്ട സ്പെഷ്യൽ ഇക്കണോമിക് സോണിലെ മില്ലേനിയം ടവേഴ്സിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കും. 80 കോടി രൂപയുടെ പ്രാരംഭ നിക്ഷേപത്തോടെ 2,000 പ്രൊഫഷണലുകൾക്ക് തൊഴിലവസരം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
വിശാഖപട്ടണം ആസ്ഥാനമായുള്ള കൺസോർഷ്യം ഓസ്ട്രേലിയൻ സംരംഭകരുമായി ചേർന്ന് അരകു വാലി, ലംബസിംഗി, ബാപട്ല ജില്ലയിലെ സൂര്യലങ്ക ബീച്ച് എന്നിവിടങ്ങളിൽ ആധുനിക കാരവൻ പാർക്കുകൾ വികസിപ്പിക്കും. പൊതു-സ്വകാര്യ പങ്കാളിത്ത (പി പി പി) മോഡലിൽ ആന്ധ്രപ്രദേശ് ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷനുമായി (എ പി ടി ഡി സി) സഹകരിച്ചായിരിക്കും പദ്ധതി പ്രാവർത്തികമാക്കുക.












Click it and Unblock the Notifications