ഇഎംഎസിന് ശേഷം എംഎ ബേബി: സിപിഎം ജനറല്‍ സെക്രട്ടറിയാകുന്ന മലയാളി
മധുര: എംഎ ബേബി സി പി എമ്മിന്റെ പുതിയ ജനറല്‍ സെക്രട്ടറി. എംഎ ബേബിയെ സിപിഎം ജനറൽ സെക്രട്ടറിയ്ക്കാനുള്ള ശുപാര്‍ശ പോളിറ്റ് ബ്യൂറോ അംഗീകരിച്ചു. ബംഗാള്‍ ഘടകം ബേബി ജനറല്‍ സെക്രട്ടറിയാകുന്നതിന് എതിരായി രംഗത്ത് വന്നിരുന്നെങ്കിലും ഭൂരിപക്ഷ നിലപാട് അദ്ദേഹത്തിന് അനുകൂലമാകുകയായിരുന്നു. ബംഗാള്‍ നേതാക്കള്‍ വോട്ടെടുപ്പ് ആവശ്യപ്പെടാത്തതിനാല്‍ പുതിയ കേന്ദ്ര കമ്മിറ്റി യോഗത്തിൽ ജനറൽ സെക്രട്ടറി തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പുണ്ടാകില്ല.
ഇ എം എസിന് ശേഷം സി പി എം ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എത്തുന്ന ആദ്യ മലയാളിയാണ് എംഎ ബേബി. ഞായറാഴ്ച രാവിലെ ചേർന്ന പിബി യോഗത്തിലാണ് എംഎ ബേബിയുടെ പേര് അന്തിമമായി അംഗീകരിച്ചത്. കേന്ദ്ര കമ്മിറ്റി യോഗത്തിൽ എംഎ ബേബിയുടെ പേര് അംഗീകരിച്ചശേഷം ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. പിബിയിലെ സീനിയോറിറ്റി കൂടി പരിഗണിച്ചായിരുന്നു ബേബിയെ പാർട്ടി കോ-ഓർഡിനേറ്റർ പ്രകാശ് കാരാട്ട് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് നിർദേശിച്ചത്.

കേരള ഘടകവും മറ്റ് സംസ്ഥാനങ്ങളും ഇതിനെ അനുകൂലിച്ചപ്പോള്‍ ബംഗാളിൽനിന്നുള്ള അംഗങ്ങളായ സൂര്യകാന്ത മിശ്ര, നിലോൽപൽ ബസു, മുഹമ്മദ് സലീം, രാമചന്ദ്ര ഡോം, മഹാരാഷ്ട്രയില്‍ നിന്നുള്ള അശോക് ധാവ്ളെ എന്നിവർ എതിർസ്വരം ഉയർത്തി. അശോഖ് ധാവ്ളെയുടെ പേര് ബംഗാള്‍ ഘടകം മുന്നോട്ട് വെച്ചപ്പോള്‍ ധാവ്ളെയാകട്ടെ മുഹമ്മദ് സലീമിനേയും നിർദേശിച്ചു. എന്നാല്‍ ജനറല്‍ സെക്രട്ടറിയാകാനില്ലെന്നായിരുന്നു മുഹമ്മദ് സലീമിന്റെ നിലപാട്.
എംഎ ബേബി
1954 ഏപ്രിൽ 5-ന് കൊല്ലം ജില്ലയിലെ പെരുമ്പുഴയിൽ ജനിച്ച എംഎ ബേബി വിദ്യാർത്ഥിയായിരിക്കുമ്പോള്‍ തന്നെ സജീവ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചു. യൂണിവേഴ്സിറ്റി കോളേജിൽ പഠിക്കുമ്പോൾ എസ് എഫ് ഐയുടെ സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 1977 ല്‍ പാർട്ടി കൊല്ലം ജില്ലാ കമ്മിറ്റിയംഗവും 1979 ല്‍ എസ് എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു.
1983 ല്‍ ഡി വൈ എഫ് ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി, 1984 ല്‍ സി പി എം സംസ്ഥാന സമിത അംഗം, 1987 ല്‍ ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ്, 1989 ല്‍ സി പി എം കേന്ദ്രക്കമ്മറ്റി അംഗം, 1997 ല്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, 2002 ല്‍ ആലപ്പുഴ ജില്ലാ സെക്രട്ടറി, 2012 ല്‍ പൊളിറ്റ് ബ്യൂറോ അംഗ തുടങ്ങിയ പദവികളും അദ്ദേഹത്തെ തേടിയെത്തി.
2006, 2011 നിയമസഭ തിരഞ്ഞെടുപ്പുകളില്‍ കുണ്ടറ നിയമസഭ മണ്ഡലത്തില്‍ നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എം എ ബേബി 2006 ലെ അച്യുതാനന്ദൻ മന്ത്രിസഭയിൽ വിദ്യാഭ്യാസ- സാസ്കാരിക വകുപ്പ് മന്ത്രിയായിരുന്നു. 1986 ലും 1992 ലും രാജ്യസഭാംഗമായി. 32-ആം വയസ്സിൽ രാജ്യസഭാംഗമായ ബേബി രാജ്യസഭയിലേക്കു തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തികളില്‍ ഒരാളുമായിരുന്നു. 2014 ലെ തിരഞ്ഞെടുപ്പില്‍ കൊല്ലം ലോക്സഭ മണ്ഡലത്തില്‍ നിന്നും ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
അതേസമയം, മലയാളിയും കിസാൻസഭ ജനറൽ സെക്രട്ടറിയുമായ വിജു കൃഷ്ണൻ, അരുൺകുമാർ (ആന്ധ്രാപ്രദേശ്), യു. വാസുകി (തമിഴ്‌നാട്), മറിയം ധാവ്‌ളെ (മഹാരാഷ്ട്ര), ജിതേന്ദ്ര ചൗധരി (ത്രിപുര) തുടങ്ങിയവരെ പുതുതായി പിബിയിലെടുക്കാനും തീരുമാനമായിട്ടുണ്ട്. പ്രായപരിധി ഇളവോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ പിബിയിലും പികെ ശ്രീമതിയും മുഹമ്മദ് യൂസുഫ് തരിഗാമി കേന്ദ്ര കമ്മിറ്റിയിലും തുടരും.












Click it and Unblock the Notifications